അതെ, ചില നേരങ്ങളിൽ സ്വാതന്ത്ര്യം അനാവശ്യമായി തോന്നുന്നുണ്ട്. ബഷീറിന്റെ ആ കഥാപാത്രം ചോദിച്ചതുപോലെ ഇനിയെന്തിനാണ് സ്വാതന്ത്ര്യം? വിശന്നപ്പോൾ കിട്ടാതെ വന്ന ഭക്ഷണം വിശപ്പ് കെട്ടടങ്ങിയപ്പോൾ അനാവശ്യമായി തോന്നിയതുപോലെ ആഗ്രഹിച്ച സമയത്ത് കിട്ടാതെ വന്ന സ്വാതന്ത്ര്യം പിന്നീട് കിട്ടുമ്പോൾ ഭാരമായി മാറുന്നു.
ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്, ഒരുപാട് അടിച്ചമർത്തലിലൂടെയാണ് അവന്റെ ബാല്യകൗമാരങ്ങൾ കടന്നുപോയിരുന്നതെന്ന്. അച്ഛൻ അവന് ഓർമ്മയ്ക്കു മുന്നേ കളമൊഴിഞ്ഞു. അവന്റെ ഹൈസ്‌ക്കൂൾ പഠനകാലത്ത് അമ്മ കിടപ്പിലായി. ചേട്ടനും ചേച്ചിമാരുടെയും നിയന്ത്രണത്തിലായി പിന്നീടുള്ള അവന്റെ ജീവിതം. അവർക്കെല്ലാം ഒരുപാട് സ്വാതന്ത്ര്യം. അവന് മാത്രം സ്വാതന്ത്ര്യമില്ല. സ്‌കൂളിലേക്കും പള്ളിയിലേക്കുമല്ലാതെ മറ്റൊരിടത്തേക്കും പോകാൻ അനുവാദവുമുണ്ടായിരുന്നില്ല.
അയൽവക്കത്തെ കൂട്ടുകാരോട് കൂട്ടുകൂടാൻ പാടില്ല. ചീത്തയാകുമത്രെ. ചേട്ടന്റെ സൈക്കിൾ ചവിട്ടി സൈക്കിൾകയറ്റം പഠിക്കാൻ പാടില്ല, വീണ് കാലൊടിയുമത്രെ. ഒരുപാട് അരുതുകൾക്കിടയിൽ ഞെരിഞ്ഞമർന്ന് അവൻ ജീവിച്ചു. പക്ഷേ പിന്നീട് യൗവനത്തിലെത്തിയപ്പോൾ അവന് തോന്നി ഇങ്ങനെ താൻ മാത്രം ഞെരുങ്ങിജീവിക്കേണ്ടതില്ലെന്ന്. ബാംഗ്ലൂരിലെ പഠനകാലം അവന്റെ സ്വാതന്ത്ര്യത്തിന്റെ ആഘോഷമായിരുന്നു. നഷ്ടപ്പെട്ടതെല്ലാം അവൻ തിരിച്ചുപിടിച്ചു. പക്ഷേ വൈകാതെ അവന് മനസ്സിലായി താൻ സ്വാതന്ത്ര്യം ദുർവിനിയോഗിക്കുകയായിരുന്നുവെന്ന്.
