ഇനിയും വിടരേണ്ട മുല്ലകൾ

Date:

നല്ലത് ഇനിയും പുറത്ത് വന്നിട്ടില്ല.  

ഉയിർത്തെഴുന്നേൽപ്പിന്റെ മഴവില്ല് ഇനിയും തെളിഞ്ഞിട്ടില്ല.  എല്ലാ നല്ല ഋതുക്കളും ഇനിയും എവിടെയോ ഒളിച്ചിരിക്കുകയാണ്. സ്‌നേഹത്തിന്റെ തെക്കൻകാറ്റും കാരുണ്യത്തിന്റ വടക്കൻ കാറ്റും ഇനിയും ഭൂമിയിൽ വീശാൻ ബാക്കിയുണ്ട് . തൊടിയിൽ പൂമൊട്ടുകളായിട്ടുണ്ട്.  ഇനിയും വിരിയാൻ കാത്തിരിപ്പുകൾ അനിവാര്യമാണ്.

പ്രതീക്ഷകളില്ലാത്ത മനസ്സായിരിക്കും ഒരുപക്ഷേ ദുർബല മനസ്സ്. പാപത്തിലേക്കുള്ള വിശാല വഴി നിരാശയുടെതാവാനാണ് സാധ്യത. ഓർക്കാൻ ഇഷ്ടമില്ലാത്ത രാവും പകലും മാത്രം ഹൃദയത്തിൽ സൂക്ഷിച്ച് ജീവിതത്തിന്റെ ചന്തം നശിപ്പിക്കാതിരിക്കാൻ ഒരു പുതുവത്സരം നമ്മെ മാടി വിളിക്കുന്നുണ്ട്. ഏവർക്കും പുതുവർഷത്തിന്റെ പുത്തൻ പരിമളം സ്വന്തമാക്കാനാവട്ടെ എന്ന് പ്രാർത്ഥന മനസ്സിൽ.

രണ്ടായിരത്തി ഇരുപത്തൊന്നിൽ പുതിയ തീരുമാനങ്ങൾ എടുക്കാൻ  ആഗ്രഹിക്കാത്തവർ ആരുമില്ല. പുത്തൻ മനോഭാവവും ചിറകുള്ള ചിന്തകളും ജനുവരിയുടെ ഡയറിയിൽ നിറച്ചെഴുതാൻ ഞാനും നീയുമൊക്കെ വല്ലാതെ കൊതിക്കുന്നുണ്ട്.  എന്നിട്ടും പലതും പാതിവഴിയിൽ ഉപേക്ഷിച്ച് കടന്നു പോകുന്നവരുടെ ഗണത്തിൽ എങ്ങനെയോ നമ്മളും പെട്ടു പോകുന്നുണ്ട്. ഈ വർഷം കൂടുതൽ തീരുമാനങ്ങളെടുത്ത് ഭാരപ്പെടാതിരിക്കാൻ നമുക്ക് പരിശ്രമിക്കാം. എടുക്കുന്ന തീരുമാനങ്ങളിൽ ഉറച്ച് നിൽക്കാം. വേട്ടയാടുന്ന ഓർമ്മകളെ വിരുന്നുട്ടുകയില്ലെന്ന കുഞ്ഞു സുകൃതം ഈ വർഷം നമുക്ക്  പ്രാവർത്തികമാക്കാം.

ഒരാളുടെ മുഖം പ്രസാദ പൂർണമാവണമെങ്കിൽ നിശ്ചയമായും വേട്ടയാടുന്ന ഓർമ്മകൾ ഹൃദയത്തിൽ നിന്നും ഒഴിച്ചു മാറ്റണമെന്നാണ് മനശ്ശാസ്ത്രം പോലും നമ്മെ പഠിപ്പിക്കുന്നത്. നാം ഇപ്പോഴും ഇന്നലെ വീണ ചതിക്കുഴികളേയും ഇന്നലെ നമ്മെ കടിച്ച ചെന്നായയേയും ഓർത്ത് ഇന്നിൽ ജീവിക്കാൻ മറന്നു പോകുന്നു എന്നതാണ് സത്യം.  മുറിഞ്ഞ ബന്ധത്തിന്റെ ജാതകം  പരിശോധിച്ച് ഓരോ പുലരിയും വിഷാദത്തിന്റെ കുപ്പായം അണിയുന്നവർ  ഇന്ന് ഏറിവരുന്നുണ്ട്. ലഭിക്കാതെപോയ വിജയങ്ങളും  അറിയാതെപോയ അനുഗ്രഹങ്ങളും എത്രമാത്രമായിരുന്നെന്നു  മാത്രം ധ്യാനിച്ച് ജീവിക്കുന്ന ഒരുവനും ഹൃദയത്തിൽ വർണ്ണങ്ങളുടെ തൊടുകുറി ചാർത്താനാവില്ല. ഐവാനെ കുറിച്ച് കേട്ടിട്ടില്ലേ.

