പ്ലാവ് ബഡ്ഡിങ്ങിലും ശ്രദ്ധിക്കാനുണ്ട്

Date:

ചക്കയുടെ വലുപ്പത്തെക്കുറിച്ച് പലർക്കും ഒരു സംശയം തോന്നാം. എന്തുകൊണ്ടാണ് ചക്കയ്ക്ക് ഇത്രയധികം വലുപ്പം? സാധാരണഗതിയിൽ ഉയരത്തിൽ ഫലം കായ്ക്കുന്ന മറ്റൊരു പഴത്തിനും ഇത്രയും വലുപ്പം കാണാറില്ല. പക്ഷേ ചക്കയ്ക്ക് വലുപ്പമുണ്ട്. അതിന് കാരണം ഇതാണ്. പ്ലാവിന്റെ വേരുകൾ മണ്ണിന്റെ ഉപരിതലത്തിൽ നിന്നും ആഴത്തിൽ നിന്നും ദൂരത്തുനിന്നും എത്തിച്ചേർന്ന് വളം സ്വീകരിക്കുന്നതുകൊണ്ടാണ് ചക്കയ്ക്ക് ഇത്രയും വലിപ്പമുണ്ടായത്. അതുപോലെ തന്നെ രുചിയേറിയതും പോഷകസമൃദ്ധവും ആയതിന് പിന്നിലും ഇതേ കാരണം തന്നെയാണ്. എത്രയധികം ദൂരത്തിലേക്ക് ചെന്നു വേരുകൾ വെള്ളവും വളവും വലിച്ചെടുക്കുന്നുവോ അതനുസരിച്ച് ചക്കയ്ക്ക് രുചിയും ഏറും. ചക്കച്ചുളയുടെ നിറവും രുചിയും ഘനവും നൂറും വർദ്ധിക്കുകയും ചെയ്യുന്നു. സാധാരണയായി പ്രായമേറും തോറും വൃക്ഷങ്ങൾക്ക് ഫലം തരാനുളള കഴിവു കുറഞ്ഞുവരും. തുടക്കത്തിൽ കായ്ച്ചുതുടങ്ങിയതിനെക്കാൾ വർഷം കഴിയും തോറും പ്ലാവ് കൂടുതൽ ചക്ക തന്നുകൊണ്ടിരിക്കും.
വലുപ്പം കൂടിയതും ചെറുതുമായ ചക്കക്കുരുക്കളുക്കമുണ്ട്. ചക്കക്കുരു കണ്ടാൽ അത് കൂഴച്ചക്കയുടേതാണോ വരിക്കച്ചക്കയുടേതാണോ എന്ന് എങ്ങനെ തിരിച്ചറിയാൻ കഴിയും എന്ന് പലരും ചോദിക്കാറുണ്ട്. ചക്കക്കുരുവിന്റെ വശങ്ങളിൽ ചെറുതായി ഒരുപുളപ്പുപോലെ കാണുന്നത് കൂഴച്ചക്കയുടെ കുരുവാണെന്നാണ് കരുതപ്പെടുന്നത്. ചക്കക്കുരുവിന്റെ രണ്ടു പുളപ്പും തുല്യമായ അളവിൽ മുകൾമുതൽ താഴെ വരെ ഒരുപോലെ  കാണപ്പെടുന്നുണ്ടെങ്കിൽ അത് വരിക്കചക്കക്കുരുവായിരിക്കും. പ്രകൃതി തന്നെയാണ് ഇക്കാര്യത്തിൽ സവിശേഷമായ രീതിയിൽ അടയാളം പതിപ്പിച്ചിരിക്കുന്നത് എന്നറിയുമ്പോൾ സകലസൃഷ്ടികളുടെയും പിന്നിൽ കുടികൊള്ളുന്ന ആ പരമചൈതന്യത്തെ നാം അത്ഭുതത്തോടെ ഓർത്തുപോകും. ചക്കക്കുരുവിന്റെ മേല്പ്പറഞ്ഞ പ്രത്യേകതകൾ നോക്കി ആവശ്യാനുസരണം  വരിക്കപ്ലാവോ കൂഴപ്ലാവോ പറമ്പുകളിൽ നട്ടുപിടിപ്പിക്കാവുന്നതാണ്.

എന്നാൽ ഇങ്ങനെ കുരു നട്ടുപിടിപ്പിക്കുന്ന പ്ലാവുകൾക്ക് മാതൃവൃക്ഷത്തിന്റെ ഗുണം പൂർണ്ണമായും ലഭിച്ചിരിക്കണം എന്നില്ല. ഇവിടെയാണ് ബഡ്ഡിങ്ങിന്റെ പ്രസക്തി. മാതൃവൃക്ഷത്തിൽ നിന്ന് കമ്പുകൾ ശേഖരിച്ച് അതിൽ നിന്ന് മുകുളങ്ങൾ എടുത്ത് ബഡ്ഡ് ചെയ്ത് പുതിയ തൈകൾ ഉല്പാദിപ്പിക്കുന്ന രീതിയാണ് ശരിയായ ബഡ്ഡിങ്ങ് എന്നു പറയാം. ഇപ്രകാരം ഉല്പാദിപ്പിക്കുന്ന തൈകൾക്ക് മാതൃവൃക്ഷത്തിന്റെ എല്ലാ ഗുണങ്ങളും ലഭിക്കുന്നു.

