ആക്ടീവ് മെഡിസിൻ ഫലിക്കാതെവരുന്ന സന്ദർഭത്തിലാണ് പാലിയേറ്റീവ് കെയറിന്റെ പ്രസക്തി. എല്ലാ അസുഖങ്ങളും ഭേദപ്പെടുന്നവയല്ല. എല്ലാ ചികിത്സകളും ഫലദായകവുമല്ല. ഒരു രോഗിയുടെ മേൽ ദൈവത്തിന്ചില പദ്ധതികളുണ്ട്. ഈ രോഗം മരണത്തിൽ കലാശിക്കേണ്ടവയല്ല എന്നുപറഞ്ഞ് ലാസറിനെ ക്രിസ്തു ജീവിതത്തിൽ നിന്ന് മരണത്തിലേക്ക് കൈപിടിച്ചുയർത്തുന്നുണ്ടല്ലോ.
അതുപോലെ ചില രോഗങ്ങൾ മരണത്തിൽ അവസാനിക്കേണ്ടവയുമാണ്. ജനനത്തിനൊപ്പം മരണവും നിശ്ചയിച്ചാണ് ദൈവം ഓരോരുത്തരെയും ഈ ഭൂമിയിലേക്ക് പറഞ്ഞയയ്ക്കുന്നത്. മരണം ആർക്കും ഒഴിവാക്കാനാവില്ല. എന്നാൽ മരണസമയം കൂടുതൽ സന്തോഷകരവും ആശ്വാസപ്രദവുമായി മാറ്റാൻ മരണാസന്നരുടെ ബന്ധുക്കൾക്ക് കഴിയേണ്ടതുണ്ട്. മരണം സന്തോഷകരമായ അനുഭവമായി മാറ്റാൻ അവർക്ക് കഴിയണം. കഴിയുന്നത്ര വേദനകൾ കുറച്ചും ആശ്വാസം നല്കിയുമായിരിക്കണം മരണാസന്നരെ ഈ ഭൂമിയിൽ നിന്ന് യാത്ര അയ്ക്കേണ്ടത്. അവിടെയാണ് പാലിയേറ്റീവ് കെയറിന്റെ പ്രസക്തിയും പ്രാധാന്യവും.
ജീവിതം തിരിച്ചുകിട്ടാതെയും മരണം കടന്നുവരാതെയും കഴിയുന്ന അത്യന്തം നിസ്സഹായമായ ഒരു അവസ്ഥയിലൂടെയാണ് മരണാസന്നർ കടന്നുപോവുന്നത്. ഇന്നു മരിക്കും നാളെ മരിക്കും എന്ന് വിചാരിച്ച് അവരെ ശുശ്രൂഷിക്കുന്നവർക്ക് മരണം നീണ്ടുപോകുന്നതോടെ അസ്വസ്ഥത കലരും. ഇത്തരം സന്ദർഭങ്ങളിൽ ഒരേ സമയം മരണാസന്നർക്കും അവരെ പരിചരിക്കുന്നവർക്കും ആശ്വാസം നല്കാൻ പാലിയേറ്റീവ് കെയറിന് കഴിയും. രോഗികളെ എങ്ങനെയാണ് ശുശ്രൂഷിക്കേണ്ടതെന്ന് പലർക്കും അറിയാറില്ല. മരുന്നു നല്കുന്നതുമാത്രമല്ല പരിചരണം. മറിച്ച് രോഗിയുടെ മനസ്സും ആവശ്യവും അറിഞ്ഞ് പെരുമാറുന്നതുകൂടിയാണ്. ഏതൊരാളും ഇഷ്ടപ്പെടുന്ന ഒന്നാണ് സ്നേഹസ്പർശം. രോഗികളെ സ്പർശിക്കുന്നതും അവരെ തലോടുന്നതും അവർക്കേറെ സന്തോഷവും ആശ്വാസവും നല്കുന്നുണ്ട്.
രോഗികളാകുന്നതോടെ പലർക്കും തങ്ങളുടെപ്രിയപ്പെട്ടവരെ സ്പർശിക്കാൻ വിമുഖത കാണിക്കുന്നതുപോലെ തോന്നിയിട്ടുണ്ട്. എന്നാൽ രോഗാവസ്ഥയിലായിരിക്കുന്നവരെ സ്പർശിക്കുമ്പോൾ അവർക്ക് സന്തോഷം അനുഭവിക്കാൻ കഴിയുന്നുണ്ട്. നമ്മുടെ വിരലുകൾ സൗഖ്യം നല്കാൻ കഴിവുള്ളവയാണ്.
ഓരോ സ്പർശവും സൗഖ്യം നല്കുന്നു. സ്നേഹം ചാലിച്ച സ്പർശങ്ങൾ പ്രത്യേകിച്ചും. അതുകൊണ്ട് ശയ്യാവലംബിയായി കഴിയുന്നവരെ സ്പർശിക്കുക.തൊട്ടുതലോടുക, സ്നേഹത്തോടെ സംസാരിക്കുക. ഒരു ഭാരമാണ് തങ്ങളെന്ന് തോന്നത്തക്കവിധത്തിൽ അവരോട് ഒരിക്കലും പെരുമാറാതിരിക്കുക.
