ചിലരെ നോക്കി നമ്മൾ പറയാറില്ലേ അയാളൊരു നല്ല മനുഷ്യനാണെന്ന്.പെരുമാറ്റം കൊണ്ടോ സംസാരം കൊണ്ടോ ആ വ്യക്തി നമ്മളിൽ സൃഷ്ടിക്കുന്ന പ്രതീതിയാണ് അത്. നല്ല മനുഷ്യന് എന്തെങ്കിലും പ്രത്യേകതയുണ്ടോ? അല്ലെങ്കിൽ ഒരു വ്യക്തി നല്ല മനുഷ്യനാണ് എന്ന് പറയുന്നതിന് എന്താണ് അടിസ്ഥാനം? ചില നല്ല മനുഷ്യരുടെ ലക്ഷണങ്ങളിലൂടെ കടന്നുപോകാം.
തന്നെപോലെ മറ്റുള്ളവരെ പരിഗണിക്കുകയും വിലമതിക്കുകയും ചെയ്യുന്നത് നല്ല മനുഷ്യന്റെ ലക്ഷണങ്ങളിൽപെടുന്നു. എന്നെപോലെ തന്നെയാണ് നീ എന്ന തിരിച്ചറിവാണ് അതിന് അയാളെ പ്രേരിപ്പിക്കുന്നത്. പലപ്പോഴും കണ്ടുവരുന്നത് ഇതിന് വിരുദ്ധമായ മനോഭാവമാണ്. എല്ലാം എനിക്കു മതി. നിനക്കൊന്നും വേണ്ട. അല്ലെങ്കിൽ ബഹുമാനവും ആദരവും എനിക്കു മതി. നിനക്ക് അതിനുള്ള യോഗ്യതയില്ല. ഇതൊരിക്കലും നല്ല മനുഷ്യരുടെ രീതിയല്ല. എല്ലാവരെയും അകമഴിഞ്ഞ് സഹായിക്കാനോ എല്ലാവരുടെയും എല്ലാ ആവശ്യങ്ങളും നിറവേറ്റാനോ കഴിഞ്ഞിരിക്കണമെന്നില്ല. എങ്കിലും സാധിക്കുന്നതുപോലെ മറ്റുള്ളവരെ സഹായിക്കാൻ തയ്യാറാവുക. പണം കൊടുത്തു മാത്രമല്ല ചില ജീവിതമാർഗങ്ങൾ പറഞ്ഞുകൊടുത്തും ശുപാർശ ചെയ്തുമൊക്കെ മറ്റുളളവർക്ക് നന്മ ചെയ്യാവുന്നതേയുള്ളൂ. മറ്റുള്ളവരുടെ നല്ല പ്രവൃത്തികളെ അഭിനന്ദിക്കുക. പലരും ആഗ്രഹിക്കുന്നത് എല്ലാവരും തന്നെക്കുറിച്ച് നല്ലതുപറയണം എന്നു മാത്രമാണ്. മറ്റുള്ളവരും നല്ലതുകേൾക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവർ ശ്രദ്ധിക്കാറില്ല. ഇല്ലാക്കഥകൾ പറഞ്ഞുപരത്താതിരിക്കുകയും അപവാദങ്ങൾ പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യുക. വിനയമില്ലെങ്കിലും സാരമില്ല പ്രതിപക്ഷബഹുമാനത്തോടെയെങ്കിലും സംസാരിക്കാൻ പഠിക്കുക. വിയോജിപ്പുകൾ ഒരാൾ പറഞ്ഞതിന്റെ പേരിൽ അയാളെ ശത്രുവായി കരുതാതിരിക്കുക. അയാൾ പറഞ്ഞതിൽ നല്ലതായിട്ടെന്തെങ്കിലും ഉണ്ടെങ്കിൽ സ്വീകരിക്കാൻ തയ്യാറാവുക. എല്ലാവരെയും നന്നാക്കിയെടുക്കാൻ നമുക്ക് സാധിക്കണമെന്നില്ല. പക്ഷേ ഒരാളുടെ പോലും നാശത്തിന് നാം കാരണക്കാരാകാതിരിക്കുക. പലരും മദ്യപാനത്തിലേക്കും പുകവലിശീലത്തിലേക്കും മാറുന്നതിന് കാരണം ചില കൂട്ടുകെട്ടുകളാണ്. ഇത്തരം ബന്ധങ്ങൾ വ്യക്തികളെ അപകടത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചേക്കാം. അതുകൊണ്ട് ആരുടെയും നാശത്തിന് കാരണക്കാരനാകാതിരിക്കുക. ഒരു ദിവസം അവസാനിക്കാറാകുമ്പോൾ ആത്മവിശകലനം നടത്തുക. ആരെയെങ്കിലും ബോധപൂർവ്വം വേദനിപ്പിച്ചോ.. ആരോടെങ്കിലും അനുചിതമായി പെരുമാറിയോ? തെറ്റുതിരുത്താൻ സാധ്യതയുണ്ടെങ്കിൽ അതു തിരുത്തുക. തെറ്റുകൾ പറ്റാത്തവനല്ല, ചെയ്തത് തെറ്റാണെന്ന് അറിയുമ്പോൾ അതു സ്വയം തിരുത്താൻ തയ്യാറാകുന്നവനാണ് യഥാർത്ഥ മനുഷ്യൻ.
