ലോകത്തിലെ ഏറ്റവും ഡിജിറ്റൽ തലമുറയായി അറിയപ്പെടുന്നത് 1997 നും 2012 നും ഇടയിൽ ജനിച്ചവരാണ്. Gen Z എന്നാണ് ഇവർ വിശേഷിപ്പിക്കപ്പെടുന്നത്. കുഞ്ഞുങ്ങളായിരിക്കുമ്പോൾ തന്നെ അവർ സ്മാർട്ട്ഫോണുകൾ, ഇന്റർനെറ്റ്, സോഷ്യൽ മീഡിയ എന്നിവയുടെ ലോകത്തേക്ക് പ്രവേശിച്ചവരാണ്. അതുകൊണ്ടുതന്നെ അതിനു മുമ്പത്തെ തലമുറ പോലെ മൈതാനത്തുള്ള കളിയോ കൂട്ടുകാരുമൊത്തുളള നേരിട്ടുള്ള സൊറ പറച്ചിലോ അവർക്കില്ലാതായി. തന്മൂലം പ്രകൃതിയുമായി അവർക്ക് ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. ഇങ്ങനെയൊരു സാഹചര്യത്തിലാണ് Touch Grass എന്ന പ്രയോഗം നിലവിൽ വന്നിരിക്കുന്നത്.
പ്രകൃതിയുമായി സമ്പർക്കത്തിലാകൂ, പച്ച അനുഭവിക്കൂ എന്നെല്ലാമാണ് ഇതിന്റെ അർത്ഥം. സ്ക്രീൻകേന്ദ്രിത ജീവിതശൈലിയിൽ നിന്ന് പുറത്തുവരാനുള്ള, ജീവിതത്തിന്റെ ഭൂരിഭാഗവും ഓൺലൈനിൽ ജീവിക്കുന്ന പുതുതലമുറയോടുളള ആഹ്വാനമാണ് ഇത്. ഇന്നത്തെ ഈ തലമുറ ജീവിക്കുന്നത് ഒരു സ്ക്രീൻ ലോകത്തിലാണ്. സൗഹൃദവും പ്രണയവും വാങ്ങലും വില്പ്പനയും എല്ലാം ഈ ലോകത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ പ്രകൃതിയുമായും മറ്റു മനുഷ്യരുമായും അവർക്ക് നേരിട്ടുള്ള ബന്ധം അസാധ്യമായി വരുന്നു. ഒരു കണക്കിൽ നോക്കിയാൽ അവർക്ക് അത്തരമൊരു ലോകം ആവശ്യമില്ലാതെയുമായിരിക്കുന്നു. വസ്ത്രവും ഭക്ഷണവും വരെ അവർക്ക് ഓൺലൈനിലൂടെ ലഭ്യമാകുന്ന ഒരു കാലഘട്ടമാണ് ഇത്. ഒന്നിനും പുറത്തുപോകേണ്ട. പുറത്തേക്കുള്ള എല്ലാവാതിലുകളും അടച്ച് ഉളളിൽ അടച്ചുപൂട്ടിക്കഴിയുന്ന അവരെ പുറത്തുകൊണ്ടുവരിക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒരുതരത്തിൽ പറഞ്ഞാൽ മാതാപിതാക്കൾ തന്നെയാണ് മക്കളെ ഇങ്ങനെയാക്കിയതെന്നും പറയാം. കാരണം പുറംലോകത്തേക്ക് മക്കളെ അയ്ക്കുന്നതിനെക്കാൾ അവർ സുരക്ഷിതരായിരിക്കുന്നത് വീടിനുളളിൽ മൊബൈൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതാണെന്ന് കരുതുന്നവരാണ് അവർ. ഇക്കാര്യത്തിൽ കോവിഡും ലോക്ക് ഡൗണും പ്രധാനപങ്കുവഹിക്കുകയും ചെയ്തു. ഡിജിറ്റൽ ആശ്രിതത്വം കൂടുമ്പോൾ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് നോക്കൂ. പുറത്തിറങ്ങാതെ വരുമ്പോൾ നിരവധി ശാരീരികാരോഗ്യപ്രശ്നങ്ങൾ അവർ നേരിടുന്നുണ്ട്. പ്രധാനമായും വിറ്റാമിൻ ഡിയുടെ കുറവ്. അതുപോലെ അമിതവണ്ണം, അമിതസ്ക്രീൻ ഉപയോഗം മൂലമുളള ശരീരക്ഷീണം, ഉറക്കക്കുറവ്, കണ്ണിന്റെ ക്ഷീണം.
