ഓരോ പുതുവർഷവും നമ്മളിൽ പലരും പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നു. കൂടുതൽ ആരോഗ്യകരമായ ജീവിതം, നല്ല ബന്ധങ്ങൾ, പുതിയ തുടക്കങ്ങൾ. എന്നാൽ ഇതെല്ലാം സാധ്യമാകാൻ ആവശ്യമായ ഒരു കാര്യമാണ് പലരും മറക്കുന്നത്. അതിരുകൾ (Boundaries).
മനഃശാസ്ത്രവിദഗ്ധർ പറയുന്നത് പോലെ, അതിരുകൾ സ്ഥാപിക്കുക എന്നത് മറ്റുള്ളവരെ അകറ്റാനുള്ള കാര്യമല്ല; അത് നമ്മെ സ്വയം സംരക്ഷിക്കാനുള്ള ബോധപൂർവമായ മാർഗമാണ്. പുതുവർഷത്തിൽ കൂടുതൽ സമാധാനവും മാനസികസന്തുലിതത്വവും ആഗ്രഹിക്കുന്നുവെങ്കിൽ, ഈ അതിരുകൾ തീർച്ചയായും സ്ഥാപിക്കേണ്ടതാണ്.
1. ‘ഇല്ല’ എന്ന് പറയാനുള്ള അവകാശം തിരിച്ചുപിടിക്കുക. പലർക്കും മറ്റുള്ളവരെ നിരസിക്കാൻ കഴിയാതെ പോകുന്നു. കാരണം അത് സ്വാർത്ഥതയെന്ന് തോന്നുന്നു. പക്ഷേ, ‘ഇല്ല’ എന്നത് അത്യാവശ്യമായ ഒരു വാക്കാണ്. എല്ലാർക്കും സന്തോഷം പകരാനായി നാം സ്വയം ഭാരം ചുമക്കേണ്ടതില്ല. നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾക്ക് ‘ഇല്ല’ എന്ന് പറയാൻ പഠിക്കുക. അതാണ് ആത്മസ്നേഹത്തിന്റെ തുടക്കം.
2. ഡിജിറ്റൽ അതിരുകൾ നിശ്ചയിക്കുക. ഫോണുകൾ, സോഷ്യൽ മീഡിയ, സന്ദേശങ്ങൾ ഇവയൊക്കെ മനസിനെ അശാന്തമാക്കുന്നവയാണ്, പരിധികൾ നിശ്ചയിച്ചില്ലെങ്കിൽ. അതുകൊണ്ട് ഇവയുടെ ഉപയോഗത്തിന് സമയപരിധി നിശ്ചയിക്കുക: രാത്രി നിശ്ചിത സമയത്തിന് ശേഷം ഫോണുകൾ അകറ്റിവയ്ക്കുക, രാവിലെ ഉണർന്ന ഉടനെ നോട്ടിഫിക്കേഷനുകളിൽ ചാടാതിരിക്കുക. നിങ്ങളുടെ ശ്രദ്ധയും മനസ്സും സംരക്ഷിക്കുക. ഓൺലൈൻ ലോകം കാത്തിരിക്കും. എന്നാൽ നിങ്ങളുടെ മനസിന് വിശ്രമം ആവശ്യമാണ്.
3. വ്യക്തിപരമായ ആവശ്യങ്ങൾക്കായി സമയം സംരക്ഷിക്കുക. ദിനചര്യയിൽ നിന്ന് കുറച്ച് സമയം നിങ്ങൾക്കായി മാറ്റിവയ്ക്കുക. ആരോടും ചേരാതെ, ഒന്നും ചെയ്യാതെ, വെറും നിങ്ങൾക്കായി ചില നിമിഷങ്ങൾ ചെലവഴിക്കുക. അത് വായനയായാലും ശാന്തമായ നടക്കലായാലും പാട്ടുകേൾക്കലായാലും അതെന്തായാലും അത് നിങ്ങളുടെ ആത്മാവിന്റെ ജീവശ്വാസമാണ്.
4. വ്യത്യസ്ത അഭിപ്രായങ്ങളെ ബഹുമാനിക്കാനും അതിനുള്ള അതിരുകൾ നിശ്ചയിക്കാനും പഠിക്കുക. എല്ലാവരും നിങ്ങളുടെ പോലെ ചിന്തിക്കണമെന്നില്ല. നിങ്ങളെ വേദനിപ്പിക്കുന്ന സംഭാഷണങ്ങളിൽ നിന്ന് മാറി നിൽക്കാൻ ധൈര്യമുണ്ടാകണം. ബന്ധം നിലനിർത്താൻ എല്ലാം സഹിക്കേണ്ടതില്ല. ചിലപ്പോൾ മൗനം തന്നെയാണ് ഏറ്റവും ആരോഗ്യകരമായ മറുപടി.

5, ഉത്തരവാദിത്വങ്ങളുടെ അതിരുകൾ. മറ്റുള്ളവരുടെ പ്രശ്നങ്ങൾ മുഴുവൻ നിങ്ങളുടേതല്ല. സഹായിക്കുക നല്ലതാണെങ്കിലും എല്ലാം നിങ്ങളിലൂടെ പരിഹരിക്കാനാകില്ല. ഓരോരുത്തരും അവരുടെ ജീവിതം നേരിട്ടേ പറ്റൂ. അതിനാൽ നിങ്ങളുടെ മാനസികശക്തി മറ്റുള്ളവരിൽ കൂടുതലായി ചെലവഴിക്കരുത്.
6. ആത്മപരിപാലനത്തിനുള്ള അതിരുകൾ. പലർക്കും സ്വയം പരിചരിക്കുന്നത് ആഡംബരമാണെന്ന് തോന്നും. എന്നാൽ അത് ആവശ്യകതയാണ്. വിശ്രമിക്കുക, നല്ല ഭക്ഷണം കഴിക്കുക, മനസിന് സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യുക.
7. വികാരപരമായ അതിരുകൾ. നിങ്ങളെ നിരന്തരം വേദനിപ്പിക്കുന്നവരുമായി നിരന്തരം ബന്ധം പുലർത്തേണ്ടതില്ല. നിങ്ങളോട് അനാദരവ് കാണിക്കുന്ന, നിങ്ങളെ ചെറുതാക്കുന്ന ബന്ധങ്ങളിൽ നിന്ന് പിന്മാറുക. അത് ദ്രോഹമല്ല; ആത്മബഹുമാനമാണ്.
ലക്ഷ്യങ്ങൾക്കും സ്വപ്‌നങ്ങൾക്കും അതിരുകൾ നൽകുക. മറ്റുള്ളവർ പറയുന്നതനുസരിച്ച് അല്ല, ആഗ്രഹിക്കുന്നതനുസരിച്ച് നിങ്ങളുടെ ജീവിതം രൂപപ്പെടുത്തുക. മറ്റുള്ളവരുടെ പ്രതീക്ഷകളിൽ കുടുങ്ങിയാൽ, നിങ്ങളുടെ യാഥാർത്ഥ്യബോധം നഷ്ടപ്പെടും.
അതിരുകൾ സ്ഥാപിക്കുക എന്നാൽ ‘മറ്റുള്ളവരെ അകറ്റുക’ എന്നല്ല ‘സ്വയം സംരക്ഷിക്കുക’ എന്നതിന്റെ മറ്റൊരു രൂപമാണ്. പുതിയ വർഷത്തിൽ നിങ്ങൾ സ്ഥാപിക്കുന്ന ഈ അതിരുകൾ നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ വ്യക്തതയും സമാധാനവും സൃഷ്ടിക്കും.