ഇന്ന് അവന്റെ മേലുള്ള എല്ലാനിയന്ത്രണങ്ങളും ഇല്ലാതായിരിക്കുന്നു. പക്ഷേ നാല്പതുകളിൽ എത്തിനില്ക്കുമ്പോൾ അവൻ തന്നോടു തന്നെ ചോദിക്കുന്നു. എന്തിനായിരുന്നു സ്വാതന്ത്ര്യം? എന്തിന് വേണ്ടിയാണ് സ്വാതന്ത്ര്യം? കതിരിൽ കൊണ്ടുപോയി വളംവച്ചിട്ട് കാര്യമില്ലല്ലോ എന്ന് പറയാറില്ലേ, സ്വാതന്ത്ര്യവും അങ്ങനെയാണ് മുതിർന്നുകഴിയുമ്പോൾ ലഭിക്കുന്ന സ്വാതന്ത്ര്യം തങ്ങളുടെ അവകാശമാണെന്നാണ് പലരുടെയും ധാരണ. മുതിരുമ്പോൾ മാത്രമല്ല ചെറുപ്രായം മുതൽക്കേ ഒരുപാട് കാർക്കശ്യങ്ങളിൽ കുടുങ്ങികിടക്കുമ്പോൾ സ്വച്ഛവായു ശ്വസിക്കാൻ ആഗ്രഹിക്കും. ഒരുപാട് അരുതുകളിൽ തളയ്ക്കപ്പെടുമ്പോൾ ചങ്ങലകൾ പൊട്ടിച്ചെറിയാൻ തോന്നും. അത് അവനവനോടു തന്നെയുള്ള കലാപത്തിലായിരിക്കും അവസാനിക്കുന്നത്.
ചോദ്യം ചെയ്യാൻ ഒരു ഈച്ചപോലും ഇല്ലാതിരുന്നിട്ടും സ്വാതന്ത്ര്യം അവനെ ഇപ്പോൾ ഭാരപ്പെടുത്തുന്നു. ആരെങ്കിലുമൊക്കെ ചില അതിരുകൾ പറയാൻ ഉള്ളപ്പോഴാണെന്ന് തോന്നുന്നു യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ വില അറിയുന്നത്. ആരുമില്ലാതാകുമ്പോഴും ആരുമല്ലാതാകുമ്പോഴും കിട്ടുന്ന സ്വാതന്ത്ര്യം മിക്കപ്പോഴും സന്തോഷമല്ല വേദനയാണ്, നഷ്ടബോധമാണ് നല്കുന്നതും.
പതിവായി വൈകി വീട്ടിലെത്തുന്ന മകനെ ശാസിക്കാറുണ്ടായിരുന്ന അച്ഛൻ. ഓരോ ശാസനയും അവന്റെ ഉള്ളിൽ നീരസമാണ് വളർത്തിയത്. ‘ഈ അച്ഛൻ ഇല്ലാതായിരുന്നുവെങ്കിൽ… ഇഷ്ടമുള്ളപ്പോൾ വന്നാൽമതിയായിരുന്നു. ഇഷ്ടമുള്ളതെല്ലാം ചെയ്യാമായിരുന്നു. ഇങ്ങനെയും ഒരു അച്ഛൻ…’
ഒരുനാൾ മറ്റ് പലരെയും പോലെ അച്ഛനെയും മരണം കവർന്നു. ആശ്വാസമാണ് അവനാദ്യം തോന്നിയത്. ഹോ രക്ഷപ്പെട്ടു. പക്ഷേ അടുത്ത ദിവസം തന്നെ അവന് മനസ്സിലായി അച്ഛൻ നിഷേധിച്ച സ്വാതന്ത്ര്യങ്ങൾക്ക് സ്നേഹത്തിന്റെ മണമുണ്ടായിരുന്നുവെന്ന്. അതു മനസ്സിലാക്കിയപ്പോൾ അവൻ അന്ന് അച്ഛനെയോർത്ത് നെഞ്ചു പൊട്ടിക്കരഞ്ഞു.
ഭർത്താവ് മരിച്ചാൽ തനിക്കും മക്കൾക്കും സ്വാതന്ത്ര്യത്തോടെ ജീവിക്കാമല്ലോ എന്ന് കരുതിയിരുന്ന ഒരു ഭാര്യ. ഭർത്താവിന്റെ കടുംപിടുത്തങ്ങളും നിർദ്ദേശങ്ങളും അത്രമേൽ അസ്വസ്ഥതയാണ് അവൾക്ക് സമ്മാനിച്ചിരുന്നത്. ഇയാൾക്ക് ട്രാൻസ്ഫറായി വല്ല ഗോകർണത്തേക്ക് പോയാലെന്താ എന്നുപോലും അവൾ പ്രാർത്ഥിച്ചു. ഒരുനാൾ ഓഫീസിൽ പോയ അയാൾ മടങ്ങിയെത്തിയത് ജീവനറ്റ നിലയിൽ ആംബുലൻസിലായിരുന്നു. പിന്നീടൊരിക്കലും ആ സ്ത്രീ സ്വാതന്ത്ര്യം എന്തെന്ന് അറിഞ്ഞിട്ടില്ല. മുമ്പൊരിക്കലും അടയ്ക്കപ്പെട്ടിട്ടില്ലാത്തവിധം കറുത്തിരുണ്ട ഒരു കാരാഗൃഹത്തിൽ താൻ അടയ്ക്കപ്പെട്ടതുപോലെയാണ് അവർക്ക് തോന്നിയത്.
