പണത്തെയും പ്രശസ്തിയെയുംകാൾ പ്രധാനപ്പെട്ടതാണ് ആരോഗ്യം. പക്ഷേ പലരും ഇക്കാര്യം മനസ്സിലാക്കുന്നില്ല.പണവും പ്രശസ്തിയും ആവശ്യത്തിൽ കൂടുതൽ നേടിക്കഴിഞ്ഞ് ആരോഗ്യം ഇല്ലാതായിക്കഴിയുമ്പോഴാണ് പലരും അതിന്റെ വില തിരിച്ചറിയുന്നത്. ചെറുപ്രായം മുതൽ ആരോഗ്യകാര്യങ്ങളിൽ അർഹിക്കുന്ന ശ്രദ്ധ കൊടുത്താൽ രോഗങ്ങളിൽ നിന്ന് അകന്നുള്ള ജീവിതം നയിക്കാൻ സാധിക്കും.
ആരോഗ്യത്തോടെ ജീവിക്കാൻ അത്യാവശ്യമായിട്ടുള്ളത് വ്യായാമമാണ്. ആഴ്ചയിൽ മൂന്നോ നാലോ തവണയെങ്കിലുമുള്ള വർക്കൗട്ടുകളും കാർഡിയോവാസ്ക്കുലർ എക്സർസൈസുകളും ഇതിൽ പെടുന്നു, സമീകൃതമായ ആഹാരമാണ് മറ്റൊന്ന്. ശരീരത്തിന് എല്ലാവിധത്തിലുമുള്ള ഭക്ഷണപദാർത്ഥങ്ങൾ അത്യാവശ്യമാണ്. പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ, നാരുകളടങ്ങിയ ഭക്ഷണം, ഇറച്ചി എല്ലാം ശരീരത്തിന് ആവശ്യമായവയാണ്. മധുരം കുറയ്ക്കുകയാണ് മറ്റൊന്ന്.
ശരീരത്തെ നിർജ്ജലീകരണത്തിന് വിധേയാക്കാതെ സൂക്ഷിക്കുക. അതിന് ആവശ്യത്തിന് വെള്ളം കുടിക്കുക. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക. 90 ശതമാനം ശ്വാസകോശാർബുദത്തിനും കാരണമായിരിക്കുന്നത് പുകവലിയാണ്. മാത്രവുമല്ല മറ്റ് പലതരത്തിലുള്ള കാൻസറുകൾക്കുള്ള സാധ്യതയും പുകവലി വർദ്ധിപ്പിക്കുന്നുണ്ട്. അമിതമായ മദ്യപാനവും ഉപേക്ഷിക്കേണ്ടതാണ്.
ദിവസവും ഏഴു മണിക്കൂറെങ്കിലും ഉറങ്ങാനും ശ്രദ്ധിക്കണം.
ഇതുകൂടാതെ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ചില പരിശോധനകളും നടത്തേണ്ടതുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് കോളനോസ്ക്കോപ്പി. അമ്പതു വയസ് കഴിയുമ്പോൾ സ്ത്രീകളെയും പുരുഷന്മാരെയും ഒന്നുപോലെ ബാധിക്കാൻ സാധ്യതയുള്ള ഒരു രോഗമാണ് കോളൻ കാൻസർ. പാരമ്പര്യമായി ഇത്തരത്തിലുള്ള കാൻസർ വരാനുള്ള സാധ്യതയുമുണ്ട്. ത്വക്ക് പരിശോധന നടത്തേണ്ടതും ആവശ്യമാണ്. സ്കിൻ കാൻസറിനുള്ള സാധ്യതകളെ ഈ പരിശോധനകൾ കുറയ്ക്കും.
ശരീരത്തിലെ മറുകുകൾക്കുണ്ടാകുന്ന മാറ്റങ്ങൾക്ക് വേണ്ടത്ര ഗൗരവം നല്കണം. പുരുഷന്മാർ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു മേഖലയാണ് പ്രോസ്റ്ററേറ്റിന്റേത്. ഏഴിൽ ഒരാൾക്ക് എന്ന കണക്കിന് പ്രോസ്റ്ററേറ്റ് കാൻസർ പിടിപെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് 50നും 70 നും ഇടയിൽ പ്രായമുള്ളപുരുഷന്മാർ നിർബന്ധമായും വർഷം തോറും പ്രോസ്റ്ററേറ്റ് പരിശോധന നടത്തിയിരിക്കണം. 40 വയസ് മുതൽ പരിശോധന ആരംഭിക്കാവുന്നതാണ്. തൈറോയ്ഡ് സ്റ്റിമുലേറ്റിംങ് ഹോർമോൺ ടെസ്റ്റ്, ലിവർ എൻസൈം ടെസ്റ്റ്, ലങ് സ്ക്രീനിങ്, എക്കോകാർഡിയോഗ്രാം എന്നിവയും നടത്തേണ്ട പരിശോധനകൾ തന്നെ.