ദിവസം ഒരു കാരറ്റ് കഴിക്കാമോ, ആരോഗ്യത്തിന് അത് ഏറെ ഗുണം ചെയ്യുമെന്നാണ് വിദഗ്ദർ പറയുന്നത്. കാരണം പ്രോട്ടീൻ, കാൽസിയം, ഇരുമ്പ്, തയാമിൻ, വിറ്റമിൻ എ, സി എന്നിവയെല്ലാം വലിയൊരളവിൽ അടങ്ങിയിട്ടുണ്ട് കാരറ്റിൽ. കാരറ്റിന്റെ ഗുണഗണങ്ങൾ മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് കിഴങ്ങുവർഗ്ഗങ്ങളുടെ റാണി എന്ന് കാരറ്റ് അറിയപ്പെടുന്നത്. കരൾരോഗി, നേത്രരോഗി എന്നിവർക്കെല്ലാം കാരറ്റ് അത്യുത്തമമാണ്. വൈറ്റമിൻ എ ഉള്ളതാണ് കാരറ്റ് നേത്രരോഗികൾക്ക് ഗുണം ചെയ്യുന്നത്. കുടൽ രോഗികൾക്കും ദഹനേന്ദ്രിയ രോഗികൾക്കും കാരറ്റ് പ്രയോജനം ചെയ്യും. കരോട്ടിന്റെ അംശം ഇതിൽ കൂടുതലാണ്. ഇതിന് പുറമെ ചൊറി, ചിരങ്ങ്, ത്വഗ്രോഗങ്ങൾ എന്നിവയ്ക്കും കാരറ്റ് പരിഹാരമാർഗ്ഗമാണ്. കാരറ്റ് ജ്യൂസ് ഒരു ടോണിക്കാണെന്നാണ് പറയുന്നത്. കുടൽ രോഗങ്ങൾക്കും ദഹനേന്ദ്രിയ രോഗങ്ങൾക്കും കാരറ്റ് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണം കഴിച്ചയുടനെ ഒരു കാരറ്റ് ചവച്ചുതിന്നാൽ വായിലെ അണുക്കൾ നിർജീവമാകുകയും പല്ലുകൾ ശുചിയാകുകയും ചെയ്യുമത്രെ. തോരനായും മറ്റ് കറിയായുമൊക്കെ ഉപയോഗിക്കുന്ന കാരറ്റ് സൂപ്പുവച്ചു കുടിക്കുന്നതും നല്ലതാണ്.
