ആദ്യം തന്നെ പറയട്ടെ സന്തോഷം ഒരിക്കലും പുറമേ നിന്നല്ല അകമേ നിന്നാണ് വരുന്നത്. ചിന്തയും ബന്ധവും ആത്മീയതയും നന്മയും തമ്മിൽ അതിനു ബന്ധമുണ്ട്. എന്നാൽ ഭൗതികമായ നന്മകൾ സന്തോഷം തരുന്നുണ്ട് എന്ന കാര്യവും നിഷേധിക്കാനാവില്ല. പക്ഷേ ഭൗതികമായ സമൃദ്ധിയുള്ള വ്യക്തികൾ പോലും ആന്തരികമായി സന്തോഷവും സമാധാനവും അനുഭവിക്കുന്നില്ല എന്ന് തിരിച്ചറിയുമ്പോഴാണ് സന്തോഷത്തിന്റെ കാരണം ബാഹ്യമായി മാത്രമല്ല എന്ന് നാംപറയേണ്ടിവരുന്നത്. അതുകൊണ്ട് സന്തോഷത്തിന്റെ ഉറവിടങ്ങളെ നമുക്ക് വ്യത്യസ്തമായി സമീപിക്കേണ്ടതുണ്ട്.
സന്തോഷം ആസ്വദിക്കാൻ ജീവിതത്തിന് അർത്ഥമുണ്ടെന്നു നമുക്ക് തോന്നണം. ചെയ്യുന്ന കാര്യങ്ങളിൽ ലക്ഷ്യം ഉണ്ടെങ്കിൽ അതിൽ നിന്ന് സന്തോഷം ഉദിക്കുന്നു. ദൗത്യബോധം ഉണ്ടാകുമ്പോഴാണ് ജോലിയിൽ പോലും നമുക്ക് സംതൃപ്തി ഉണ്ടാകുന്നത്.പരസ്പര സ്നേഹവും ആദരവുമുള്ള ബന്ധങ്ങൾ നമുക്ക് അതീവ സന്തോഷം നൽകുന്നുണ്ട്. കുടുംബം, സുഹൃത്തുക്കൾ, സഹപ്രവർത്തകർ തുടങ്ങിയവയുമായി ഉള്ള ആരോഗ്യപരമായ ബന്ധവും അടുപ്പവും സന്തോഷവും സമാധാനവും ആശ്വാസവും നല്കുന്നുണ്ട്. കൃതജ്ഞതയാണ് മറ്റൊന്ന്. ലഭിച്ചതിന് നന്ദി പറയുന്നതു മാത്രമല്ല നമുക്കു പലതും ഇല്ലെന്ന പരാതിപറയുമ്പോൾ നമ്മെക്കാൾ കുറവുകളും ഇ്ല്ലായ്മകളും ഉള്ളവരുണ്ടെന്ന തിരിച്ചറിവാണ് യഥാർത്ഥത്തിൽ നമ്മെ കൃതജ്ഞതയുള്ളവരാക്കിമാറ്റുന്നത്. വലിയകാര്യങ്ങൾ സംഭവിക്കുമ്പോൾ മാത്രമല്ല തീരെ ചെറിയ കാര്യങ്ങൾ സംഭവിക്കുമ്പോഴും നാം നന്ദിപറയണം. എന്തിന് ജോലി ചെയ്തതിന് കൂലി കിട്ടുമ്പോൾ പോലും. ജോലി ചെയ്യാൻ ആരോഗ്യവും കഴിവും ഉണ്ടായതിനും എത്രയോ പേർക്ക് ജോലി ചെയ്തിട്ടും കൂലി കിട്ടാത്തപ്പോൾ നമുക്ക് കൂലി കൃത്യസമയത്ത് കിട്ടിയതിനെപ്രതിയുമായിരിക്കണം ആ നന്ദി. ആത്മീയതയ്ക്ക് ഒരാളെ സന്തോഷവാനാക്കാൻ കഴിവുണ്ട്. പ്രക്ഷുബ്ധമായ മനസ്സുകളെ ശാന്തമാക്കാൻ ധ്യാനത്തിനും പ്രാർത്ഥനയ്ക്കും സാധിക്കുന്നുണ്ട്. ദൈവവിചാരം പലർക്കും പ്രചോദനവും ആശ്വാസവും സമാധാനവും സന്തോഷവുമാണ്. അനാവശ്യമായ താരതമ്യങ്ങൾ ഒഴിവാക്കി അവനവരിൽത്തന്നെ സംതൃപ്തി കണ്ടെത്തുക എന്നതും സന്തോഷത്തിന്റെ വഴിയാണ്.തന്നിലുള്ളതിൽ അഭിമാനിക്കുമ്പോഴും കുറവുകളോടുകൂടി അംഗീകരിക്കുമ്പോഴും നാം സന്തോഷമുള്ള വ്യക്തികളായി മാറുന്നു. മറ്റൊരാളെ സഹായിക്കുമ്പോൾ കിട്ടുന്നതും സന്തോഷമാണ്. പക്ഷേ ഇതേക്കുറിച്ച് നമ്മളിൽ പലരും അജ്ഞരാണ്. കയ്യിലുണ്ടായിട്ടും മറ്റുള്ളവരെ അവരുടെ ആവശ്യമറിഞ്ഞ് സഹായിക്കാൻ നമ്മൾ പലപ്പോഴും മടിവിചാരിക്കുന്നു. തനിക്കുകുറഞ്ഞുപോകുമോയെന്നതാണ് ഭയം. ഇതൊരു തെറ്റിദ്ധാരണയാണ്. ഉള്ളതിൽ നിന്ന് ഒരു പങ്ക് മറ്റുള്ളവർക്കു കൊടുത്തുനോക്കൂ. തീർച്ചയായും നമുക്ക് നഷ്ടബോധമല്ല സന്തോഷമേ തോന്നുകയുള്ളൂ.
ചുരുക്കത്തിൽ ആരും നമുക്ക് സന്തോഷം കൊണ്ടുവന്നുതരുകയില്ല. സന്തോഷം നമ്മൾ കണ്ടെത്തുകയാണ്, സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.