എന്നോ ഒരുനാൾ വഴിയിൽ നിന്നും ഒരു നാണയം കിട്ടിയതും പിടിച്ച് പിന്നീടുള്ള നേരമെല്ലാം വഴിയിൽ നാണയം തിരഞ്ഞ് കൂനു വരുത്തിയത് നമ്മുടെ ജീവിത വഴികളിലും സംഭവിക്കാവുന്ന ദുരന്തമാണ്. ശ്രീബുദ്ധൻ പറയുന്നതുപോലെ ആനന്ദ… ഒരു പുഴയും കലങ്ങി തെളിയാതിരിക്കുകയില്ല. നീ സംയമനത്തോടെ പുഴവക്കത്ത് ശാന്തമായി ഇരുന്നാൽ മാത്രം മതി. അതെ അത് തന്നെയാണ് കാര്യം. ഓർമ്മകളുടെ വേട്ടപ്പട്ടികൾ  വനാന്തരങ്ങളിലേക്ക് പൊയ് പോകട്ടെ. പ്രതീക്ഷയുടെ ദേശാടനക്കിളികൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ.

മറ്റുള്ളവരെ ചതിക്കാതെ ജീവിക്കാനുള്ള മിനിമം ശ്രദ്ധയെങ്കിലും പുലർത്താൻ  ശ്രമിക്കുക എന്ന വിചാരധാരയിൽ ജീവിക്കാൻ തുടങ്ങുക എന്നതാണ് 2021 അനുഗ്രഹമാക്കാനുള്ള എളുപ്പ വഴി. കുഞ്ഞു നാളിൽ കളിച്ചിരുന്ന ഒരു കളിയുണ്ട് .മണ്ണിൽ കുഴിയുണ്ടാക്കി അതിന്റെ മുകളിൽ വാഴത്തണ്ട് അടക്കിവെച്ച് കടലാസ് വിരിച്ച് അതിൽ മണൽ ഇട്ട് മാറിനിന്ന് മറ്റുള്ളവർ അറിയാതെ ആ കുഴിയിൽ വീഴുന്നത് കണ്ട് രസിച്ചിരുന്ന ഒരു തരം ക്രൂരവിനോദം പോലെ മറ്റുള്ളവരെ ബോധപൂർവം ചതിക്കാൻ എങ്ങനെയോ തിടുക്കം കാണിക്കുന്നുണ്ട്.  ഇപ്പോഴത്തെ ചില പ്രാങ്ക് വീഡിയോ കാണുമ്പോൾ ആ പഴയ ക്രൂര വിനോദത്തിന്റെ മറ്റൊരു പകർപ്പാണെന്ന സംശയം ബാക്കിയാവുന്നുണ്ട്. ചതിയായിരുന്നു എല്ലാ അനുഗ്രഹങ്ങൾക്കും തടസ്സമായിരുന്നത്.

പുഞ്ചിരിയിൽ ചതിയുടെ വിഷം കലർത്തുന്ന പൊയ്മുഖങ്ങൾ നാശത്തിന്റെ സന്തതിയാവാനാണ് സാധ്യത. അത്തരം വിഷം കലർത്തിയവരെല്ലാം സ്വയം കുഴിച്ച കുഴിയിൽ വീണിട്ടുണ്ടെന്നാണ് ചരിത്രവും ഐതിഹ്യങ്ങളും  നമ്മെ ബോധ്യപ്പെടുത്തുന്നത്. ഒരു ചതിയുടെ, പകയുടെ കഥയുണ്ടായിരുന്നു മഹാഭാരതത്തിൽ. ആ കഥയിലെ നായകന്മാരും നായികമാരും അടങ്ങിയ യാദവകുലം പിന്നീട് കല്ലിൽ മേൽ കല്ല് ശേഷിക്കാത്ത രീതിയിൽ തകർന്നുപോയത്  പിന്നീടുള്ള  ഒളിപ്പിച്ചുവെച്ച ചരിത്രം.