ഉദാഹരണത്തിന് ഒക്ടോബറിൽ വിളവാകുന്ന ചക്ക ലഭിക്കുന്ന പ്ലാവിന്റെ കമ്പ് എടുത്ത് ആവശ്യത്തിന് വളവും വെള്ളവും നല്കിയാൽ ഒക്ടോബറിൽ തന്നെ വിളവ് ലഭിക്കും. ഡിസംബറിൽ വിളവാകുന്ന പ്ലാവിന്റെ കമ്പിൽ നിന്ന് മുകുളം എടുത്ത് ബഡ്ഡ് ചെയ്ത പ്ലാവിൽ നിന്ന് ഡിസംബറിൽ തന്നെ വിളവാകുന്ന വിധത്തിൽ ചക്ക ലഭിക്കും. മാതൃവൃക്ഷം ഏതു സമയത്ത് കായ്ഫലം നല്കുന്നുവോ അതേ സമയത്തു തന്നെ കായ്ഫലം ഈ ബഡ്ഡ്  തൈകളും നല്കും. എന്നാൽ മണ്ണിൽ ആവശ്യത്തിന് ഈർപ്പമില്ലാതിരുന്നാൽ പ്ലാവിന് മണ്ണിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ ഫലം നല്കുന്നതിന് കാലതാമസവും നേരിട്ടേക്കാം.

എല്ലാ കൃഷികൾക്കും വെള്ളം ആവശ്യമായതുപോലെ പ്ലാവ് നടുമ്പോഴും വെള്ളം കൊടുക്കാൻ ശ്രദ്ധിക്കണം. എന്നാൽ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാൻ പാടുള്ളതല്ല. വെള്ളം കെട്ടിനിന്നാൽ തൈകളുടെ വേരുകൾ അഴുകിപ്പോകാൻ സാധ്യതയുണ്ട്.
ചക്കക്കുരു വലുപ്പം കൂടിയതാണെങ്കിൽ മുളച്ചുവരുന്ന പ്ലാവിൻതൈയ്ക്ക് വണ്ണക്കൂടുതലുണ്ടാകും. ഇത്തരം തൈകൾ വേഗത്തിൽ ബഡ്ഡ്  ചെയ്യാനുള്ള വളർച്ചയെത്തുന്നു. നന്നായി നനയും ശുശ്രൂഷകളും നല്കിവളർത്തിയാൽ നല്ലകരുത്തായി വളരുകയും ചെയ്യും. ചക്കക്കുരു നട്ട് രണ്ടു മാസത്തിനുള്ളിൽ ബഡ്ഡ് ചെയ്താൽ ബഡ്ഡിങ്ങ് കൂടുതൽ വിജയപ്രദമായിരിക്കും. തൈയും കമ്പുമായി വണ്ണം കൊണ്ടും  യോജിച്ചവയാണെങ്കിൽ ബഡ്ഡിങ്ങ് കൂടുതൽ വിജയിക്കും. കൂഴച്ചക്കയുടെയും വരിക്കച്ചക്കയുടെയും കുരുക്കളുടെ പ്രത്യേകതയെക്കുറിച്ച് പറഞ്ഞുവല്ലോ. എന്നാൽ കൂഴച്ചക്കയിൽ നിന്ന് വരിക്കപ്ലാവു കളും ഉല്പാദിപ്പിക്കാൻ കഴിയും.
‘ആദി പാതി അന്ത്യം’ എന്നൊരു പഴമൊഴിയുണ്ട്. പ്ലാവ് കന്നികായ്ക്കുന്ന ആദ്യവർഷത്തെ ചക്കയിൽ നിന്ന് വിത്തെടുത്ത് നടണമെന്നാണ് ഇതിലെ ആദി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശിഖരത്തിൽ കായ്ച്ചുനില്ക്കുന്ന ചക്കയുടെ കുരു എടുത്തു നട്ടാൽ കൂടുതൽ കായ്കൾ ലഭിക്കുമെന്നാണ് വിശ്വാസം. അതിനാൽ ധാരാളം ചക്കകൾ ലഭിക്കുന്നതിന് ശിഖരത്തിൽ നിന്നുള്ള, നല്ല മൂപ്പെത്തിയ ചക്ക തിരഞ്ഞെടുത്ത് അത് മുറിച്ച് അതിന്റെ മധ്യഭാഗത്തു നിന്ന് കുരുവെടുത്ത് നടാൻ ഉപയോഗിക്കുക.
നല്ല നീളമുള്ള ചക്ക ലഭിക്കുന്നതിന് ചക്കയുടെ ഏറ്റവും താഴെയുള്ള നാലു കുരുവാണ് തിരഞ്ഞെടുക്കേണ്ടത്. ഇവ ഒരു പ്രത്യേക ആകൃതിയിലുള്ള കുരുവായിരിക്കും. നമുക്ക് ലഭിക്കുന്ന പ്ലാവിന്റെ ചക്കയുടെ ആകൃതിയിൽ ലഭിക്കുന്നതിന് മധ്യഭാഗത്തെ കുരുവാണ് നടുവാനായി തിരഞ്ഞെടുക്കേണ്ടത്.

വി എ തോമസ് കട്ടക്കയം

More like this
Related

ജൈവവൈവിധ്യം എന്ന ജീവന്റെ സിംഫണി

'ഭൂമിക്കു മേൽ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികൾക്കു മേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം....
error: Content is protected !!