രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല. മെലറ്റോണിൻ എന്ന ഹോർമോൺ കൊണ്ടുകൂടിയാണ്. രാത്രിയിലാണ് ശരീരത്തിൽ മെലറ്റോണിൻ (Melatonin) എന്ന ഹോർമോൺ ഉല്പാദിക്കപ്പെടുന്നത്. ഉറങ്ങാൻ സഹായിക്കുന്ന ഹോർമോൺ ആണ് ഇത്. അതുകൊണ്ടാണ് തുടർച്ചയായ ഉറക്കക്കുറവ് നേരിടുന്നവർക്ക് മെലറ്റോണിൻ അടങ്ങിയ ടാബ്ലറ്റുകൾ നല്കുന്നത്. മെലറ്റോണിൻ ഉല്പാദിപ്പിക്കുന്നത് പൈനിയൽ ഗ്രന്ഥിയാണ്. മെലറ്റോണിൻ നിരക്ക് ശരീരത്തിൽ ഉയരുന്നതുകൊണ്ടാണ് രാത്രികാലങ്ങളിൽ ജോലിചെയ്യാൻ ഉത്സാഹം കുറയുന്നത്. ജോലി ചെയ്യാൻ ഉത്സാഹം കൂടുതലുള്ളത് മിക്കപ്പോഴും പകൽസമയത്താണല്ലോ. പകൽസമയത്ത് ശരീരം പുറപ്പെടുവിക്കുന്ന ഹോർമോണായ കോർടിസോൾ വഴിയാണ് നമുക്ക് ഉന്മേഷവും ഊർജവും കിട്ടുന്നത്.
രാത്രിയിൽ പുറപ്പെടുവിക്കുന്ന മെലറ്റോണിൻ രാവിലെയാകുമ്പോഴേയ്ക്കും കുറഞ്ഞുകുറഞ്ഞുവരികയും കോർട്ടിസോൾ ലെവൽ കൂടുതലാവുകയും ചെയ്യുന്നു. ബോഡി ക്ലോക്ക് നിയന്ത്രിക്കുന്നത് പ്രധാനമായും ഈ രണ്ടു ഹോർമോണുകളാണ്. അതുകൊണ്ടാണ് പകൽ ജോലിചെയ്യാൻ ഉന്മേഷവും രാത്രി ക്ഷീണവും അനുഭവപ്പെടുന്നത്.
വൈകുന്നേരമാകുമ്പോൾ കോർട്ടിസോൾ കുറഞ്ഞുവരുന്നു തന്മൂലം ക്ഷീണം അനുഭവപ്പെടുന്നു അപ്പോഴേയ്ക്കും മെലറ്റോണിൻ ഉല്പാദനം ആരംഭിക്കുകയും ചെയ്യുന്നു. നാം അറിയാതെ നമ്മുടെ ശരീരത്തിൽ നടക്കുന്ന ഇത്തരം പരിണാമങ്ങൾ എത്രയോ അവിശ്വസനീയവും അത്ഭുതകരവും അല്ലേ?
(ഇന്റർനെറ്റ്)