ആരെങ്കിലുമൊക്കെ ഇല്ലാതായാൽകിട്ടുമെന്ന് നാം കരുതുന്ന സ്വാതന്ത്ര്യമൊന്നും സ്വാതന്ത്ര്യമേയല്ല. ശാസനയുടെയും അരുതുകളുടെയുമായ ദുഃസ്വാതന്ത്ര്യങ്ങൾ സ്നേഹപൂർവ്വമായ പാരതന്ത്ര്യമാണെന്ന് മനസ്സിലാക്കികഴിഞ്ഞാൽ ബന്ധങ്ങളിലെ കിരുകിരുപ്പുകൾ താനേ കുറയും. വിളക്കിൽ പിടിക്കാൻ കരം നീട്ടിവരുന്ന കുഞ്ഞിനെ ഒന്നുകിൽ വിളക്കണച്ചോ അല്ലെങ്കിൽ കുഞ്ഞിനെ എടുത്തുമാറ്റിയോ ആണല്ലോ അപകടം കൂടാതെ കാത്തുസൂക്ഷിക്കുന്നത്. അതിന് പകരം അവന്റെ സ്വാതന്ത്ര്യമല്ലേ, വിളക്കിൽപിടിച്ച് കൈ പൊള്ളിച്ചോട്ടെ എന്ന് കരുതുമോ? ഇല്ല. സ്നേഹപൂർവ്വമായ അസ്വാതന്ത്ര്യങ്ങളെ, വിലക്കുകളെ അങ്ങനെ കണ്ടുകഴിയുമ്പോൾ എന്തൊരു പ്രകാശമാണ് ഉള്ളിലേക്ക് വരുന്നത്. പിന്നെ സ്വാതന്ത്ര്യം ലഭിക്കാത്തതിന്റെ പേരിൽ നാം പിറുപിറുക്കുകയേ ഇല്ല.
ഓരോ പ്രായത്തിലും ഓരോ അവസ്ഥയ്ക്കും അനുസരിച്ചുള്ള സ്വാതന്ത്ര്യമാണ് ഉണ്ടാവേണ്ടത്. സ്വാതന്ത്ര്യം കൃത്യമായ അളവിലായിരിക്കണം നല്കേണ്ടതും. മരുന്നുകളുടെ കൃത്യമായ ഡോസ് പോലെയാണ് അത്. അധികമാകരുത്, കുറയാനും പാടില്ല. കുഞ്ഞുങ്ങളുടെ സ്വാതന്ത്ര്യത്തിന് പോലും അവന്റെ തിരിച്ചറിവില്ലായ്മകളുടെ കാലത്ത് നാം ചില അതിരുകൾ വയ്ക്കുന്നുണ്ടല്ലോ? അതുപോലെ ഏതു പ്രായത്തിലും ആരോഗ്യമായ അതിരുകളോടെ തന്നെയാവണം സ്വാതന്ത്ര്യം നല്കേണ്ടതും.
അനാരോഗ്യകരമായ സമീപനം സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുണ്ടാകുന്നതുകൊണ്ടാണ് അനുകൂലസാഹചര്യങ്ങളിൽ അത് ദുർവിനിയോഗം ചെയ്യപ്പെടാനുള്ളസാധ്യത വർദ്ധിക്കുന്നത്. തുടക്കത്തിൽ സുഹൃത്തിന്റെ അനുഭവം കുറിച്ചതുപോലെ.
