സന്തോഷം ആഗ്രഹിക്കാത്തവരായി ആരാണുള്ളത് എന്നത് ഒരു പരസ്യത്തിലെ ആദ്യവാചകം മാത്രമല്ല എല്ലാവരും ആദ്യമായും അവസാനമായും ആഗ്രഹിക്കുന്നത് സന്തോഷം മാത്രമാണ് എന്നതാണ് വാസ്തവം. പക്ഷേ പരസ്യത്തിൽ പറയുന്നതുപോലെ ഒരിടത്ത് ചാരവും ഒരിടത്ത് പുകയുമാകുമ്പോൾ സന്തോഷം ലഭിക്കാതെ പോകുന്നു. എന്നിട്ടും സന്തോഷത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ മനുഷ്യർ തുടർന്നുകൊണ്ടുപോകുന്നു. സന്തോഷിക്കാനുള്ള പല മാർഗ്ഗങ്ങൾ അന്വേഷിച്ചുകൊണ്ടുമിരിക്കുന്നു.
പക്ഷേ സന്തോഷം എന്നത് ഒരു വ്യക്തിയുടെ സഹജഭാവമാണ്. അത് അയാളുടെ ഉള്ളിലുള്ളതാണ്. അയാളുടെ മനോഭാവവും ജീവിതത്തോടുള്ള വീക്ഷണവുമാണ്. അയാളുടെ ഉള്ളിൽസന്തോഷമില്ലെങ്കിൽ പിന്നെ അയാളെ സന്തോഷവാനാക്കാൻ മറ്റൊന്നിനും കഴിയുകയുമില്ല. ഒരു വ്യക്തിയിൽ ചില സ്വഭാവപ്രത്യേകതകൾ ഉണ്ട് എങ്കിൽ അയാൾ പ്രകൃത്യാ സന്തോഷവാനായിരിക്കും എന്നാണ് മനശ്ശാസ്ത്രപരമായ ചില നിരീക്ഷണങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഏതൊക്കെയാണ് ആ പ്രത്യേകതകൾ?
നന്ദിയുള്ള മനോഭാവം
ജീവിതത്തിൽ തങ്ങൾക്ക് ലഭിച്ചിരിക്കുന്ന പലതിനോടും നന്ദിയുടെ മനോഭാവമില്ലാത്തവരാണ് ഭൂരിപകഷവും. അതുപോലെ തങ്ങൾക്ക് മറ്റുള്ളവർ ചെയ്തുതന്നവയോടും അവർ നന്ദിയുള്ളവരല്ല. നന്ദിയുള്ള ഒരാൾ പൊതുവെ സന്തോഷവാനായിരിക്കും. രാവിലെ ഉറക്കമുണർന്ന് എണീറ്റയുടനെ കണ്ണാടിയിൽ നോക്കി ഇങ്ങനെയൊരു ദിവസത്തെപ്രതി നന്ദി പറയുന്നതും ജീവിതത്തിൽ ലഭിച്ച നന്മകളെപ്രതി അതിന്റെകാരണക്കാരായവരോടും ദൈവത്തോടും നന്ദി പറയുന്നതും അഭ്യസിച്ചെടുക്കേണ്ട കാര്യമായി മനശ്ശാസ്ത്രജ്ഞർ പറയുന്നു. ഇത്തരമൊരു രീതി തുടർന്നുപോന്നാൽ ആ വ്യക്തി ക്രമേണ സന്തോഷവാനായിരിക്കുകയും നന്ദിയുടെ മനുഷ്യനായി രൂപാന്തരപ്പെടുകയും ചെയ്യും.
ഉത്സാഹപ്രകൃതി
പുതിയസാധ്യതകൾ കണ്ടെത്താനും പുതിയ വ്യക്തികളെ കണ്ടുമുട്ടാനും പുതിയസ്ഥലങ്ങൾ സന്ദർശിക്കാനും താല്പര്യപ്പെടുന്ന എല്ലാ കാര്യങ്ങളും ചുറുചുറുക്കോടെ ചെയ്യാനും കഴിയുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ നിങ്ങൾ സന്തോഷവാനാണെന്നാണത്രെ. നിങ്ങളുടെ സന്തോഷത്തെ മ്റ്റാർക്കും ഇല്ലാതാക്കാൻ കഴിയുകയുമില്ല.
ആഴമായ ബന്ധങ്ങൾ
കുടുംബത്തിലുള്ളവരും സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാമായി ആഴമായ വ്യക്തിബന്ധം സ്ഥാപിക്കുന്നവർ സന്തോഷവാന്മാരായിരിക്കും. ബന്ധങ്ങളിലെ ആഴമില്ലായ്മയും ആത്മാർത്ഥതയില്ലായ്മയും നമ്മെ അസന്തുഷ്ടരാക്കുന്നു. കുടുംബജീവിതത്തിൽ പോലും അഭിനയം വശമാക്കിയവരുണ്ട്. പുറമെ ചിരിച്ചാലും അവരുടെ ചിരി ശരിയായ ചിരിയായിരിക്കുകയില്ല. അതുകൊണ്ട് ആഴമായ ബന്ധങ്ങൾ സ്ഥാപിക്കുക. ചിലപ്പോഴൊക്കെ അവ നമ്മെ വേദനിപ്പിച്ചേക്കാം. പക്ഷേ ഒരിക്കലും നിരാശരാക്കുകയില്ല. അതുറപ്പ്.