പ്രാർത്ഥനയുടെ പ്രാധാന്യം രോഗിക്കും വീട്ടുകാർക്കും പറഞ്ഞുകൊടുക്കുന്നതിൽ ഞാനെപ്പോഴും ശ്രദ്ധിച്ചിരുന്നു. ഏതു മതവിശ്വാസിയെന്നത് അപ്രസക്തമാണ്. രോഗിക്ക് മതഗ്രന്ഥങ്ങൾ വായിച്ചുകൊടുക്കുക. ക്രൈസ്തവകുടുംബമാണെങ്കിൽ സന്ധ്യാപ്രാർത്ഥന രോഗിയുടെ മുറിയിലായിരിക്കാൻ ശ്രദ്ധിക്കുക.
ഇന്ന് ടിവിയിലും റേഡിയോയിലും യൂട്യൂബിലുമൊക്കെ ആത്മീയപ്രഭാഷണങ്ങളും പ്രോഗ്രാമുകളുമുണ്ടല്ലോ. അതെല്ലാം രോഗിക്കുവേണ്ടികൂടി പ്രയോജനപ്പെടുത്തുക. ഇതുവഴി നല്ലൊരു മരണത്തിനൊരുങ്ങാനും ശാന്തതയോടെ മരണത്തെ നേരിടാനും രോഗിക്കു സാധിക്കും.
പാലിയേറ്റീവ് കെയറിന്റെ പ്രധാനഭാഗമാണ് ഹോംകെയർ. ഞാൻ കാരിത്താസ് പാലിയേറ്റീവ് കെയറിന്റെ ഭാഗമായിരുന്നപ്പോൾ ആഴ്ചയിൽ രണ്ടുദിവസം എന്ന രീതിയിൽ ഹോം കെയറിന് പോകാറുണ്ടായിരുന്നു. രണ്ടുദിവസം ഡോക്ടറും നേഴ്സും ഹോം കെയറിന് പോകുമ്പോൾ അടുത്ത രണ്ടുദിവസം നേഴ്സും വോളണ്ടിയേഴ്സും ഹോം കെയർ നടത്തിയിരുന്നു. ഹോം കെയറിന് ചെല്ലുമ്പോൾ രോഗിക്കും വീട്ടുകാർക്കും ഒരുപോലെ ആശ്വാസമാണ്. ഒരു ഡോക്ടർ എന്ന നിലയിൽ മാത്രമല്ല ഒരു മനുഷ്യൻ എന്ന നിലയിലും ഹോംകെയർസന്ദർശനങ്ങൾ എനിക്കേറെ ആത്മസംതൃപ്തിയും സമാധാനവും നല്കിയിട്ടുണ്ട്.നമ്മൾ വഴി ഒരാൾക്ക് ആശ്വാസം ലഭിക്കുന്നു. അതിൽപ്പരമെന്താണ് ഒരു വ്യക്തിക്ക് വേണ്ടത്? ഓരോ വീട്ടിലും ചെല്ലുമ്പോൾ അവിടെത്തെ ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കും. ചില വീടുകളിൽ യൂറിൻ ട്യൂബ്, റൈസ് ട്യൂബ് തുടങ്ങിയവ മാറ്റിക്കൊടുക്കേണ്ടതായിവരും. മറ്റു ചിലപ്പോൾ വ്രണങ്ങൾ വൃത്തിയാക്കേണ്ടതായിവരും, മരുന്നുകൾ കൊടുക്കേണ്ടതായി വരും. പുതിയ ഡ്രസും മറ്റു സൗകര്യങ്ങളും ചെയ്തുകൊടുക്കേ ണ്ടതായി വരും.
ഒരു സംഭവം ഓർമ്മിക്കുന്നു, ഒരു വീട്ടിലേക്ക് നേരംതെറ്റിയാണ് ഞങ്ങൾഅന്ന് കടന്നുചെന്നത്.സാധാരണയായി ഹോം കെയർ ദിവസങ്ങൾ നേരത്തെതന്നെ അറിയിക്കാറുണ്ട്.പക്ഷേ അന്ന് അതിനുള്ള സാഹചര്യമില്ലായിരുന്നു. അപ്രതീക്ഷിതമായിട്ടാണ് അവിടേയ്ക്ക് കയറിച്ചെന്നത്. അവിടെ കണ്ട കാഴ്ച ഞങ്ങളെ പരിഭ്രാന്തരാക്കി.രോഗിക്ക് അത്യധികമായ ശ്വാസംമുട്ടൽ. എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്ക്കുന്ന ഭാര്യയും മക്കളും. വേഗം തന്നെ ഇഞ്ചക്ഷനെടുത്തു. രോഗി ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ശാന്തമായി. ഭാര്യയ്ക്കും മക്കൾക്കും സന്തോഷമായി. ‘നിങ്ങളെ ദൈവമാണ് ഇങ്ങോട്ട് പറഞ്ഞയച്ചത്. നിങ്ങൾ ശരിക്കും മാലാഖമാരാണ്.’
ആ സ്ത്രീ പറഞ്ഞ വാചകം വർഷമിത്ര കഴിഞ്ഞിട്ടും കാതുകളിൽ മുഴങ്ങുന്നു. പാലിയേറ്റീവ് കെയറിന്റെ ഭാഗമായുള്ള ഹോം വിസിറ്റിലൂടെ ദൈവം മാലാഖമാരെ തന്നെയാണ് അയ്ക്കുന്നത്. ഓരോ മാലാഖമാരായിത്തീരുക എന്നതാണ് നമ്മുടെ വെല്ലുവിളി. അതെത്രമാത്രം പ്രയോജനപ്പെടുത്താൻ കഴിയുന്നുണ്ട് എന്നതാണ് നാം നമ്മോടു തന്നെ ചോദിക്കേണ്ടത്.
ഡോ. മേരി കളപ്പുരയ്ക്കൽ