കോവണിയുടെ പടികൾ പോലെയാണ് സ്വാതന്ത്ര്യമെന്ന് തോന്നുന്നു. ഓരോരോ പടികൾ കടന്നാണ് മുകളിൽ എത്തുന്നത്. ഓരോ പടികളും ഒരുപോലെ പ്രധാനമാണ്. ഒരിടത്തും കൂടുതലും കുറവുമില്ല. അളവുവ്യത്യാസങ്ങളുമില്ല. എന്നാൽ കയറുമ്പോൾ എവിടെയെങ്കിലും പിഴച്ചുപോയാലോ അപകടത്തിലേക്കാണ് പതിക്കുന്നത്. സ്വാതന്ത്ര്യവും ഇപ്രകാരമാണ്. കൃത്യമായും വ്യക്തമായും മുന്നോട്ടുപോകുമ്പോൾ അവിടെ പ്രശ്നമില്ല. എന്നാൽ ചുവടു തെറ്റിയാലോ?
ഓരോരുത്തരും തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ പരിധി സ്വയം നിശ്ചയിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. എവിടെയാണ് എന്റെ സ്വാതന്ത്ര്യത്തിന്റെ അതിര്? എനിക്ക് എവിടം വരെ പോകാം? ഇതാണ് ബോധപൂർവ്വമായ സ്വാതന്ത്ര്യത്തിന്റെ വിവേകപൂർവമായ തിരഞ്ഞെടുപ്പ്. മറ്റൊരാൾ ചെയ്യുന്ന സ്വാതന്ത്ര്യം എനിക്ക് ആവശ്യമില്ലെന്ന് ഒരാൾ തിരിച്ചറിയുമ്പോൾ സ്വാതന്ത്ര്യത്തിന്റെ സ്വച്ഛതയിലേക്കാണ് അയാൾ പ്രവേശിക്കുന്നത്.
എന്തും ചെയ്യാനുള്ളതല്ല ഒരിക്കലും എന്റെ സ്വാതന്ത്ര്യം. സുഹൃത്ത് മദ്യപിക്കുന്നവനാണ്, അയൽവക്കത്തെ ഭർത്തൃമതിക്ക് രഹസ്യബന്ധങ്ങളുണ്ട്, സുഹൃത്ത് കൈക്കൂലി വാങ്ങുന്നവനാണ്, സഹപ്രവർത്തകൻ ജോലിയിൽ കള്ളം കാണിക്കുന്നവാണ്. എന്നാൽ അതൊക്കെ എനിക്ക് അനുകരിക്കാവുന്ന മാതൃകകളാണോ? അത്തരമൊരു സ്വാതന്ത്ര്യം എനിക്കുണ്ടോ? ഇല്ല. എല്ലാ സ്വാതന്ത്ര്യവും എനിക്ക് വേണ്ടതില്ല. എന്നെ തൃപ്തിപ്പെടുത്തുന്ന, എന്റെ മനസ്സിന് ശാന്തത നല്കുന്ന സ്വാതന്ത്ര്യം. അതാണ് എനിക്ക് വേണ്ടത്. അതുകൊണ്ടുതന്നെ മറ്റുള്ളവർ ചെയ്യുന്നതെല്ലാം ചെയ്യാൻ ഞാൻ വിളിക്കപ്പെട്ടിട്ടില്ല. അതുപോലെ എന്റെ സ്വാതന്ത്ര്യം എനിക്ക് എത്രമേൽ പ്രിയപ്പെട്ടതാണോ അത്രമേൽ പ്രധാനപ്പെട്ടതാണ് നിന്റെ സ്വാതന്ത്ര്യവും. അത്തരമൊരു ചിന്തയിൽ നിന്നാണ് പരസ്പരബഹുമാനത്തോടെയുള്ള ബന്ധങ്ങൾ രൂപപ്പെടുന്നത്.
ജോസഫ് തൊട്ടുപുറം