സന്തോഷം എവിടെ നിന്നെങ്കിലും കണ്ടെത്താമെങ്കിലും അതൊരിക്കലും നമുക്ക് വാങ്ങാൻ കഴിയുന്നവയല്ല. അതുകൊണ്ടാണ് സന്തോഷം അമൂല്യമാകുന്നത്. അവനവനിലുളള സന്തോഷമാണ് ശാശ്വതമായ സന്തോഷം. ആ സന്തോഷം സ്ഥിതിചെയ്യുന്നതാവട്ടെ ഹൃദയത്തിലും. വസ്തുക്കളെ അടിസ്ഥാനപ്പെടുത്തിയും സമ്പത്തിലും സ്ഥാനമാനങ്ങളിലും കേന്ദ്രീകരിച്ചും സന്തോഷത്തെ ചുറ്റിക്കെട്ടിയാൽ മറ്റൊരു സ്ഥലത്തേക്ക് അവ പറിച്ചുനടപ്പെടുമ്പോൾ നമ്മുടെ സ ന്തോഷങ്ങളും മാറിപ്പോകും. സന്തോഷം സ്ഥിതി ചെയ്യുന്നത് വസ്തുക്കളിലല്ല ഹൃദയത്തിലാണ്. വസ്തുക്കളിലും വ്യക്തികളിലും സന്തോഷം കേന്ദ്രീകരിച്ചാൽ വസ്തുക്കൾ പഴകുകയും വ്യക്തികൾ അകന്നുപോവുകയും ചെയ്യുമ്പോൾ സന്തോഷവും ഇല്ലാതാകും. ഹൃദയത്തിൽ സന്തോഷം കുടികൊള്ളുമ്പോഴാണ് ജീവിതത്തിൽ സന്തോഷമുണ്ടാകുന്നത്. ചിലരുടെ വിചാരം യാതൊരുവിധ പ്രശ്നങ്ങൾ ഇല്ലാത്തതായ ജീവിതമാണ് സന്തോഷകരമായജീവിതം എന്നാണ്. ബുദ്ധിമുട്ടുകളും ജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവാണ് ജീവിതത്തിൽ സന്തോഷം കെടുത്താതെ സൂക്ഷിക്കാൻ സഹായിക്കുന്നത്. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചിട്ടും എല്ലാ പ്രതിബന്ധങ്ങളെ മറികടന്നിട്ടും സന്തോഷിക്കാൻ വേണ്ടി കാത്തിരിക്കരുത്.
ജീവിതം പലപ്പോഴും നമ്മുക്ക് ഹിതകരമായിട്ടല്ല പെരുമാറുന്നത്. വ്യക്തികൾ നാം ആഗ്രഹിക്കുന്നതുപോലെ ഇടപെടണമെന്നുമില്ല. ഇത്തരം സാഹചര്യങ്ങളിലും ജീവിതത്തോടുള്ള പ്രസാദാവസ്ഥ മങ്ങാതെ കാത്തുസൂക്ഷിക്കുക. ഇത് സാധിക്കണമെങ്കിൽ ജീവിതം എന്താണെന്ന കൃത്യമായ തിരിച്ചറിവുണ്ടായിരിക്കണം. ജീവിതത്തെ ഒരു പൂന്തോട്ടത്തോട് ഇവിടെ നമുക്ക് ഉപമിക്കാം. ആ പൂന്തോട്ടത്തിൽ പലതരം ചെടികളുണ്ട്. കായ്കളുണ്ട്, വൃക്ഷങ്ങളുണ്ട്. മനോഹരമെന്ന് പുറമേയ്ക്ക് തോന്നുമെങ്കിലും റോസാപ്പൂവിൽ മുള്ളുകളുണ്ട്. എല്ലാ പൂവുകളും മനോഹരമാണെങ്കിലും ചിലതു മാത്രമേ സുഗന്ധമുള്ളവയുള്ളൂ. ചിലതു മാത്രമേ തലയിൽ ചൂടാനാവൂ. ചിലതു മാത്രമേ പൂജാകാര്യങ്ങൾക്കുവേണ്ടി തിരഞ്ഞെടുക്കപ്പെടാറുള്ളൂ. പക്ഷേ ആകെമാനം നോക്കുമ്പോൾ പൂന്തോട്ടമാണ്. ജീവിതവും അങ്ങനെയാണ്. പലതരം അനുഭവങ്ങളുടെ വൈചിത്ര്യങ്ങളുടെ ലോകമാണ് ജീവിതം.