‘ഓ അവനൊരു അന്തർമുഖനാണ്…’ ചിലരെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായം അങ്ങനെയാണ്. ആ പ്രതികരണത്തിൽ തന്നെ അന്തർമുഖനായിരിക്കുക എന്നത് ഒരു കുറവാണെന്നും തെറ്റാണെന്നുമുള്ള ധ്വനിയുണ്ട്. പൊതുസമൂഹവുമായി യാതൊരുബന്ധവുമില്ലാത്ത, തൻകാര്യം മാത്രം നോക്കിനടക്കുന്ന ഒതുങ്ങിക്കൂടി ജീവിക്കുന്നവർ. പ്രത്യേകമായി യാതൊരു ഗുണവുമില്ലാത്തവർ. ഇങ്ങനെയൊരു നിർവചനമാണ് അന്തർമുഖർക്ക് നാം പൊതുവെ നല്കുന്നത്.
വീടുമായി കൂടുതൽ ചേർന്നുനില്ക്കുന്നവരും വിശ്രമിക്കാനും ചിന്തിക്കാനും വേണ്ടി വീടിനെ അമിതമായി ആശ്രയിക്കുന്നവരുമൊക്കെ ഈ നിർവചനത്തിൽ ഉൾപെടാറുണ്ട്. കൂടാതെ ഒറ്റയ്ക്കായിരിക്കാൻ ഇഷ്ടപ്പെടുന്നവർ, കൂടുതൽ സമയവും ഒറ്റയ്ക്ക് ചെലവഴിക്കുന്നവർ, കുറച്ചുമാത്രം സംസാരിക്കുന്നവർ, ആൾക്കൂട്ടങ്ങളിൽ നിന്ന് ഒഴിഞ്ഞുനില്ക്കുന്നവർ ഇവരെയെല്ലാം അന്തർമുഖരായിട്ടാണ് കണക്കാക്കപ്പെടുന്നത്.
അന്തർമുഖനായിരിക്കുക എന്നത് ഒരു കുറവാണെന്ന ധാരണ പരക്കെയുണ്ട്. എന്നാൽ ഇവിടെ മനസ്സിലാക്കേണ്ട കാര്യം അന്തർമുഖത്വം ഒരു കുറവോ തെറ്റോ അല്ലെന്നും അന്തർമുഖത്വം ബലഹീനതയല്ലെന്നുമാണ്. ലോകപ്രശസ്തരായ പല നേതാക്കളും അന്തർമുഖരായിരുന്നു. ഉദാഹരണത്തിന് മഹാത്മാഗാന്ധിയെയും എബ്രഹാം ലിങ്കണെയും പോലെയുള്ളവർ. ഇന്ത്യയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ജനസംഖ്യയിൽ അമ്പതുശതമാനത്തോളം അന്തർമുഖരാണ് എന്നാണ് കണക്കുകൾ പറയുന്നത്. കുറവുകൾക്കപ്പുറം ഗുണങ്ങൾ ഏറെയുള്ളവരാണ് അന്തർമുഖർ. സൃഷ്ടിപരമായ കഴിവുകൾ ഏറെയുള്ളവരാണ് അവർ.
എഴുത്തുകാരും ചിത്രകാരന്മാരും വിദ്യാഭ്യാസവിചക്ഷണന്മാരുമെല്ലാം അന്തർമുഖരാണ്. കൂടുതൽ കേൾക്കാൻ താല്പര്യമുള്ളവരും ആലോചിച്ചുമാത്രം സംസാരിക്കുന്നവരുമാണ് ഭൂരിപക്ഷം അന്തർമുഖരും. ബന്ധങ്ങളിൽ അവർ പുലർത്തുന്ന സത്യസന്ധതയും സുതാര്യതയുമാണ് മറ്റൊരുകാര്യം. ഒരുപാട് സൗഹൃദങ്ങൾ ഉളളവരായിരിക്കണമെന്നില്ല അവർ. പക്ഷേ ഉളള സൗഹൃദങ്ങളിൽ അവർ ആത്മാർത്ഥതയുള്ളവരായിരിക്കും. മറ്റുള്ളവരെ അമിതമായി ആശ്രയിക്കാതെ കാര്യങ്ങൾ ചെയ്യാൻ താല്പര്യമുള്ളവരുമാണ് അവർ.
അന്തർമുഖത്വം എന്ന അവസ്ഥയെ നിങ്ങൾ എങ്ങനെ കാണുകയും വിലയിരുത്തുകയും ചെയ്യുന്നു എന്നത് അനുസരിച്ചാണ് ആ അവസ്ഥയെ നിങ്ങൾ ക്രിയാത്മകമോ നിഷേധാത്മകമോ ആക്കുന്നത്. അന്തർമുഖരായിരിക്കുന്നതിൽ സന്തോഷവും സംതൃപ്തിയുമുള്ള മനുഷ്യരാണെങ്കിൽ അത് നിങ്ങളെ സംബന്ധിച്ച് തിളക്കമുള്ള അലങ്കാരമായിരിക്കും. അതേസമയം ലോകത്തിലെ ഏറ്റവും മോശമായ അവസ്ഥയാണ് അന്തർമുഖത്വം എന്ന് കരുതുന്നതെങ്കിൽ അത് നിങ്ങൾക്ക് അപമാനമായിരിക്കും.
