”വയസ് പത്തിരുപതായി എന്നിട്ടും കണ്ടില്ലേ കാള കളിച്ചു നടക്കുന്നു, തിന്ന പാത്രം പോലും കഴുകിവയ്ക്കില്ല”
”വല്ല വീട്ടിലും ചെന്നു കയറേണ്ട പെണ്ണാ… ഇങ്ങനെ ഉത്തരവാദിത്തബോധമില്ലാതെ നടന്നോ”
പല മാതാപിതാക്കളുടെയും മക്കളെക്കുറിച്ചുള്ള പരാതികളിൽ ചിലതാണ് മേല്പ്പറഞ്ഞവ. മക്കൾ എന്തുകൊണ്ടാണ് നിശ്ചിതപ്രായം കഴിഞ്ഞിട്ടും ഉത്തരവാദിത്തബോധമില്ലാത്തവരായി ജീവിക്കുന്നതും മാതാപിതാക്കൾക്ക് സഹായികളായി മാറാത്തതും? മക്കളെ മാത്രമായി അതിന് കുറ്റം പറയാനാവില്ല. കാരണം മക്കളെ അങ്ങനെയാക്കിതീർത്തതിൽ മാതാപിതാക്കൾക്കും വലിയൊരു പങ്കുണ്ട്. മക്കൾ വലുതായി കഴിഞ്ഞിട്ടല്ല അവരെ ഉത്തരവാദിത്തം പഠിപ്പിക്കേണ്ടത്. ചെറുപ്രായം മുതല്ക്കേ അവരെ അത് ശീലിപ്പിക്കണം. എങ്കിൽ മാത്രമേ മുതിർന്നു കഴിയുമ്പോഴും അവർ കടമകൾ നിർവഹിക്കുന്നവരായി മാറുകയുള്ളൂ.
ചെറിയ പ്രായം മുതല്ക്കേ ജോലി ചെയ്യാൻ പരിശീലനം നല്കുക
കുട്ടികൾക്ക് അവരുടെ പ്രായത്തിന് അനുസരിച്ച് ജോലി ചെയ്യാൻ പരിശീലനം നല്കുക. അടുക്കളയിൽ അമ്മ പാകം ചെയ്യുമ്പോൾ സഹായകരമായ പലവിധ ജോലികൾ ലിംഗവ്യത്യാസം കൂടാതെ മക്കൾക്ക് നല്കുക. സ്വന്തമായി ചില ജോലികൾ ചെയ്യാൻ അവരെ അനുവദിക്കുക. അതിഥികൾ വരുമ്പോൾ സൽക്കരിക്കാൻ അവരെ നിയോഗിക്കുക.
നിങ്ങളെ സഹായിക്കാൻ അവരുടെ സഹായം തേടുക
ജോലി ചെയ്യുമ്പോൾ സഹായിക്കാൻ മക്കളുടെ സഹായം തേടുക. അങ്ങനെ സഹായം ചോദിക്കുമ്പോൾ മക്കളുടെ മനസ്സിൽ രൂപപ്പെടുന്ന വിചാരം തങ്ങൾ സഹായിക്കാൻ കടപ്പെട്ടിരിക്കുന്നവരും വിലയുള്ളവരുമാണെന്നാണ്. ഇത് അവരിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ഉത്തരവാദിത്തബോധമുള്ളവരുമാക്കി മാറ്റും.
ചെയ്തുകാണിക്കുക
എന്ത് കാര്യവും എങ്ങനെ ചെയ്യണമെന്ന് പലപ്പോഴും മക്കൾക്ക് അറിയില്ലായിരിക്കും. അതുകൊണ്ട് ചെയ്യേണ്ട കാര്യങ്ങൾ അവർക്ക് കാണിച്ചുകൊടുക്കുക. ഇങ്ങനെയാണ് ചെയ്യേണ്ടത്..ഇങ്ങനെയാണ് ചേരുവകൾ ചേർക്കേണ്ടത്.. ഈ പാത്രം ഇവിടെയാണ് വയ്ക്കേണ്ടത്… ഇങ്ങനെ വിവിധ രീതിയിൽ പറഞ്ഞും കാണിച്ചും കൊടുക്കുമ്പോൾ, അത് ഹൃദിസ്ഥമായിക്കഴിയുമ്പോൾ ക്രമേണ മക്കൾ അവയെല്ലാം സ്വന്തമായി ചെയ്തുതുടങ്ങും. ആശയക്കുഴപ്പങ്ങളോ ആശങ്കകളോ ഇല്ലാതെ തന്നെ.
നീ എന്ന് പറയുന്നതിന് പകരം
നമുക്ക് പ്രയോഗിക്കാം
കുട്ടികളോട് പറയുന്ന പലകാര്യങ്ങളിലും നമുക്ക് ചേർത്ത് ഉപയോഗിക്കുക. നീ അത് ചെയ്യ് എന്ന് പറയുന്നതിന് പകരം നമ്മൾ ഇങ്ങനെയാണ് അത് ചെയ്യേണ്ടത് എന്ന മട്ടിൽ പറയുക. അപ്പോൾ ഉത്തവാദിത്തങ്ങൾക്ക് പൊതുരൂപം കൈവരിക്കുകയും കൂട്ടായ്മയിൽ ചെയ്യാൻ കുട്ടികൾക്ക് പ്രേരണ ലഭിക്കുകയും ചെയ്യുന്നു.
പ്രതിഫലം ഒഴിവാക്കുക
ജോലികൾ ചെയ്തു തീർക്കുമ്പോഴോ ഉത്തരവാദിത്തം നിർവഹിച്ചു കഴിയുമ്പോഴോ മക്കൾക്ക് പ്രതിഫലമായി ഒന്നും നല്കാതിരിക്കുക. പ്രതിഫലേച്ഛയില്ലാതെയാണ് ഉത്തരവാദിത്തങ്ങൾ നിർവഹിക്കേണ്ടതെന്ന ബോധ്യം ഇത് മക്കൾക്ക് നല്കും. എന്നാൽ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചുകഴിയുമ്പോൾ മക്കളെ അഭിനന്ദിക്കാൻ മറക്കുകയുമരുത്.
അനന്തരഫലങ്ങൾ ബോധ്യപ്പെടുത്തിക്കൊടുക്കുക
ഉത്തരവാദിത്തങ്ങൾ നിർവഹിച്ചില്ലെങ്കിൽ ഭാവിയിൽ സംഭവിക്കാവുന്ന ദോഷവശങ്ങളും ഉത്തരവാദിത്തങ്ങൾ നിർവഹിക്കുമ്പോൾ ലഭിക്കാവുന്ന നന്മകളെക്കുറിച്ചും മക്കൾക്ക് പറഞ്ഞുകൊടുക്കണം.