പലതരത്തിലുള്ള ബന്ധങ്ങളുടെ ലോകത്തിലാണ് നമ്മുടെ ജീവിതം. ചില ബന്ധങ്ങൾ സന്തോഷം നല്കുന്നു, മറ്റുചിലത് സങ്കടവും. പക്ഷേ വേദനയും സംഘർഷവും തന്ന് സങ്കീർണമാക്കുന്ന ബന്ധങ്ങളുമുണ്ട്. ഈ ബന്ധങ്ങളോടുള്ള ഓരോരുത്തരുടെയും സമീപനം വ്യത്യസ്തമാണ്. ചിലർ പ്രതികൂലമായ ഏതുബന്ധത്തെയും എങ്ങനെയും മുന്നോട്ടുകൊണ്ടുപോകും. സഹിച്ചും വിട്ടുവീഴ്ച ചെയ്തും ക്ഷമിച്ചും മുന്നോട്ടുകൊണ്ടുപോകേണ്ടതാണ് ബന്ധങ്ങളെന്നാണ് അവരുടെ ധാരണ. പക്ഷേചിലർക്ക് അതിനുള്ള കഴിവില്ല. മാത്രവുമല്ല അതിന്റെ ആവശ്യവുമില്ല. സന്തോഷവും സമാധാനം നല്കുന്നില്ല എന്നുമാത്രമല്ല വ്യക്തിജീവിതത്തിലെ എല്ലാ സന്തോഷങ്ങളും അപഹരിക്കുകയും നമ്മെ വലിയ ട്രോമകളിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്ന ബന്ധങ്ങൾ വഹിക്കേണ്ടവയല്ല വലിച്ചെറിയേണ്ടവതന്നെയാണ്. എന്നാൽ എങ്ങനെ വലിച്ചെറിയണം, എപ്രകാരം വലിച്ചെറിയണം എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഇതാ അതിലേക്കുളള ചില മാർഗനിർദേശങ്ങൾ
ശരിയായ സമയവും സ്ഥലവും തിരഞ്ഞെടുക്കുക
ഒരു ബന്ധം അവസാനിപ്പിക്കുമ്പോൾ, അക്കാര്യം അറിയിക്കുന്ന വിധം വളരെ പ്രധാനമാണ്. ഇതിനായിട്ടൊരിക്കലും പൊതുഇടങ്ങൾ തിരഞ്ഞെടുക്കരുത്. ശാന്തവും സ്വകാര്യവുമായ ഇടമാണ് തിരഞ്ഞെടുക്കേണ്ടത്. അതിലൂടെ മറ്റേയാൾക്ക് തന്റെ വികാരങ്ങൾ തുറന്നു പറയാൻ അവസരം കിട്ടും. ഫോണിലോ മെസേജിലോ ബന്ധം അവസാനിപ്പിക്കുന്നത് അവർക്ക് അധിക വേദന മാത്രമേ സൃഷ്ടിക്കൂ. നേരിൽ കാണാനും, സ്നേഹപൂർവ്വം വിശദീകരിക്കാനും ശ്രമിക്കുക.
മനസ്സിൽ വ്യക്തത വരുത്തുക
ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് അതിനുള്ള ഉറച്ച കാരണങ്ങൾ മനസ്സിലാക്കണം. ചിലപ്പോൾ താൽക്കാലികമായ വിഷമം കൊണ്ടോ ചെറിയ തെറ്റിദ്ധാരണകൾ കൊണ്ടോ വേർപിരിയാൻ തീരുമാനിക്കാം. പക്ഷേ അതല്ല വേണ്ടത്. ‘എനിക്ക് ഈ ബന്ധത്തിൽ സന്തോഷമില്ല’, ‘ഞങ്ങൾ തമ്മിലുള്ള മൂല്യങ്ങൾ പൊരുത്തപ്പെടുന്നില്ല’, എന്നീ കാരണങ്ങൾ വ്യക്തമായി മനസ്സിലാക്കിയതിനു ശേഷം മാത്രം തീരുമാനത്തിലേക്ക് കടക്കുക.
സത്യസന്ധമായി സംസാരിക്കുക
സംസാരിക്കുമ്പോൾ അനാവശ്യമായ കുറ്റപ്പെടുത്തലുകളോ രൂക്ഷമായ വാക്കുകളോ ഒഴിവാക്കുക. ഏകപക്ഷീയമായി പഴിചാരാതിരിക്കുക. നമ്മൾ രണ്ടുപേരും ഒറ്റയ്ക്കൊറ്റയ്ക്ക് നല്ല വ്യക്തികളാണ്., പക്ഷേ ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ല എന്ന് തോന്നുന്നു. ഈ രീതിയിൽ വിഷയം അവതരിപ്പിക്കാവുന്നതാണ്.
കേൾക്കാൻ തയ്യാറാവുക
ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ച വ്യക്തി അക്കാര്യം അറിയിക്കുമ്പോൾ മറ്റേ ആൾക്ക് പറയാനുള്ള വിശദീകരണം കേൾക്കാൻ തയ്യാറാവണം. അയാളെ കേൾക്കാതെ പോയാൽ അത് പിന്നീട് പലപ്രശ്നങ്ങൾക്കും വഴിതെളിക്കും. അവസാനിപ്പിക്കപ്പെടുന്ന ഒരാൾക്ക് കോപം, ദുഃഖം, നിരാശ തുടങ്ങിയ വികാരങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അവരുടെ ചോദ്യങ്ങൾക്ക് കഴിയുന്നത്ര ശാന്തമായി മറുപടി നൽകുക. അവർക്കാവശ്യം സത്യസന്ധമായ മറുപടിയാണ്. . വാദപ്രതിവാദത്തിലേർപ്പെടാതെ, സഹിഷ്ണുതയോടെ കേൾക്കുക.
ദയയും ബഹുമാനവും നിലനിർത്തുക
ഒരു ബന്ധം അവസാനിപ്പിക്കുമ്പോൾ, അതിന്റെ ഓർമ്മകൾ വേദനാജനകമാകാതിരിക്കാൻ ദയയും ബഹുമാനവും നിലനിർത്തേണ്ടത് അത്യാവശ്യമാണ്.’നിന്നോടുള്ള എന്റെ ബഹുമാനം എന്നും തുടരും’, ‘നിനക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടെ’ എന്നിങ്ങനെ പറഞ്ഞ് വേർപിരിയലിന്റെ സംഘർഷവും വേദനയും കുറയ്ക്കാൻ ശ്രമിക്കുക.
