സത്യസന്ധത എല്ലാവർക്കും ആവശ്യമാണ്. ആരോഗ്യപരമായ ബന്ധങ്ങൾ നിലനിർത്തിക്കൊണ്ടുപോകുന്നതിന് മാത്രമല്ല ജീവിതത്തിന്റെ അടിസ്ഥാനഭാവം തന്നെ സത്യസന്ധതയായിരിക്കണം. ചെറുപ്പം മുതല്ക്കേ കുട്ടികൾക്ക് ഇത്തരമൊരു കാര്യത്തിൽ പരിശീലനം നല്കണം.സത്യസന്ധതയോടെ പെരുമാറാനും സത്യം മാത്രം പറയാനുമുള്ളതാണ് ആ പരിശീലനം.
കുട്ടികൾ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും നുണ പറയുന്നവരോ പറയാൻ പ്രലോഭനമുള്ളവരോ ആണ്. അതുകൊണ്ട് ചെറുപ്പം മുതല്ക്കേ അവരെ സത്യസന്ധരാക്കാൻ വീടുകളിൽ നിന്ന് പരിശീലനം ആരംഭിക്കണം. ഇതിനായി മാതാപിതാക്കൾ എന്തു ചെയ്യണം?
മക്കളുടെ പരിശ്രമത്തെയാണ് പ്രശംസിക്കേണ്ടത്, കഴിവിനെയല്ല
കുട്ടികളുടെ പരിശ്രമങ്ങളെ വേണ്ടത്ര മാനിക്കുന്നവർ വളരെ കുറവാണ്. അവരുടെ കഴിവിനെയാണ് ആളുകൾ കൂടുതൽ ഇഷ്ടപ്പെടുന്നത്. പരിശ്രമങ്ങളെ അവഗണിക്കുകയും കഴിവിനെ പ്രശംസിക്കുകയും ചെയ്യുന്നത് കുട്ടികളെ സത്യസന്ധതയിൽ മായം ചേർക്കാൻ പ്രേരിപ്പിക്കുമെന്നാണ് പഠ
നങ്ങൾ പറയുന്നത്.
ഉദാഹരണത്തിന് ഒരേ ക്ലാസിലെ രണ്ടുകുട്ടികളുടെ കാര്യമെടുക്കുക. ഒരാൾ നന്നായി പഠിച്ചു പക്ഷേ പരീക്ഷയിൽ വേണ്ടത്ര മാർക്ക് കിട്ടിയില്ല. രണ്ടാമൻ നന്നായി പഠിച്ചു അവന് മാർക്കും കിട്ടി. സ്വഭാവികമായും രണ്ടാമനാണ് നാം പ്രശംസകൊടുക്കുന്നത്. എന്നാൽ ആദ്യത്തെ കുട്ടിയെ അവന്റെ പരിശ്രമങ്ങളെ മാനിച്ച് പ്രശംസിക്കാൻ മറക്കരുത്. അവൻ അവനാകുന്നതുപോലെ അദ്ധ്വാനിച്ചു, പരിശ്രമിച്ചു. പക്ഷേ മാർക്ക് അതിനനുസരിച്ച് കിട്ടാതെ പോയി. അത് അവന്റെ കുറവല്ല. രണ്ടാമനെ അവന്റെ കഴിവിന്റെപേരിൽ നാം പ്രശംസിക്കുമ്പോൾ ആ പ്രശംസ എന്നും സ്ഥിരമായി ലഭിക്കുന്നതിനായി ചിലപ്പോഴെങ്കിലും പരീക്ഷയിൽ കൃത്രിമത്വം കാണിക്കാൻ അവനെ നിർബന്ധിതനായേക്കും. അതുകൊണ്ട് പരിശ്രമങ്ങളെ മാനിക്കുക, പ്രശംസിക്കുക. ഒരിക്കലും കഴിവിനെ ആവശ്യത്തിൽകൂടുതൽ പുകഴ്ത്താതിരിക്കുക.
പ്രതിഫലവും സമ്മാനവും നല്കി മക്കളെക്കൊണ്ട് ജോലി എടുപ്പിക്കാതിരിക്കുക
ഭൂരിപക്ഷ മാതാപിതാക്കളും മക്കൾക്ക് വാഗ്ദാനങ്ങൾ നല്കുന്നവരാണ്. പരീക്ഷയിൽ നല്ല മാർക്ക് കിട്ടിയാൽ അത് വാങ്ങിത്തരാം, ക്ലാസിൽ ഒന്നാമനായാൽ ആ സമ്മാനം നല്കാം, ഞാൻ മടങ്ങിവരുമ്പോഴേയ്ക്കും ജോലിയെല്ലാം തീർത്തുവച്ചാൽ നല്ല സമ്മാനം തരാം….ഇങ്ങനെ പലപല വാഗ്ദാനങ്ങൾ നേരുന്ന മാതാപിതാക്കളുണ്ട്. ഇത് നല്ല രീതിയല്ല.
സമ്മാനങ്ങൾ നല്കിയല്ല മക്കളെക്കൊണ്ട് ഓരോന്ന് ചെയ്യിക്കേണ്ടത്. പ്രതിഫലത്തിന് വേണ്ടി മാത്രം ജോലി ചെയ്യുക എന്ന തെറ്റായ ശീലത്തിലേക്കും അതുവഴി സത്യസന്ധമല്ലാതെ ജോലി ചെയ്യുന്ന സ്വഭാവത്തിലേക്കുമാണ് ഇത്ക്രമേണ മക്കളെ എത്തിക്കുന്നത്.
സത്യസന്ധതയുടെ മാതൃകകളാകുക
മക്കൾ സത്യസന്ധരാകണമെന്ന് മാതാപിതാക്കളെല്ലാവരും ആഗ്രഹിക്കാറുണ്ട്. എന്നാൽ മാതാപിതാക്കൾ എത്രത്തോളം മക്കളുടെ മുമ്പിൽ സത്യസന്ധതയുടെ മാതൃകകളാകുന്നുണ്ട്? ഒരു തെറ്റ് ചെയ്താൽ അത് ഏറ്റുപറയുന്ന സ്വഭാവം മാതാപിതാക്കളെന്ന നിലയിൽ നിങ്ങൾക്കുണ്ടോ? അബദ്ധം സംഭവിച്ചാൽ മാപ്പ് പറയുന്ന രീതിയുണ്ടോ? മക്കൾ തെറ്റ് ഏറ്റുപറയുമ്പോൾ അവരെ ശാസിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുന്നതിന് പകരം സത്യം പറഞ്ഞതിന്റെ പേരിൽ അവരെ പ്രശംസിക്കാറുണ്ടോ?
ഈ ചോദ്യങ്ങൾക്ക് കൂടി മാതാപിതാക്കൾ ഉത്തരം കണ്ടെത്തണം. മക്കളിൽനിന്ന് സത്യസന്ധത പ്രതീക്ഷിക്കുന്നവർ മക്കളുടെ മുമ്പിൽ സത്യസന്ധരാകുക.