സൗഹൃദം മനുഷ്യജീവിതത്തിലെ അത്യന്തം വിലപ്പെട്ട ബന്ധങ്ങളിലൊന്നാണ്. സ്നേഹവും വിശ്വാസവും അടിസ്ഥാനമാക്കിയുള്ള സൗഹൃദബന്ധം ആത്മീയതൃപ്തിയുടെയും മാനസികഅടുപ്പത്തിന്റെയും അടയാളമാണ്. എന്നാൽ, എല്ലായ്പ്പോഴും ചില സൗഹൃദങ്ങൾ നമ്മളെ വളർത്തണമെന്നില്ല,വളർത്തുന്നില്ല എന്നു മാത്രമല്ല ചിലപ്പോൾ കഠിനമായി തളർത്തുകയും ചെയ്തേക്കാം. അത്തരം ബന്ധങ്ങൾ നിശബ്ദമായി വിഷം വിതറാനും നമ്മളെ മാനസികവും ശാരീരികവും വൈകാരികവുമായി തളർത്താനും തുടങ്ങിയേക്കാം,. എന്നാൽ ഇതെപ്പോഴും തിരിച്ചറിയണമെന്നില്ല. അപകടകരമായ സൗഹൃദങ്ങളിൽ നിന്ന് അകലം പാലിക്കുകയോ അവയെ വിട്ടുപേക്ഷിക്കുകയോ ചെയ്യേണ്ടത് നമ്മുടെ മാനസികാരോഗ്യത്തിന് അത്യാവശ്യമാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഒരു സൗഹൃദത്തിൽ നിന്ന് അകലംപാലിക്കാനും അതുപേക്ഷിക്കാനും കഴിയുന്ന ഒരു സാഹചര്യത്തെ ചില പ്രത്യേകലക്ഷണങ്ങൾ വഴിയായി മനസ്സിലാക്കാൻ കഴിയുമെന്നാണ് അവർ അവകാശപ്പെടുന്നത്. ഈ സൂചനകൾ മനസ്സിലാക്കുന്നത് സൗഹൃദബന്ധങ്ങളെ കൃത്യമായി മനസ്സിലാക്കാനും വിലയിരുത്താനും ഏറെ സഹായകരമാകും.
ചില സുഹൃത്തുക്കളോടൊപ്പ സമയം ചെലവഴിക്കുമ്പോൾ മാനസികമായി ക്ഷീണിതനാകുന്നു
ഊർജം പകരേണ്ടവയാണ് മാനസികോല്ലാസം തരേണ്ടവയാണ് സൗഹൃദബന്ധങ്ങൾ. എന്നാൽ ചില സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ നാം പെട്ടെന്ന് മാനസികമായി തളരുന്നു. ആ തളർച്ച ശരീരത്തെയും ബാധിക്കുന്നു. ഈ ലക്ഷണങ്ങൾ പെട്ടെന്ന് മനസ്സിലാക്കണമെന്നില്ല.അവർ നിരന്തരം തർക്കങ്ങളിലേർപ്പെടുകയോ നിഷേധാത്മകത പ്രചരിപ്പിക്കുകയോ നിരന്തരം കുറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മനോരോഗ വിദഗ്ധരുടെ അഭിപ്രായത്തിൽ
“Emotional fatigue” എന്ന് വിളിക്കപ്പെടുന്ന ഈ അവസ്ഥ, സ്ഥിരമായി ഉണ്ടാകുകയാണെങ്കിൽ, അത് മാനസിക പീഡനത്തിലേക്കു നയിക്കുമെന്നാണ്.
