ബജറ്റുണ്ടാക്കൂ, സമ്പാദിക്കൂ

Date:

വ്യക്തിപരമായി നല്ല തുക വരുമാനമുണ്ടായിട്ടും പലർക്കും മാസാവസാനമെത്തുമ്പോൾ കടം മേടിക്കേണ്ട സാഹചര്യം വരാറുണ്ട്. ഈ കടംമേടിക്കൽ  അടിയന്തിരാവശ്യം വരുന്നതുകൊണ്ടോ കുടുംബത്തിലെ  ക്രിയാത്മകമായ കാര്യങ്ങൾക്കുവേണ്ടി  ഫലപ്രദമായി വിനിയോഗിച്ച് പോക്കറ്റ് കാലിയായതുകൊണ്ടോ അല്ല മറിച്ച് ലഭിച്ച തുക വേണ്ടവിധത്തിൽ  വേണ്ടതുപോലെ ചെലവഴിക്കാത്തതുകൊണ്ടും ധൂർത്തടിക്കുന്നതുകൊണ്ടും നിശ്ചിതതുക പോലും മാസംതോറും സമ്പാദ്യമായി സൂക്ഷിക്കാത്തതുകൊണ്ടുമാണ്. സമ്പാദ്യം ഇല്ലാതെപോകുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ സാമ്പത്തികമായ ചില തെറ്റുകൾ അതിനു പിന്നിലുണ്ടെന്ന് കണ്ടെത്താൻ കഴിയും.

ബജറ്റ് എന്ന ആശയം അവഗണിക്കൽ പല  കുടുംബങ്ങളിലും ബജറ്റ് എന്ന ആശയം 

കാണാൻ കഴിയില്ല.  വരുമാനം, ചെലവ് എന്നിവയെക്കുറിച്ചുള്ള വ്യക്തമായ ധാരണയില്ലായ്മ പോക്കറ്റ് കാലിയാക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നു. പണം ചെലവഴിക്കാൻ പല മാർഗങ്ങളുണ്ട്. എന്നാൽ പണം അനാവശ്യമായി ചെലവഴിക്കാതിരിക്കാനും ആവശ്യങ്ങളും അനാവശ്യങ്ങളും അത്യാവശ്യങ്ങളും തമ്മിൽ കൃത്യമായ അതിർത്തികൾ പാലിക്കാനും സാധിക്കേണ്ടതുണ്ട്. അനാവശ്യമായ ചെലവുകൾ വെട്ടിക്കുറയ്ക്കുകയും ചെറിയ  രീതിയിലെങ്കിലും തുക മിച്ചം പിടിക്കുകയും വേണം. കൃത്യമായി വരവുചെലവുകണക്കുകൾ എഴുതിസൂക്ഷിക്കുന്നവർക്ക് ഇക്കാര്യത്തിൽ വിജയം വരിക്കാൻ കഴിയും. ഒരു കുടുംബത്തിൽ എത്ര പേരാണോ ഉള്ളത് അവരെല്ലാവരും വരവും ചെലവും കൃത്യമായി മനസ്സിലാക്കിയിരിക്കണം. എങ്കിൽ മാത്രമേ നല്ലൊരു ബജറ്റ് ഉണ്ടാക്കാൻ കഴിയൂ.

വരുമാനം ഉള്ളവർ പലരും എന്നാൽ ചെലവു വഹിക്കാൻ ഒരാളും മാത്രമായിരിക്കുന്ന അവസ്ഥയാണ് ചില വീടുകൾക്ക്.. ഒരാൾക്ക് പത്തുരൂപയും മറ്റൊരാൾക്ക് അഞ്ചുരൂപയുമാണ് വരുമാനമെന്നിരിക്കട്ടെ. അഞ്ചരൂപയുള്ള ആൾ അത് തന്റെ ഇഷ്ടംപോലെ വ്യക്തിപരമായ ആവശ്യങ്ങൾക്കുവേണ്ടി മാത്രമാണ് ചെലവഴിക്കുന്നതെങ്കിൽ ആ കുടുംബത്തിന്റെ വരുമാനം വെറും പത്തുരൂപ മാത്രമായിരിക്കും. ഈ പത്തുരൂപയിൽ നിന്ന് മിച്ചംപിടിക്കാൻ കഴിയണമെന്നുമില്ല. ചെറുതും വലുതുമായ തുക കൂട്ടിവയ്ക്കുമ്പോഴാണ് ഒരുമിച്ചൊരു വരുമാനം കുടുംബത്തിലുണ്ടാകുന്നത്. അപ്പോൾ അതിന്റെ ഗുണം കുടുംബത്തിലെ എല്ലാവർക്കും ഒന്നുപോലെ ലഭിക്കുകയും അതിൽ നിന്ന് മിച്ചം പിടിക്കാൻ കഴിയുകയും ചെയ്യും.

