കുട്ടികളുടെ സന്തോഷം കാണണോ…അവരെന്നും സന്തോഷത്തോടെയിരിക്കുന്നത് കാണണോ? അതിന് ഒറ്റ മാർഗ്ഗമേയുള്ളൂ. അവർ ആവശ്യപ്പെടുന്നതെന്തും ഒറ്റയടിക്ക് വാങ്ങി നല്കാതിരിക്കുക. അവർ കൈനീട്ടുന്നവയൊന്നും അപ്പോൾതന്നെയും ക്രമത്തിൽ കവിഞ്ഞും വാങ്ങിക്കൊടുക്കാതിരിക്കുക. കേൾക്കുമ്പോൾ അസംബന്ധം എന്നാകും ഒട്ടുമിക്ക മാതാപിതാക്കളുടെയും പ്രതികരണം. കാരണം ഇന്നത്തെ ലോകത്തിന്റെ മനോഭാവത്തിന് വിരുദ്ധമായ കാര്യമാണ് ഇത്. ആഗ്രഹിക്കുന്നതെല്ലാം അപ്പോൾ തന്നെ മേടിച്ചുകൊടുക്കുകയും സാധിച്ചുകൊടുക്കുകയും ചെയ്യുന്നതാണ് നല്ല മാതാപിതാക്കളുടെ ലക്ഷണമെന്നാണ് പലരുടെയും ധാരണ. തങ്ങൾക്ക് ചെറുപ്പത്തിൽ കിട്ടാതെ പോയതെല്ലാം മക്കൾ അനുഭവിച്ചുവളരണമെന്ന നിസ്വാർത്ഥമായ ആഗ്രഹവും പല മാതാപിതാക്കൾക്കുണ്ട്. അതുകൊണ്ട് മക്കളുടെ വലുതും ചെറുതുമായ എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുത്ത് അവരെ സന്തോഷിപ്പിക്കാൻ മത്സരിക്കുന്ന മാതാപിതാക്കളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഇതിലൂടെ കുട്ടികളെ നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്നാണ് ബഡ്ജറ്റ് മാനേജ്മെന്റ് വിദഗ്ദനും എഴുത്തുകാരനുമായ വാലെറി ഹാൽഫോൺ പറയുന്നത്.
അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ താഴെപ്പറയുന്ന വിധത്തിൽ വിശദീകരിക്കാം
ചോദിക്കുന്നതെന്തും ഉടനടി വാങ്ങിച്ചുകൊടുക്കുന്ന രീതി അവസാനിപ്പിക്കുക. പുതിയകാലത്തെ രീതി എന്നുപറയുന്നത് കുട്ടികളെ മുതിർന്നവർക്കൊപ്പം പരിഗണിക്കുന്നതാണ്. കളിപ്പാട്ടങ്ങൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വേണ്ടി മറ്റും കുട്ടികൾ വാശിപിടിക്കാറുണ്ട്. അതെല്ലാം ഉടനെ വാങ്ങിച്ചുകൊടുക്കുമ്പോൾ അവരുടെ ലോകം അതിലേക്ക് മാത്രമായിചുരുങ്ങുകയാണ് ചെയ്യുന്നത്. അവർക്ക് പിന്നെ കളിക്കാൻ സമയമില്ല. കുട്ടികൾക്ക് അവരുടേതായ സ്പെയ്സ് കണ്ടെത്തിക്കൊടുക്കുകയും അവിടെ വളരാൻ അനുവദിക്കുകയും ചെയ്യുക. കുട്ടികളോട് നോ പറയാൻ മടിക്കുന്ന മാതാപിതാക്കൾ ഒരു കാര്യം മനസ്സിലാക്കണം. എല്ലാ കാര്യങ്ങളും ജീവിതത്തിൽ മക്കൾക്ക് സാധിച്ചുകൊടുക്കാൻ നമുക്ക് കഴിയണമെന്നില്ല. ചെറുപ്പം മുതൽക്കേ എല്ലാം സാധിച്ചുകിട്ടി വളരുന്ന കുട്ടികൾ മുതിർന്നുകഴിയുമ്പോഴും അതേ ശീലം തുടരും. കിട്ടാതെവരുമ്പോൾ നിരാശപ്പെടും. ഒരു നോ യും അവർക്ക് സഹിക്കാൻ കഴിയില്ല. അതിനെ അഭിമുഖീകരിക്കാൻ അവർക്ക് കഴിയുകയുമില്ല. തൽഫലമായി അവരുടെ ജീവിതം ചിലപ്പോൾ ആത്മഹത്യയിൽ പോലും അഭയം തേടിയേക്കാം.
ഒരുപാട് സമ്മാനങ്ങൾ ഒരുമിച്ചു കൊടുക്കുന്നതും നല്ല രീതിയല്ല. ചിലപ്പോൾ പിറന്നാളുകൾക്കോ സ്പെഷ്യൽ ചടങ്ങുകൾക്കോ അവർക്ക് പലരിൽ നിന്നും കിട്ടുന്ന സമ്മാനങ്ങളെ ഒഴിവാക്കിക്കൊണ്ടാണ് ഇത് പറയുന്നത്. അളവിൽ കവിഞ്ഞു കിട്ടുന്നതിനൊന്നും അവർ വേണ്ടത്ര വില കല്പിക്കുകയില്ല. അമിതമായി കിട്ടുന്നതൊക്കെ അവർക്ക് ബോറടി നല്കും. കിട്ടുന്നതിന് നന്ദി പ്രകാശിപ്പിക്കത്തക്ക രീതിയിൽ കൊടുക്കുന്നവയിൽ മിതത്വം പാലിക്കുക. അപ്പോൾ മാത്രമേ പില്ക്കാലത്ത് തങ്ങൾക്ക് കിട്ടുന്നവയോരോന്നിനോടും നന്ദിനിറഞ്ഞ മനസ്സ് അവർക്കുണ്ടായിരിക്കുകയുള്ളൂ. മക്കൾക്ക് സ്പെഷ്യൽ പരിഗണന നല്കുന്ന മാതാപിതാക്കളുമുണ്ട്. മക്കളെ സ്നേഹിക്കണം. പരിഗണിക്കണം. പക്ഷേ അവരാണ് ഭൂമിയുടെ അച്ചുതണ്ട് എന്ന രീതിയിൽ സമീപിക്കരുത്. വീട്ടിൽ നിന്ന് അമിതമായ പരിഗണനയും സ്നേഹവും വാത്സല്യവും കിട്ടിവളരുന്ന മക്കൾക്ക് വീടിന് വെളിയിൽ അതെപ്പോഴും കിട്ടണമെന്നില്ല. അപ്പോഴും നിരാശയും ദുഖവും അവരെവേട്ടയാടും. അതിരുകളോടും പരിധികളോടും യാഥാർത്ഥ്യബോധത്തോടും കൂടി കൂട്ടികളെ വളർത്തുക. ക്രിയാത്മകവും ഊർജ്ജസ്വലവുമായ ലോകം സൃഷ്ടിക്കാൻ മക്കളെ സഹായിക്കുകയാണ് മാതാപിതാക്കളെന്ന നിലയിൽ ചെയ്യേണ്ടത്. അമിതവാത്സല്യത്തിന്റെ പേരിൽ നിങ്ങൾ ചെയ്യുന്നതെന്തും അവരെ വളർത്തുകയല്ല തളർത്തുകയാണ് ചെയ്യുന്നത്.