ശരീരത്തിന് ആരോഗ്യം പകരുന്ന പല കാര്യങ്ങളുമുണ്ട്. സൗഹൃദവും അങ്ങനെയൊരു കാരണമാണ്. നല്ല ഒരു സൗഹൃദമുണ്ടെങ്കിൽ ഒരു പരിധിവരെ മനസ്സിനും ശരീരത്തിനും ഒന്നുപോലെ ആരോഗ്യവും ലഭിക്കും. ഏകാന്തത എല്ലാ മനുഷ്യരുടെയും എന്നത്തെയും പ്രശ്നമാണ്. സാമൂഹികമായ ഒറ്റപ്പെടൽ മറ്റൊരു പ്രശ്നവും. ഇവയ്ക്ക് രണ്ടിനും പരിഹാരമാണ് സൗഹൃദം. സുഹൃത്തുക്കൾ നമ്മെ ഒറ്റപ്പെട്ടവരോ ഏകാകികളോ ആക്കി മാറ്റുന്നില്ല. സാമൂഹികമായ ഒറ്റപ്പെടലിൽ നിന്ന് അവർ നമ്മെ അകറ്റിനിർത്തുന്നു. സമൂഹത്തിന്റെ ഭാഗമാണ് എന്ന ചിന്ത ഉണ്ടാക്കുന്നു. അതുപോലെ പലരും പലവിധത്തിലുള്ള സമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്നവരാണ്. വലുതോ ചെറുതോ ആയ സമ്മർദ്ദങ്ങൾ. ഉത്കണ്ഠ, വിഷാദം…, ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുമ്പോൾ ഏറ്റവും നല്ല ഔഷധമാണ് സൗഹൃദങ്ങൾ. അവർ നമ്മുടെ സംഘർഷങ്ങൾ കുറയ്ക്കുന്നു. അവരുടെ സാമീപ്യം, ഉപദേശങ്ങൾ, തിരുത്തലുകൾ.. സുഹൃത്തുക്കൾ നല്കുന്ന വൈകാരികമായ പിന്തുണയാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ അവർ നമ്മുക്ക് നല്കുന്ന പിന്തുണ എത്രയോ വലുതാണ്! നല്ല സുഹൃത്തുക്കൾ ജീവിതത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ വരുത്താൻ കഴിവുള്ളവരാണ്. വ്യക്തിപരമായ വളർച്ചയ്ക്ക് ഏറെ സഹായകരവും. വെല്ലുവിളികൾ ഏറ്റെടുക്കാൻ സഹായിക്കുന്നവരും സുഹൃത്തുക്കളാണ്.
സുഹൃത്തുക്കൾ എന്നതുകൊണ്ട് ഒരേ ലിംഗത്തിൽ പെട്ടവരോ എതിർലിംഗത്തിൽ പെട്ടവരോ ആയിരിക്കണം എന്നൊന്നുമില്ല, ആരുടെ അടുക്കലായിരിക്കുമ്പോഴാണ് നിങ്ങൾക്ക് ഏറ്റവും സന്തോഷവും സമാധാനവും തോന്നുന്നത്, ആരുടെ മുമ്പിലാണ് കാപട്യങ്ങളില്ലാതെ നിങ്ങൾക്ക് സുതാര്യതയോടെ പെരുമാറാൻ കഴിയുന്നത്, ജീവിതത്തിലെ പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും ആരുടെ അടുക്കലെത്താനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്, ആരോടാണ് എല്ലാം തുറന്നുപറയാൻ കഴിയുന്നത് അതാണ് നിങ്ങളുടെ സുഹൃത്ത്. നല്ല ഹൃദയമുള്ളവൻ. ലിംഗവ്യത്യാസങ്ങളോ പ്രായഭേദമോ വിദ്യാഭ്യാസനിലവാരമോ സാമൂഹികസാമ്പത്തിക അന്തരമോ ഒന്നും അവിടെ ബാധകമല്ല.