പ്രത്യാശ
ജീവിതത്തിൽ ഏതെങ്കിലുമൊക്കെ ചില സംഭവങ്ങളുടെയോ അനുഭവങ്ങളുടെയോ പേരിൽ നിരാശാജനകമായ മനോഭാവം വച്ചുപുലർത്തുന്നവർ ധാരാളമുണ്ട്. ഇവർക്കൊരിക്കലും സന്തോഷിക്കാനാവില്ല. ജീവിതത്തിൽ ചിലപ്പോൾ തോൽവികളുണ്ടാവാം. ആഗ്രഹിക്കുന്നതുപോലെ ഒന്നും നടന്നില്ലെന്നും വന്നേക്കാം. പക്ഷേ അപ്പോഴെല്ലാം പ്രത്യാശയുണ്ടായിരിക്കുക. പ്രത്യാശ നമ്മെ ധൈര്യപ്പെടുത്തുന്നു. അത് കൂടുതൽ നന്നായി ജീവിക്കാൻ നമുക്ക് പ്രേരണ നല്കുന്നു. സന്തോഷത്തിലേക്ക് നയിക്കുന്നു. മുഖം വാടിയാലും മനസ്സ് വാടാതെ നോക്കുക.
ക്രിയാത്മകത
സ്വന്തം ക്രിയാത്മകതയും സ്വന്തംസാധ്യതകളും തിരിച്ചറിയുന്നവർക്ക് ഒരിക്കലും മ്ലാനതയോടെ ജീവിതത്തെ നോക്കിക്കാണാനാവില്ല. തനിക്കെന്തെല്ലാം കഴിവുകളുണ്ട് എന്ന് തിരിച്ചറിയുകയും അത് വേണ്ടതുപോലെ പ്രയോഗിക്കുകയും ചെയ്യുക. പുതിയ ആശയങ്ങൾ കണ്ടെത്തുക. പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കുക പരിമിതമായ ചട്ടക്കൂടിന് വെളിയിലേക്ക് വന്ന് ജീവിതത്തെ നോക്കിക്കാണുക, സന്തോഷിക്കാനുള്ള വക തീർച്ചയായും ലഭിക്കും.
പരിഗണനയും വിശ്വാസവും
മറ്റുള്ളവരെ പരിഗണിക്കുകയും അവരെ വിശ്വാസത്തിലെടുക്കുകയും ചെയ്യുന്നവർക്കും സന്തോഷവാന്മാരാകാതിരിക്കാനാവില്ല. ചിലപ്പോഴൊക്കെ അവിടെയും തിരിച്ചടികൾ ഉണ്ടായെന്നുവരാം. അത് ഒരു സാധ്യതമാത്രമാവാം. എന്നുകരുതിആരെയും വിശ്വസിക്കാതിരിക്കരുത്. വിശ്വസിക്കാതിരിക്കുമ്പോൾ മനസ്സ് അസ്വസ്ഥമാകും. അത് സന്തോഷം കെടുത്തുകയും ചെയ്യും. അതുപോലെ മറ്റുള്ളവരെ പരിഗണിക്കുക. എല്ലാം തന്റേത് എന്നു കെട്ടിപിടിച്ചിരിക്കാതെ മറ്റുള്ളവർക്കായും വിട്ടുകൊടുക്കുക. ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളും വരുമ്പോൾ ഒരേ മനോഭാവത്തോടെ അവയെ സ്വീകരിക്കുക.
സന്തുഷ്ടവാനായ വ്യക്തിക്കുണ്ടായിരിക്കേണ്ട അല്ലെങ്കിൽ സന്തുഷ്ടിയുടെ ആറു കാരണങ്ങളും സ്വഭാവപ്രത്യേകതകളുമാണ് ഇവിടെ വ്യക്തമാക്കിയത്. ചുരുക്കത്തിൽ മറ്റുള്ളവരുടെ പെരുമാറ്റമല്ല സ്വന്തം മനോഭാവമാണ് നമ്മുടെ സന്തോഷങ്ങൾക്ക് കാരണമെന്ന് തിരിച്ചറിയുക.
മറ്റുള്ളവർ എന്നോട് ഞാൻആഗ്രഹിക്കുന്നതുപോലെ പെരുമാറിയാൽ മാത്രമേ എനിക്ക് സന്തോഷിക്കാനാവൂ എന്ന് വിചാരിക്കുന്നത് അബദ്ധമാണ്. അതൊരു തെറ്റായ ധാരണയുമാണ്. നമ്മൾ ഓരോരുത്തരുടെയും സന്തോഷം നമ്മുടെ ഉള്ളിൽ തന്നെയാണ്. നമ്മുടെ മനോഭാവങ്ങളിലാണ്. ഇനി പറയൂ, നിങ്ങൾ സന്തുഷ്ടനാണോ?