പോയ വർഷം കണക്കെടുപ്പുകളുടേതായിരുന്നുവെങ്കിൽ പുതിയ വർഷം വീണ്ടെടുപ്പുകളുടേതായിരിക്കണം. വീണ്ടെടുക്കാനും കൂട്ടിയോജിപ്പിക്കാനും വിട്ടുപോയവ അന്വേഷിച്ച് കണ്ടെത്താനും നമുക്ക് വീണ്ടും ഒരു അവസരം കൂടി കിട്ടിയിരിക്കുന്നു. അവസരങ്ങൾ ഒരിക്കൽ മാത്രം ലഭിക്കുന്നതാണ്. ഇന്ന് ഈ നിമിഷം നിനക്ക് ഒരു അവസരം ലഭിക്കുന്നു അത് വേണ്ടെന്ന് വയ്ക്കാൻ നമുക്ക് വളരെയെളുപ്പം കഴിയും. ആ പഴയ സിനിമയിലെ ഡയലോഗ് പോലെ നോ എന്ന് പറഞ്ഞാൽ ഇവിടെയൊന്നും സംഭവിക്കില്ല. പക്ഷേ യെസ് എന്ന് പറഞ്ഞാലോ..ചരിത്രം തന്നെ വഴിമാറും. എത്രയൊക്കെ അവസരങ്ങളിലാണ് റിസ്ക്ക് ഏറ്റെടുക്കാനുള്ള വിമുഖത കൊണ്ട് നാം നോ പറഞ്ഞിട്ടുള്ളത്. വേണ്ടെന്ന് വച്ചിട്ടുള്ളത്. പാഴാക്കിപ്പോയ സമയം.പ്രയോജനപ്പെടുത്താതെ പോയ അവസരങ്ങൾ.. വിട്ടുകളഞ്ഞ ബന്ധങ്ങൾ.. അതുകൊണ്ടൊന്നും ഈ ലോകത്തിന് നഷ്ടങ്ങൾ സംഭവിച്ചിട്ടില്ല. പകരം നമുക്ക് മാത്രമേ നഷ്ടമുണ്ടായിട്ടുള്ളൂ.
നമുക്കു ശേഷവും ലോകമുണ്ടാകും. നമ്മൾ ഇല്ലാതായാലും ഈ ലോകത്തിന്റെ ഒഴുക്കിനോ പ്രയാണത്തിനോ യാതൊരു കുറവും സംഭവിക്കുകയില്ല. പക്ഷേ നമുക്ക് ഈ ലോകത്തെ വേണം. കാരണം നമ്മൾ ഇവിടെ ജീവിച്ചവരാണ്. ജീവിക്കാൻ അവസരം ലഭിച്ചവരും. അവസരം ലഭിച്ചവർ അവസരത്തിനൊത്ത് പെരുമാറണം, ജീവിക്കണം. ഇന്ന് വരുന്ന അവസരം നാളെ ഉണ്ടാകണം എന്നില്ല. ഇന്ന് സ്നേഹിക്കാൻ കിട്ടുന്ന അവസരം നാളെയുണ്ടാവണം എ്ന്നില്ല.
നമ്മളെ ഈ ലോകത്തിൽ നമ്മുടെ അഭാവത്തിലും അടയാളപ്പെടുത്തുന്നത് നാം എന്തുമാത്രം ലോകത്തിന് തിരികെ സംഭാവനകൾ നല്കി എന്നത് അനുസരിച്ചാണ്. ഒരുപക്ഷേ ഈ അടയാളപ്പെടുത്തലുകൾ വൻകാര്യങ്ങൾ ചെയ്യുന്നതുകൊണ്ടു മാത്രമല്ല. ഭൂരിപക്ഷവും നമ്മെപോലെയുള്ള സാധാരണക്കാരാണ്. ചെറിയ ഇടങ്ങളിൽ ചെറിയ ജീവിതവുമായി മുന്നോട്ടുപോകുന്നവർ. എന്നിട്ടും ആയിരിക്കുന്ന ഇടങ്ങളിൽ അടയാളങ്ങൾപതിപ്പിക്കാൻ കഴിയണം. അതാണ് ഓരോരുത്തരെയും മഹാന്മാരാക്കുന്നത്. അല്ലാതെ വൻകാര്യങ്ങൾ ചെയ്തതുകൊണ്ടുമാത്രമല്ല. വീണ്ടെടുക്കാൻ കഴിയണം നമുക്ക്…നമ്മുടെ തന്നെ മഹത്വം.. മനുഷ്യനായിരിക്കുന്ന അവസ്ഥയെ..മനുഷ്യത്വത്തെ..സാഹോദര്യങ്ങളെ.സൗഹൃദങ്ങളെ.. കുുടുംബബന്ധങ്ങളെ.. പുതുവത്സരാശംസകളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്