ഏകപക്ഷീയമായ ബന്ധങ്ങൾ
ഏതൊരു ബന്ധവും വളരുന്നത് രണ്ടുഭാഗത്തു നിന്നും ക്രിയാത്മകമായ പിന്തുണയും വിട്ടുവീഴ്ചയും സഹിഷ്ണുതയും പ്രകടിപ്പിക്കുമ്പോഴാണ്.ഒരു ശരിയായ സൗഹൃദത്തിൽ രണ്ട് പേരും സമാനമായി പിന്തുണ നൽകുകയും സ്വീകരിക്കുകയും വേണം. എന്നാൽ ചില സൗഹൃദങ്ങളിൽ ഒരാൾ മാത്രം സൗഹൃദം നിലനിർത്തിക്കൊണ്ടുപോകാൻ കഠിനമായി ശ്രമിക്കുന്നു. അയാൾ മാത്രം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നു. നിങ്ങൾ മാത്രം മറ്റെ ആളെ പരിഗണിക്കുന്നു, ഫോൺ ചെയ്യുന്നു, കാണാൻ ഇഷ്ടപ്പെടുന്നു. പക്ഷേ അയാളാവട്ടെ അതിലൊന്നിനോടും പ്രതികരിക്കുന്നില്ല. ഉദാഹരണത്തിന് മിണ്ടാതെ പോകുന്ന സുഹൃത്തിനെ നിങ്ങൾ വരാൻ പറഞ്ഞു വിളിക്കുന്നു, ആശ്വസിപ്പിക്കുന്നു, മാപ്പ് പറയുന്നു. എന്നാൽ അവൻ ഒരിക്കൽ പോലും അതിൽ ഭാഗഭാക്കാകുന്നില്ല. മനോചികിത്സകന്റെ അഭിപ്രായത്തിൽ ഇത്തരം സൗഹൃദങ്ങൾ “emotional exploitation” ആണ്. അതൊരിക്കലും വ്യക്തിപരമായി ഗുണം ചെയ്യുകയില്ല
നിങ്ങളുടെ മൂല്യങ്ങളെ അവഗണിക്കുകയും നിങ്ങളെ പരിഹസിക്കുകയും ചെയ്യുന്നു
ജീവിതത്തിൽ നമ്മളെ നിർണ്ണയിക്കുന്നത് മൂല്യങ്ങളാണ്. വിശ്വാസങ്ങൾ, ധാർമ്മികത, ജീവിതകാഴ്ചപ്പാട് തുടങ്ങിയവയാണ് ഒരു വ്യക്തിത്വത്തെ നിർണയിക്കുന്നത്. എന്നാൽ നിങ്ങൾ സുഹൃത്ത് എന്ന് കരുതുന്ന ആൾ എപ്പോഴും അതേക്കുറിച്ച് ആവർത്തിച്ച് നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. നിങ്ങൾ പറയുന്നതിനെയെല്ലാം വളരെ സില്ലിയായിട്ടാണ് അവൻ കാണുന്നത്. ഈ സന്ദർഭത്തിൽ അവനെ പ്രതിരോധിക്കാനോ തുറന്നുപറയാനോ സാധിക്കാതെ നിങ്ങൾക്ക് മൗനം പാലിക്കേണ്ടതായി വരുന്നു. ഇത് വലിയൊരു മാനസികസമ്മർദ്ദത്തിന് കാരണമാകുന്നു. “value dissonance” എന്ന ചിന്താതലത്തിലെ പൊരുത്തക്കേട് എന്നാണ് ഇതിനെ മനഃശാസ്ത്രജ്ഞർ വിളിക്കുന്നത്. ഇതുപോലുള്ള സൗഹൃദങ്ങൾ ചുരുക്കത്തിൽ “toxic compatibiltiy’ കാണിക്കുന്നവയാണ്.
