സ്നേഹമില്ലാത്തതല്ല സ്നേഹത്തിന്റെ ഭാഷ വശമില്ലാത്തതാണ് പല ബന്ധങ്ങളും ദുർബലമാകുന്നതിനും കൃത്യമായി ഫലം തരാത്തതിനും കാരണം. എന്താണ് സ്നേഹത്തിന്റെ ഭാഷ? എപ്പോഴെങ്കിലും അതേക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
‘ദ ഫൈവ് ലവ് ലാംഗ്വേജ്സ്: ഹൗ റ്റു എക്സ്പ്രസ് ഹർട്ട്ഫെൽറ്റ് കമ്മിറ്റ്മെന്റ് റ്റു യുവർ മേറ്റ്’ എന്ന കൃതിയുടെ കർത്താവായ ഗാരി ചാപ്പ്മാൻ പറയുന്നത് അത് പ്രധാനമായും അഞ്ച് തരത്തിലുണ്ട് എന്നാണ്. അതിൽ പറയുന്ന കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.
വാക്കുകൾ
വാക്കുകളാണ് സ്നേഹത്തിന്റെ ഭാഷയിലെ പ്രധാന ഘടകം. നാം പറയുന്ന, പ്രയോഗിക്കുന്ന,സംസാരിക്കുന്ന വാക്കുകൾക്ക് വലിയ ശക്തിയുണ്ട്. ഒരു പക്ഷേ നാം പറയുന്ന വാക്കുകൾ ഒരാളെ തളർത്തിക്കളഞ്ഞേക്കാം, അതേ സമയം ജീവൻ പകർന്നുകൊടുക്കുകയും ചെയ്തേക്കാം. അതുകൊണ്ട് ബന്ധങ്ങളിൽ വാക്കുകൾ സ്വർണ്ണം പോലെ തൂക്കി പ്രയോഗിക്കുക.
ജീവിതപങ്കാളിയോ സുഹൃത്തോ അയൽക്കാരോ ആരുമായിരുന്നുകൊള്ളട്ടെ അവരോട് സംസാരിക്കുന്ന വാക്കുകൾ മൃദുവും പ്രോത്സാഹനജനകവും സ്നേഹപൂർവ്വവുമായിരിക്കട്ടെ.
പ്രവൃത്തികൾ
സ്നേഹം വാക്കുകളിൽ മാത്രം ഒതുക്കിനിർത്തേണ്ട ഒന്നല്ല. അത് പ്രവൃത്തിയിലൂടെ പ്രകടമാക്കേണ്ടതുമാണ്. പലരുടെയും സ്നേഹം വാക്കുകളുടെ തലത്തിൽ മാത്രം ഒതുങ്ങിനില്ക്കുന്നവയാണ്. ഒരു അത്യാവശ്യം വന്നാൽ, ആപത്ഘട്ടമുണ്ടായാൽ അപ്പോഴെല്ലാം പുറംതിരിഞ്ഞുനില്ക്കുന്നവർ ധാരാളമുണ്ട്. അവർ സ്നേഹത്തിന്റെ ഭാഷ സ്വന്തമാക്കിയവരല്ല.
സമ്മാനങ്ങൾ
സമ്മാനങ്ങൾ നല്കുന്നത് സ്നേഹത്തിന്റെ പ്രതിഫലനമായി ലോകമെങ്ങും അംഗീകരിച്ചിട്ടുണ്ട്. നമുക്ക് കിട്ടുന്നതോ കൊടുക്കുന്നതോ ആയ ഏതു സമ്മാനവും നിന്നെ ഞാൻ ഓർമ്മിക്കുന്നുണ്ട് എന്നാണ് പറയുന്നത്. അവയുടെ വിലയല്ല സ്നേഹത്തിന്റെ മൂല്യമാണ് പരിശോധിക്കേണ്ടത്. അതുകൊണ്ട് ആരെങ്കിലും ഒരു സമ്മാനം നിനക്ക് നല്കിയാൽ ആ വ്യക്തി നിന്നെ സ്നേഹിക്കുന്നുവെന്നു തന്നെയാണ് അതിന്റെ അർത്ഥം.
സമയം പങ്കിടുക
ഇന്ന് പലർക്കും ഇല്ലാതെ പോകുന്നത് സമയമാണ്. അടുത്തുവന്നിരിക്കാനോ സംസാരിക്കാനോ ആർക്കും സമയമില്ലാത്ത അവസ്ഥ. സ്നേഹിക്കുന്ന ആൾ ആരുമായിരുന്നുകൊള്ളട്ടെ അയാളുമായി സമയം പങ്കിടാൻ തയ്യാറാവുക. ഒരുമിച്ചായിരിക്കാൻ സമയം കണ്ടെത്തുക.
ശാരീരിക സ്പർശനം
കൊച്ചുകുട്ടികൾ സ്നേഹം മനസ്സിലാക്കുന്നത് സ്പർശനത്തിലൂടെയാണ്. സ്പർശം സ്നേഹത്തിന്റെ ഭാഷയാണ്. വൈകാരികമായ ഒരു തലം എല്ലാ സ്പർശനങ്ങളിലുമുണ്ട്. വൃദ്ധർ മുതൽ കുഞ്ഞുങ്ങൾ വരെ സ്പർശനം ആഗ്രഹിക്കുന്നുണ്ട്. ലൈംഗിക ചുവയോടെയല്ല സ്പർശനത്തെ കാണേണ്ടത് മറിച്ച് സ്നേഹത്തിന്റെ ഭാഷയിലൂടെയാണ്.