മാനസികപ്രശ്നങ്ങളും അവരെ നല്ലതുപോലെ ബാധിക്കുന്നുണ്ട്, വിഷാദവും സമ്മർദ്ദവുമാണ് പ്രധാനമായും സംഭവിക്കുന്നത്. പുറംലോകവുമായി ഇടപഴകാനുളള ആത്മവിശ്വാസം അവർക്ക് നഷ്ടമാകുന്നു ഒറ്റപ്പെട്ടവരായി ജീവിക്കാനുള്ള പ്രവണത ഉടലെടുക്കുന്നു. ഭാവിയിൽ വ്യക്തിബന്ധങ്ങളെയും തൊഴിൽ ബന്ധങ്ങളെയും വരെ ഇത് പ്രതികൂലമായി ബാധിക്കുന്നു.. പ്രകൃതിയുമായുള്ള സമ്പർക്കം കുറയുന്നതിലൂടെ അവരുടെ ഭാവനകൾക്ക് വിഘാതം സൃഷ്ടിക്കപ്പെടുന്നു. സ്ക്രീനുകളിൽ കുടുങ്ങിപ്പോയവർക്ക് സർഗ്ഗശേഷി കുറഞ്ഞുവരുന്നതായിട്ടാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ടാണ് ടച്ച് ഗ്രാസ് ഈ കാലഘട്ടത്തിന്റെ ആവശ്യമായി മാറുന്നത്. ജീവിതശൈലിയിൽ മാറ്റം വരുത്താനുള്ള ആഹ്വാനമാണ് ഇത്. പ്രകൃതിയിലേക്ക് ഇറങ്ങുക. പച്ചപ്പ് അനുഭവിക്കുക. കാടിന്റെ നിശ്ശബ്ദതയും കടലിന്റെ ശബ്ദവും അനുഭവിക്കുക. ഇതിലൂടെ സ്ട്രസു കുറയുകയും ആത്മവിശ്വാസം വർദ്ധിക്കുകയും ഭാവന ഉണരുകയും ചെയ്യും. പാർക്കും പൊതുഇടങ്ങളും സൗഹൃദം വളർത്തുന്ന സ്ഥലങ്ങളായി വളർത്തുക. പണ്ടുകാലത്തെ നല്ല ബന്ധങ്ങൾ രൂപപ്പെട്ടിരുന്നതും സാമൂഹികബോധം ഉണ്ടാകുന്നതും കവലകളും വായനശാലകളും പള്ളിക്കൂടം മൈതാനങ്ങളും മറ്റും കേന്ദ്രീകരിച്ചായിരുന്നു. ഇവയിൽ നിന്നുള്ള പടിയിറക്കവും പ്രകൃതിയിൽ നിന്നുള്ള അകൽച്ചയും മൂലം കുട്ടികൾ മറ്റൊരു വരണ്ടലോകത്തിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അവർക്ക് നഷ്ടപ്പെട്ടത് തിരികെകൊടുക്കാൻ സമൂഹം ഒരുമിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. സ്ക്രീനുകൾക്ക് അവധികൊടുത്ത് പ്രകൃതിയിലേക്ക് പുതു തലമുറയെ കൊണ്ടുപോകാൻ കൂട്ടായ പരിശ്രമം ആവശ്യമാണ്, മനുഷ്യരെ നേരിൽ കാണൂ, അവരെ നേരിൽ അനുഭവിക്കൂ. ഭാവനകൾ ഉണരട്ടെ.. സർഗശേഷി ചിറകടിച്ചുയരട്ടെ. അതിന് പ്രകൃതിയിലേക്ക് നമുക്ക് ഇറങ്ങാം, മക്കളെയും കൂട്ടി…
