ചില അപ്രതീക്ഷിത സംഭവങ്ങൾക്കു മുമ്പിൽ കുലുങ്ങാതെ നില്ക്കുന്ന ചില മനുഷ്യരെ കണ്ടിട്ടില്ലേ? മരണം, അപകടം എന്നിങ്ങനെയുള്ളവയ്ക്കു മുമ്പിൽ സാധാരണക്കാർ പകച്ചുനില്ക്കുമ്പോൾ ഇക്കൂട്ടർ ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്നും അല്ലെങ്കിൽ അതിനുംമീതെ നില്ക്കാൻ കരുത്തുള്ളവരാണെന്നുമുള്ള മട്ടിലാണ് പെരുമാറുന്നത്. അത്തരക്കാരെ നോക്കി നാംപറയും ആളെന്തൊരു സ്ട്രോങാണ്!
വൈകാരികമായ സ്ഥിരതയുള്ള വ്യക്തികളെയാണ് പൊതുവെ സ്ട്രോംങ് പേഴ്സണാലിറ്റി എന്ന് വിശേഷിപ്പിക്കുന്നത്. എന്തൊക്കെയാണ് ഇക്കൂട്ടരുടെ പൊതുപ്രത്യേകതകൾ എന്നു നോക്കാം.
- തങ്ങളുടെ വൈകാരികാവസ്ഥ അവർ പുറമേയ്ക്ക് കാണിക്കുകയില്ല. ഒച്ചവയ്ക്കുകയോ അലറി വിളിക്കുകയോ ഇല്ല. സങ്കടങ്ങൾ പുറമേയ്ക്ക് പ്രകടിപ്പിക്കുകയുമില്ല. സ്വന്തം മുറിയിലെത്തി അവർ കരഞ്ഞേക്കാം. അല്ലെങ്കിൽ ബാത്ത് റൂമിൽ കയറി ടാപ്പ് തുറന്ന് ശബ്ദമുണ്ടാക്കി കരഞ്ഞേക്കാം. അതിനപ്പുറമുളള വികാരപ്രകടനങ്ങൾ അവരിൽ നിന്ന് പുറത്തേക്ക് വരില്ല.
- മറ്റുള്ളവരുടെ പ്രശംസയ്ക്കും കൈയടികൾക്കും വേണ്ടി അവർ കാത്തുനില്ക്കുകയില്ല. ആരുടെയും ശ്രദ്ധയോ പരിഗണനയോ അവർ യാചിക്കുകയുമില്ല. നിശ്ശബ്ദമായി തന്റെ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നവരാണ് അവർ.
- മറ്റുള്ളവരുടെ വികാരം മനസ്സിലാക്കാനും അതനുസരിച്ച് പെരുമാറാനും അവർക്ക് സിദ്ധിയുണ്ട്. അന്യരുടെ സങ്കടങ്ങളിൽ ചേർന്നുനില്ക്കാനും സഹായിക്കാനും അവർ സന്നദ്ധരാണ്.
- കണ്ടുമുട്ടുന്ന ഓരോ വ്യക്തിയെയും അവർ ബഹുമാനിക്കും. പ്രായഭേദമോ ലിംഗഭേദമോ അതിന് അടിസ്ഥാനമല്ല അവർ തങ്ങളുടെ പ്രവൃത്തികൊണ്ടും പെരുമാറ്റം കൊണ്ടും ഇടപെടലുകൾ കൊണ്ടും മറ്റുള്ളവർക്ക് പ്രചോദനമായിരിക്കും. സുഹൃത്തുക്കളെ അവർ പ്രോത്സാഹിപ്പിക്കും. സങ്കടപ്പെടുന്നവരെ ആശ്വസിപ്പിക്കും.
- ഏതുകാര്യത്തിനും സന്നദ്ധരായിരിക്കും. പ്രയാസമേറിയ കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയില്ല. കുറെക്കഴിയുമ്പോൾ കഠിനമായതും ഈസിയായി അനുഭവപ്പെടുമെന്ന് അവർക്കറിയാം.