മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടുള്ള ഒരുജീവിതത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല. എല്ലാ കാര്യങ്ങളും മൊബൈൽ കേന്ദ്രീകൃതമാണ്. അതുകൊണ്ടുതന്നെ എല്ലാവരുടെയും കൈകളിൽ മൊബൈലുണ്ട്, പ്രായഭേദമെന്യേ. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾ മൊബൈൽ കണ്ടാണ് വളർന്നുവരുന്നത്. അവർക്ക് സ്വാഭാവികമായും മൊബൈലിനോട് അടുപ്പമോ അതും കടന്നു ആസക്തിയോ തോന്നുന്നത് ഈ പശ്ചാത്തലത്തിലാണ്. അവർ നോക്കുമ്പോൾ മാതാപിതാക്കൾ ദിവസത്തിലെ കൂടുതൽ മണിക്കൂറുകളും മൊബൈലിലായിരിക്കും. ഇതുവഴി കുഞ്ഞുങ്ങളിൽ ഉണ്ടാകാവുന്ന മാനസികവും ബൗദ്ധികവുമായ മാറ്റങ്ങളെക്കുറിച്ച് പല മാതാപിതാക്കളും ബോധവാന്മാരുമല്ല. മാതാപിതാക്കളുടെ അതിരുകടന്ന മൊബൈൽ ഉപയോഗം കുട്ടികളെ ദോഷകരമായി ബാധിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
സംസാരത്തിന്റെ അളവ് കുറയുകയോ സംസാരിക്കാൻ വൈകുകയോ ചെയ്യുക
ഇന്ന് ആളുകൾ കൂടുതലും സംസാരിക്കുന്നത് അകലെയുള്ളവരോട് മൊബൈലിലൂടെയാണ്. കുഞ്ഞുങ്ങൾ ഭാഷ പഠിക്കുന്നത് നേരിട്ടുള്ള കേൾവിയിലൂടെയും മറുപടിയിലൂടെയും ആണ്. കുട്ടികൾ വാക്കുകളും ഭാഷയും പഠിക്കുന്നത് അവരോടുള്ള ഇടപെടലിലൂടെയാണ്. പക്ഷേ പല മാതാപിതാക്കൾക്കും കുഞ്ഞുമക്കളോട് സംസാരിക്കാൻ സമയമില്ല. അതുകൊണ്ടു കുഞ്ഞുങ്ങൾക്ക് വാക്കുകളോ ഭാഷയോ മനസ്സിലാകുന്നില്ല. അവർ സംസാരിക്കുന്നത് വൈകുന്നു എന്നു മാത്രമല്ല സംസാരിക്കുമ്പോൾ വാക്കുകൾ പ്രയോഗിക്കുന്നതും വളരെ കുറവായിരിക്കും.
ഇടപെടലും കൊടുക്കൽവാങ്ങലുകളും കുറയുന്നു
കുഞ്ഞ് ഒരു ശബ്ദമുണ്ടാക്കുമ്പോൾ അമ്മയോ അച്ഛനോ അതിനോട് തിരിച്ചു പ്രതികരിക്കാറുണ്ട്. അച്ഛനും അമ്മയും സംസാരിക്കുമ്പോൾ കുഞ്ഞ് തിരിച്ചും പ്രതികരിക്കാറുണ്ട് ഇതൊരു ഒഴുക്കാണ്. എന്നാൽ മൊബൈൽ വന്നതോടെ ഈ ഒഴുക്കിന് തടസം നേരിടുന്നു.
കണ്ണുകളിൽ നോക്കിയുള്ള ബന്ധം കുറയുന്നു
ഇടപെടലിലൂടെയാണ് കുഞ്ഞ് മറ്റു പല കാര്യങ്ങളും പഠിക്കുന്നത്. മുഖഭാവങ്ങൾ, ചുണ്ടുകളുടെ ചലനം അങ്ങനെ പലതും. ഇന്ന് പല മാതാപിതാക്കളും കുഞ്ഞിനെക്കാൾ കൂടുതൽ നോക്കുന്നത് മൊബൈലിനെയാണ്. ഫോണിലേക്കു നോക്കുന്നതുവഴിയായി കണ്ണുകളുമായുള്ള ബന്ധം കുറയുന്നു. കണ്ണുകൾ തമ്മിലുള്ള അടുപ്പം ഭാഷാവികസനത്തിന് നിർണായകമാണ്.
മൊബൈൽ സ്വാധീനം കുഞ്ഞുങ്ങളിലുമുണ്ടാകുന്നു
മൊബൈൽ കൈയിൽ പിടിച്ചിരിക്കുന്ന മാതാപിതാക്കളെ കണ്ടുവളരുന്ന കുഞ്ഞുങ്ങളും ആദ്യം എത്തിപിടിക്കാൻ ശ്രമിക്കുന്നത് മൊബൈലായിരിക്കും. കുഞ്ഞുങ്ങളെ ഉറക്കാനും ഭക്ഷണം കഴി്പ്പിക്കാനും ഒക്കെ അവരുടെ കൈയിലേക്ക് പല അമ്മമാരും വച്ചുകൊടുക്കുന്നത് മൊബൈലാണല്ലോ.? ചെറുപ്രായം മുതൽ പാട്ടുകേൾക്കാനും രംഗം ആസ്വദിക്കാനും മൊബൈൽ ഉപയോഗിക്കുന്നതിലൂടെ കുട്ടികളും അതിന്റെ ആകർഷണവലയത്തിൽ പെടുന്നു.
പ്രധാനമായും മൊബൈൽ ഉപയോഗം അമിതമാകുന്നതിലൂടെ കുട്ടികൾ സംസാരിക്കാൻ വൈകുകയും അവരുടെ ഭാഷ മന്ദഗതിയിലാവുകയും ചെയ്യുന്നു. ഈ പ്രശ്നത്തിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താൻ മാതാപിതാക്കൾ എന്താണ് ചെയ്യേണ്ടത്?
- മൊബൈൽ മാറ്റിവച്ച് കുഞ്ഞുങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കുക
- ഫോൺരഹിത സംഭാഷണം വർദ്ധിപ്പിക്കുക.
- കുഞ്ഞിന്റെ ശബ്ദങ്ങൾക്കും വാക്കുകൾക്കും മറുപടി കൊടുക്കുക
- നേരിട്ടുള്ള പുസ്തകവായനയും പാട്ടുകളും കളികളും കുട്ടികൾക്ക് സമ്മാനിക്കുക.
കുഞ്ഞു സംസാരിക്കുന്നില്ല, ഉച്ചാരണം ശരിയാകുന്നില്ല എന്നൊക്കെയുള്ള പരാതികളുമായി അമ്മമാർ ഡോക്ടേഴ്സിനെ സമീപിക്കുന്നതിനു മുമ്പ് കുഞ്ഞുങ്ങളോട് എത്രയധികമായി സംസാരിക്കുന്നു, അവർക്കൊപ്പം എന്തുമാത്രം സമയം ചെലവഴിക്കുന്നു തുടങ്ങിയ കാര്യങ്ങളിൽ കൂടി മാതാപിതാക്കൾ വ്യക്തതവരുത്തേണ്ടതുണ്ട്.
