ശാസ്ത്രസാങ്കേതികവിദ്യകൾ പുരോഗമിക്കും തോറും മനുഷ്യന്റെ സ്വകാര്യത നഷ്ടപ്പെടുന്നു എന്നതാണ് ഏറെ ഖേദകരം. കാരണം മനുഷ്യന്റെ സ്വകാര്യതകളെ ഭേദിച്ചുകൊണ്ടാണ് ശാസ്ത്രസാങ്കേതികവിദ്യകൾ മുന്നോട്ടുകുതിക്കുന്നത്. എവിടെയും മനുഷ്യന് സ്വകാര്യത നഷ്ടപ്പെടുന്നു. തൊഴിലിടങ്ങളിൽ മുതൽ സ്വകാര്യ മുറികളിൽ വരെ. പൊതുനിരത്തുകളിൽ പോലും നമ്മുടെ ചലനങ്ങൾ ഒപ്പിയെടുക്കപ്പെടുന്നു.വേണ്ടിവന്നാൽ പിടികൂടാൻ തന്നെ. സ്വകാര്യമായ സംഭാഷണശകലങ്ങൾ പരസ്യമാക്കപ്പെടുന്നു. ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പാദ്യം എന്നുപറയുന്നത് അവന്റെ സ്വകാര്യതയാണ്.
എല്ലാ പുറംമോടികളും അഴിച്ചുവച്ച് അവൻ സുതാര്യനാകുന്ന ഇടമാണ് അത്. അവിടേയ്ക്കാണ് ഏതെല്ലാമോ വിധത്തിൽ ആരൊക്കെയോ അതിക്രമിച്ചുകയറുന്നത്. സ്വകാര്യതകളെ ഭേദിക്കുമ്പോൾ ഒരുവന്റെ നഗ്‌നത തന്നെയാണ് അനാവൃതമാക്കപ്പെടുന്നത്. ഒരാളും സ്വന്തം നഗ്‌നത പരസ്യപ്പെടുത്താൻ- സുബോധമുള്ളപ്പോൾ- തയ്യാറല്ല. അതുകൊണ്ടുതന്നെ സ്വകാര്യത ഹനിക്കപ്പെടുമ്പോൾ അവൻ ഭയചകിതനാകുന്നു. ഹൃദയത്തിൽ സൂക്ഷിക്കുന്നതാണ് സ്വകാര്യം. എന്നിട്ടും ഏതൊക്കെയോ അവസരങ്ങളിൽ ഏറെ സ്നേഹിച്ചും വിശ്വസിച്ചുംപോയവരോട് സ്വകാര്യമായി ചിലതൊക്കെ പറഞ്ഞുപോകും. നാളെയത് വിളംബരം ചെയ്യപ്പെടും എന്നറിയാതെ.. സ്വകാര്യതയെ മാനിക്കുക. സ്വകാര്യത്തെ കാത്തുസൂക്ഷിക്കുക. സ്വകാര്യമായി പറഞ്ഞത് നിന്നോടുകൂടി മണ്ണടിയട്ടെ.
സ്നേഹപൂർവം
വിനായക് നിർമ്മൽ
