പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.. എന്നാൽ ഈ തീരുമാനങ്ങൾ അഥവാ ലക്ഷ്യങ്ങൾ എത്രപേർ എഴുതിസൂക്ഷിക്കുന്നുണ്ട്?
ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും, പുകവലി നിർത്തും, മദ്യപാനം ഉപേക്ഷിക്കും, സോഷ്യൽമീഡിയ ഉപയോഗം കുറയ്ക്കും, നല്ലതുപോലെ പഠിക്കും, പണം സമ്പാദിക്കും… പുതിയ വർഷത്തിൽ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന ചില തീരുമാനങ്ങളാണ് ഇവയെല്ലാം. എന്നാൽ ഈ തീരുമാനങ്ങളിൽ എത്രയെണ്ണം നിങ്ങൾ എഴുതിവയ്ക്കാറുണ്ട്? പുതിയവർഷത്തിൽ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എഴുതിവയ്ക്കുന്നത് അത് നടപ്പിലാക്കാൻ ഏറെ സഹായിക്കുന്നുവെന്നാണ് വിദഗ്ദർ പറയുന്നത്. ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുന്നത് നല്ലതാണ് എന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് അവ എഴുതിവയ്ക്കുന്നതും. കാരണം തീരുമാനങ്ങൾ എഴുതിവയ്ക്കുന്നത് നിങ്ങൾ എന്താണ് നേടാൻ ആഗ്രഹിക്കുന്നത് എന്നത് വ്യക്തമാക്കുകയും അത് ലക്ഷ്യം നേടാൻ സഹായിക്കുകയും ചെയ്യുന്നു.
ഒരു കാര്യം എഴുതിവയ്ക്കുമ്പോൾ അത് വഴികാട്ടിയായും തിരുത്തായും മാറുന്നു. എഴുത്തിന് ഉദ്ദേശ്യമുണ്ട്. പറയുന്ന കാര്യങ്ങൾ ചിലപ്പോൾ ഓർക്കാതെപോവുകയോ ഗൗനിക്കപ്പെടാതെ പോവുകയോ ചെയ്തേക്കാം. എന്നാൽ എഴുതിവയ്ക്കുമ്പോൾ അത് രേഖയായി മാറുന്നു. മറന്നുപോയാലും നാളെ അതെടുത്തുവായിക്കുമ്പോൾ തീരുമാനം നടപ്പിലാക്കാനുള്ള സഹായിയായി മാറുന്നു.
എഴുതിവയ്ക്കുന്നതിന്റെ മറ്റൊരു പ്രയോജനം ലക്ഷ്യം എത്രത്തോളം സാധിച്ചു, തീരുമാനം എത്രത്തോളം നടപ്പിലാക്കി എന്ന് അടുത്തവർഷാവസാനം തിരിഞ്ഞുനോക്കുമ്പോൾ കണ്ടെത്താൻ സഹായിക്കുന്നു. കൂടുതൽ ഉത്തരവാദിത്തബോധമുള്ളവരായിമാറാൻ, പ്രതിജ്ഞാബദ്ധരാകാൻ, അധ്വാനിക്കാൻ, സ്വപ്നങ്ങളെ പിന്തുടരാൻ അതു സഹായിക്കും. അതുകൊണ്ട് ഈ വർഷം എടുക്കുന്ന ആദ്യത്തെ തീരുമാനം എന്റെ ലക്ഷ്യങ്ങൾ ഞാൻ എഴുതിസൂക്ഷിക്കും, ഇടയ്ക്കിടെ അതെടുത്തു വായിക്കുകയും മുന്നേറാനുള്ള പ്രേരണ ആർജ്ജിക്കുകയും ചെയ്യും എന്നതായിരിക്കട്ടെ.
സ്നേഹപൂർവ്വം
വിനായക് നിർമ്മൽ