അവർ നീതിപൂർവ്വം മാറ്റമുണ്ടാക്കുന്നില്ല, നിങ്ങൾ മാത്രം ക്ഷമിക്കുന്നു
ക്ഷമയും കരുണയും സൗഹൃദത്തിന്റെ ഭാഗമാണ്. പക്ഷേ ഒരാൾ നിരന്തരം തെറ്റ് ചെയ്യുമ്പോഴും, അതിനൊരിക്കലും മാപ്പ് ചോദിക്കാതെ വരുമ്പോൾ അതൊരു അതിക്രമമായിട്ടാണ് കാണേണ്ടത്. വിദഗ്ധർ പറയുന്നത് ഈ രീതിയിൽ ഒരാൾ എല്ലായ്പ്പോഴും ക്ഷമ തേടാതെ മാറാതെ തുടരുന്ന പക്ഷം, ആ സൗഹൃദം നിങ്ങൾക്കു ഹാനികരമാണെന്നാണ്.
നിങ്ങൾ സംസാരിക്കാനോ കാണാനോ ഭയപ്പെടുന്നു
ഫോണെടുക്കുമ്പോൾ തന്നെ മനസ്സിൽ സമ്മർദ്ദം, ശാരീരിക അസ്വസ്ഥതകൾ, എന്നിവ അനുഭവപ്പെടുകയാണെങ്കിൽ,അത് മാനസികമായി നിങ്ങൾ ആ ബന്ധം വെറുത്തു തുടങ്ങുകയാണ് എന്നതിന്റെ സൂചനയാണ്. ഇതിന്റെ ഉദാഹരണങ്ങളാണ്അവൻ/അവൾ മെസ്സേജ് അയച്ചപ്പോൾ പോലും നിങ്ങൾ കുറച്ചു നിമിഷം ആ മെസ്സേജ് തുറക്കാതിരിക്കാൻ തീരുമാനിക്കുന്നു. ആസക്തിയല്ലാതെയുള്ള പ്രതികരണങ്ങൾ സൗഹൃദങ്ങളിൽ നിന്ന് അകന്നുതുടങ്ങുന്നതിന്റെ സൂചനയാണ്.
സൗഹൃദം എന്നത് “emotional saftey’ നൽകുന്നിരിക്കണം. എന്നാൽ നിങ്ങൾക്ക് ഭയത്തോടെയോ സമ്മർദ്ദത്തോടെയോ ആ വ്യക്തിയെ നേരിടാനാകാത്ത സാഹചര്യം ഉണ്ടെങ്കിൽ, അതൊരു ചുവപ്പ് സിഗ്നലാണ്. സൗഹൃദങ്ങളിൽ നിന്ന് വിടപറയാൻ ധൈര്യം ആവശ്യമാണ്. ഒരാൾ ജീവിതത്തിലൂടെ നിങ്ങളുടെ കൂടെ സഞ്ചരിച്ചുവെന്നത് അത്ഭുതമാണ്. പക്ഷേ എല്ലാ യാത്രകളും ഒരേ ദിശയിലായിരിക്കണമെന്നില്ല.
സ്നേഹത്തോടെയും മാന്യതയോടെയും, ആ ബന്ധത്തിൽ നിന്ന് പിന്മാറേണ്ടത് അവനനവന്റെ ആത്മസംരക്ഷണവും ആത്മാഭിമാനവുമാണ്.
സൗഹൃദം ജീവിതത്തെ ഉജ്ജ്വലമാക്കുന്നതാണ്, ക്ഷീണിപ്പിക്കുന്നതല്ല.ആവശ്യമെങ്കിൽ, സൗഹൃദം അവസാനിപ്പിക്കുക. പുതിയതായി തുടങ്ങാൻ പഴയതുചിലതു നാം ഉപേക്ഷിക്കേണ്ടതുണ്ട്.
സ്വയം ചോദിക്കൂ
- ഈ സൗഹൃദം എനിക്ക് ആത്മവിശ്വാസം നൽകുന്നുണ്ടോ?
- എനിക്ക് എന്റെ യഥാർത്ഥ സ്വഭാവം അവനോട് തുറന്നു കാണിക്കാനാകുമോ?
- ഈ ബന്ധത്തിൽ വളർച്ചയുണ്ടാകുന്നുണ്ടോ?