ചങ്ങാതി, ഇനിയും ചതിയുടെ രസക്കാഴ്ചകൾ തീർക്കാൻ നിനക്ക് ആരാണ് ലൈസൻസ് തന്നത്. സ്വന്തം ഭാര്യ ജീവിച്ചിരിക്കുമ്പോൾ പരസ്ത്രീകളെ തേടി പോകുന്നവരും വളർത്തി വലുതാക്കിയ മാതാപിതാക്കളെ തള്ളിപ്പറഞ്ഞ്  പുതിയ മേച്ചിൽസ്ഥലങ്ങൾ തേടി പോകുന്നവരുമെല്ലാം ചതിയുടെ പുത്തൻ  പകർപ്പുകൾ തീർക്കുന്നവർ തന്നെ. ചതിക്കാതെ ജീവിക്കാൻ ഈ രണ്ടായിരത്തി ഇരുപത്തിയൊന്നിൽ നീ തീരുമാനിക്കുമ്പോൾ നിന്നെ സഹായിക്കാൻ  ദൈവം ഒരു മാലാഖയെ നൽകും  തീർച്ച.

പുതുവസര ആശംസകളോടെ…

Fr Starson Kallikadan

More like this
Related

ഒറ്റയ്ക്കും മുന്നോട്ടു പോകാം…

തനിച്ചു നിന്നിട്ടുണ്ടോ എപ്പോഴെങ്കിലും? തനിച്ചായി പോയിട്ടുണ്ടോ എപ്പോഴെങ്കിലും?  ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക്...

പച്ചമരത്തണലുകൾ

ജീവന്റെ നിറമാണ് പച്ച ജീവന്റെ നിറവാണ് പച്ച ജീവന്റെ ഗന്ധവും പച്ചതന്നെ....

സദാക്കോ സസാക്കിയും  ഒരിഗമിക് കൊക്കുകളും

1945 ഓഗസ്റ്റ് 6. ലിറ്റിൽ ബോയ് എന്ന് പേരിട്ട അണുബോംബ് ജപ്പാനിലെ...

പ്രായം നോക്കണ്ട, ഏതു പ്രായത്തിലും വളരാം…

വ്യക്തിത്വവികസനത്തിന് കൃത്യമായ പ്രായമുണ്ടോ? ഇന്ന പ്രായം മുതൽ ഇന്ന പ്രായം വരെ...

അതിജീവനത്തിന്റെ സന്തോഷങ്ങൾ

49 ട്രെയിനുകൾ കയറിയിറങ്ങി, ഏഴു മണിക്കൂറുകളോളം റെയിൽവേ ട്രാക്കിൽ കിടന്ന ഒരു...

അഗ്‌നി വെളിച്ചം

തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്നൊരു ചൊല്ല് കേട്ടിട്ടില്ലേ? അക്ഷരംപ്രതി അതിനെ...

രാജ്യം കാക്കുന്ന വനിത

പട്ടാളത്തിലെന്താണ് പെണ്ണിന് കാര്യമെന്ന് ചോദിക്കരുത്. ഇനി പട്ടാളത്തിലും പെണ്ണിന് കാര്യമൊക്കെയുണ്ട്.രാജ്യം കാക്കുന്ന...

വെറുതെ

കൃത്യമായി പ്ലാൻ ചെയ്യുന്നത് അനുസരിച്ച്  രൂപപ്പെടുത്തിയെടുക്കാവുന്ന ഒന്നാണോ ജീവിതം? വിചാരിക്കുന്നതുപോലെയും പദ്ധതിയിടുന്നതുപോലെയും...

പുതുവർഷത്തിൽ ചെറുതായി തുടങ്ങാം

പുതിയവർഷത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കാത്ത വ്യക്തികളാരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. എന്നാൽ ആ...

പ്രിയയുടെ പ്രിയങ്കരി..

കണ്ണൂർ പറശ്ശിനിക്കടവിന്റെ നാട്ടുവഴിയിലൂടെ ചിരിനിലാവ് തെളിയിച്ച് ഒരു സ്‌കൂട്ടി വന്നു നിന്നു....

ക്യാൻവാസിലെ കവിതകൾ

വരയും വരിയും ഒരുമിച്ചുകൂട്ടുചേർന്നു നടക്കുന്ന ജീവിതമാണ് സുനിൽ ജോസ് സിഎംഎെയുടേത്. ഒരു...

ആരാണ് മുതലാളി?

നെടുങ്കണ്ടത്തു നിന്ന് കട്ടപ്പനയിലേക്ക് എന്റെ പഴയ കാറോടിച്ചു പോവുകയായിരുന്നു ഞാൻ. അപ്പോഴാണ്...
error: Content is protected !!