മുള്ള് ഉണ്ട് എന്നതുകൊണ്ട് റോസയ്ക്ക് സൗന്ദര്യം ഇല്ലാതാകുന്നില്ല. ചൂടാൻ കഴിയില്ല എന്നതുകൊണ്ട് ചില പൂക്കളുടെ പ്രസക്തി മങ്ങുന്നുമില്ല. വിപരീതാനുഭവങ്ങൾ ഉണ്ടാകുന്നതുകൊണ്ടോ ആളുകൾ മോശമായി പെരുമാറിയതുകൊണ്ടോ നമ്മുടെ ജീവിതം വിലയില്ലാത്തതാകുന്നില്ല. അത്തരമൊരു മനോഭാവമാണ് ജീവിതത്തെ സന്തോഷകരമായ അവസ്ഥയാക്കിമാറ്റുന്നത്. പലപ്പോഴും മനോഭാവങ്ങളാണ് ജീവിതത്തിൽ സന്തോഷം കെടുത്തുകയോ സൃഷ്ടിക്കുകയോ ചെയ്യുന്നത്. മുൾച്ചെടികൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ഒരു കുഞ്ഞാടിനെ കണക്കെയാണ് സന്തോഷവും. നെഗറ്റീവായ അനുഭവങ്ങളിലും കാഴ്ചപ്പാടുകളിലും കുടുങ്ങിക്കിടക്കുമ്പോൾ സന്തോഷകരമായ ഒരു അനുഭവവും നമ്മിൽ സൃഷ്ടിക്കപ്പെടുന്നില്ല. ഇല്ലാത്തതിലേക്കു മാത്രം ഫോക്കസ് ചെയ്യുമ്പോൾ ഉള്ളതിന്റെ സന്തോഷം നമുക്ക് അനുഭവപ്പെടുകയില്ല. നഷ്ടപ്പെട്ടതിനെക്കുറിച്ചോർത്ത് കേഴുമ്പോൾ ലഭിച്ചതിനെപ്രതി അഭിമാനിക്കാൻ കഴിയില്ല. നെഗറ്റീവിൽ നിന്ന് പോസിറ്റീവിലേക്ക് തിരിയുമ്പോഴാണ് ജീവിതത്തിൽ സന്തോഷംനിറയുന്നത്. അതുണ്ടാവണമെങ്കിൽ നമുക്കുള്ളതിനെപ്രതി നാം നന്ദിയുള്ളവരായിരിക്കണം.
ജീവിതം നമ്മോട് നല്ലതുപോലെ പെരുമാറുന്നതുകൊണ്ടല്ല നാം സന്തോഷവാന്മാരായിരിക്കേണ്ടത്. ജീവിതത്തോട് നാം നല്ലതുപോലെ പെരുമാറുമ്പോഴാണ് ജീവിതം സന്തോഷകരമാകുന്നത്. ജീവിതത്തിന് ചിലപ്പോൾ നമ്മെ ആവശ്യമില്ലായിരിക്കും. പക്ഷേ നമുക്ക് ജീവിതത്തെ ആവശ്യമുണ്ട്. അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ സന്തോഷിക്കുക. കഠിനമായ പ്രതികൂലങ്ങളുടെ നടുവിലും പ്രത്യാശ കാത്തുസൂക്ഷിക്കാൻ കഴിഞ്ഞാൽ നമ്മുടെ സന്തോഷങ്ങൾ ഒരിക്കലും നഷ്ടപ്പെട്ടുപോവുകയില്ല. ഉള്ളിലേക്കു നോക്കി സന്തോഷിക്കുക. അപ്പോഴാണ് നമ്മുടെ സന്തോഷം പൂർണമാകുന്നത്.