ക്രെഡിറ്റ്കാർഡുകളിലുള്ള ആശ്രയത്വം

ഒരു സുഹൃത്ത് തന്റെ സഹപ്രവർത്തകരെക്കുറിച്ച് പറഞ്ഞത് ഓർമ്മയിലുണ്ട്. സുഹൃത്തിനൊഴികെ ഓഫീസിൽ എല്ലാവർക്കും ക്രെഡിറ്റ് കാർഡുണ്ട്. ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് സൗകര്യമാണെങ്കിലും അമിതമായി അതിൽ ആശ്രയിക്കുന്നത് കടം വർധിപ്പിക്കാനും സമ്പാദ്യമില്ലാതാക്കാനും മാത്രമേ ഉപകരിക്കൂ. ഉയർന്ന പലിശ നിരക്കുകളും വൈകാരിക സമ്മർദ്ദവുമാണ് ക്രെഡിറ്റ് കാർഡുകളുടെ അനന്തരഫലം.  സമ്പാദിക്കേണ്ട  തുകയാണ് അശ്രദ്ധമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതുമൂലം പലിശയിനത്തിൽ ചെലവഴിക്കുന്നത് എന്നോർക്കുന്നത് നല്ലതാണ്.

അടിയന്തര ഫണ്ട് ഇല്ലാതിരിക്കുക

അടിയന്തര ഫണ്ട് എന്ന വിഷയത്തിലേക്കു പലരുടെയും ശ്രദ്ധ പതിയാറില്ല. കുടുംബമായി ജീവിക്കുന്നവർക്ക് പ്രായമായ മാതാപിതാക്കളും കൊച്ചുകുട്ടികളുമുണ്ടെങ്കിൽ ഇടയ്ക്കിടെയെങ്കിലും ആശുപത്രിചെലവുകൾ ഉണ്ടായെന്നുവരാം. ഇത്തരം സാഹചര്യങ്ങളിൽ കടംമേടിച്ചാണ് ഭൂരിപക്ഷവും ചെലവുകൾ നിർവഹിക്കുന്നത്. കടം തിരിച്ചുകൊടുക്കേണ്ടതായതുകൊണ്ട് അടിയന്തരമായ ഈ ചെലവുകളുടെ പേരിൽ പിന്നീട് സാമ്പത്തികബുദ്ധിമുട്ട് നേരിടുകയും കുടുംബത്തിന്റെ താളക്രമം തെറ്റുകയും ചെയ്യുന്നു. ഇത് സംഭവിക്കാതിരിക്കാൻ നിർബന്ധമായും മാസാവസാനം അടിയന്തരഫണ്ടിലേക്ക് ഒരു തുക നീക്കിവയ്ക്കുക.അടിയന്തരഫണ്ട് ഇല്ലാത്തതുകൊണ്ട് കടക്കാരായി നാം ജീവിതം മുന്നോട്ടുനയിക്കുന്നു.

മ്യൂച്ചൽ ഫണ്ടുകൾ ഉപയോഗിക്കാതിരിക്കുക

ഇന്ന് മ്യൂച്ചൽഫണ്ടുകൾ വ്യാപകമായിരിക്കുകയാണ്. എന്നാൽ സാധാരണക്കാർക്ക് അതിന്റെ പ്രയോജനത്തെക്കുറിച്ച് വലിയ ധാരണകളില്ല. മ്യൂച്ചൽ ഫണ്ടുകളെക്കുറിച്ചു മനസ്സിലാക്കി നിക്ഷേപം നടത്തുന്നത് സമ്പാദിക്കാനുള്ള ഒരു മാർഗമാണ്.

ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാതിരിക്കുക

ഇൻഷ്വറൻസ് പരിരക്ഷ ഒരുപരിധിവരെ നമ്മെ കടക്കാരാക്കാതിരിക്കും. ശരിയായ രീതിയിലുള്ള ആരോഗ്യ അല്ലെങ്കിൽ ലൈഫ് ഇൻഷുറൻസ്  നേടുക. അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകുമ്പോൾ കഠിനാധ്വാനം ചെയ്ത സമ്പാദ്യം നഷ്ടമാകാതിരിക്കാൻ ഇതേറെ സഹായിക്കും.

More like this
Related

സാമ്പത്തികമായി അഭിവൃദ്ധിപ്പെടണോ?

സാമ്പത്തികഭദ്രത സന്തോഷകരമായ ജീവിതത്തിന്റെ ഭാഗമാണ്. സാമ്പത്തികബാധ്യതകൾ മാത്രമല്ല സമ്പത്ത് എങ്ങനെ കൈകാര്യം...

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും

ഡയമണ്ട് നെക്ക്ലേസ് എന്ന സിനിമയിലെ നായകനെ  ചിത്രം കണ്ടവരാരും മറക്കാനിടയില്ല. വരവിൽകൂടുതൽ...
error: Content is protected !!