മകളെ കോളജിലേക്കൊക്കെ അയ യ്ക്കാൻ പേടിയാകുന്നു. ഓരോ ദിവസവും കേൾക്കുന്ന വാർത്തകൾ…
പാലാ സെന്റ് തോമസ് കോളജിൽ സഹപാഠി കൊലപ്പെടുത്തിയ പെൺകുട്ടിയെക്കുറിച്ചുള്ള വാർത്ത വന്ന ദിവസങ്ങളിലായിരുന്നു ഒരു അമ്മ തന്റെ ആശങ്ക പങ്കുവച്ചത്. പ്രണയത്തിന്റെയും പ്രണയപരാജയത്തിന്റെയും ഒക്കെ ഇരകളാകുന്നത് കൂടുതലും പെൺകുട്ടികളാകുമ്പോൾ അച്ഛനമ്മമാരുടെ ഈ ആശങ്കകൾ വെറുതെയൊന്നുമല്ല താനും. സമാനമായ രീതിയിലുളള വാർത്തകൾ നിരവധി ഇതിനകം പുറത്തുവന്നിട്ടുണ്ടെങ്കിലും നമ്മുടെ പെൺമക്കൾ വീണ്ടും ആൺകുട്ടികളെ പ്രേമിക്കും. അവർ പ്രണയോദ്യാനത്തിലെ പൂക്കളായി മണവും നിറവും ചൂടി നില്ക്കുകയും ചെയ്യും. ചിലപ്പോൾ ആ പ്രണയം പാതിവഴിയിൽ അവസാനിച്ചേക്കാം. വേറെ ചിലപ്പോൾ വിവാഹം എന്ന സാക്ഷാത്ക്കാരം കൈവരിച്ചേക്കാം. വേറെ ചിലപ്പോൾ പ്രണയഭംഗത്തിന്റെ പേരിൽ ഇതിനകം കണ്ടതുപോലെയുള്ള ഇരയായി മാറിയേക്കാം. ഒരാൾ പ്രണയത്തിലാകുമ്പോൾ സാധ്യതകൾ പലതാണ്. പലവഴികൾ ഒരൊറ്റ ലക്ഷ്യത്തിലെത്തിച്ചേരുന്നതുപോലെയാണ് പ്രണയവും.
എന്നാൽ ഈ പ്രണയപരാജയങ്ങളും അതിന്റെ തിക്തഫലങ്ങളും പെൺകുട്ടികളെ മാത്രമാണോ ബാധിക്കുന്നത്? അത് അവരുടെ മാത്രം നഷ്ടങ്ങളാണോ? ശരിയാണ്, ഇരകളാകുന്നത് പെൺകുട്ടികൾ തന്നെയാണ്. ആസിഡെറിഞ്ഞ് ജീവിതം വികൃതമാക്കപ്പെടുന്നതും കത്തിമുനയിലും വെടിയുണ്ടയിലും അവസാനിക്കുന്നതും അവരുടെ ജീവിതങ്ങളാണ്. പക്ഷേ മറുവശത്തും നഷ്ടങ്ങളുണ്ട്. ഒരിടത്ത് എന്നേയ്ക്കുമായി ഒരാൾ ഇല്ലാതാകുന്നു. ആ വേദന അവിടെ എക്കാലവും നിലനില്ക്കുമ്പോൾ തന്നെ മറുഭാഗത്ത് ജീവനോടെ കത്തിയെരിയുന്ന അനുഭവമുണ്ട്. കുറ്റവാളിയായ ചെറുപ്പക്കാരൻ മാത്രമല്ല അവന്റെ കുടുംബം തന്നെയും എരിഞ്ഞുതീർന്നുകൊണ്ടേയിരിക്കും. പാലായിലെ ആ സംഭവം തന്നെ നോക്കൂ. ആ പയ്യന് ഇരുപത് വയസ് മാത്രം. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ അവന് പരമാവധി ശിക്ഷ തന്നെ കിട്ടിയേക്കാം. സമൂഹത്തിനും കുടുംബത്തിനും ഉപകാരപ്രദമായി മാറേണ്ട യൗവനം മുഴുവൻ അവൻ ജയിലിൽ കഴിച്ചുകൂട്ടേണ്ടിവന്നേക്കാം. ആസൂത്രിതമായ കൊലപാതകമാണെങ്കിലും ആയുസു മുഴുവൻ വൃഥാവിലായിരിക്കുന്നു. അവനെയോർത്തുള്ള അവന്റെ പ്രിയപ്പെട്ടവരുടെ കണ്ണീര് എന്നെങ്കിലും അവസാനിക്കുമോ. അവൻ കൊലപ്പെടുത്തിയ പെൺകുട്ടിയുടെ അമ്മയുടെ കണ്ണീര് എന്നെങ്കിലും നിലയ്ക്കുമോ? ഇല്ല നഷ്ടങ്ങൾ എപ്പോഴും സമാസമമാണ്. അതുകൊണ്ടുതന്നെ സമാനമായ സംഭവങ്ങളിൽ പെൺകുട്ടികളെയോർത്തുമാത്രമല്ല ആൺകുട്ടികളെയോർത്തും നാം കരയേണ്ടിയിരിക്കുന്നു. കോളജിലേക്കോ ജോലിക്കോ അയയ്ക്കേണ്ടിവരുന്ന ആൺകുട്ടിയെയും പെൺകുട്ടിയെയുമോർത്ത് ഒന്നുപോലെ മാതാപിതാക്കൾ ടെൻഷൻ അനുഭവിക്കേണ്ടിവരുന്ന മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത അവസ്ഥ.
പ്രണയങ്ങളെയൊക്കെ കുറച്ചുകൂടി പക്വതയോടെ കാണാനുള്ള വിവരമാണ് നമ്മുടെ ചെറുപ്പക്കാർക്കുണ്ടാകേണ്ടത്. വേണ്ടെന്ന് വയ്ക്കാൻ അവൾക്ക് അവകാശമുണ്ടെങ്കിൽ അവളെ സ്വന്തമാക്കാൻ നീയെന്തിനാണ് ചെറുപ്പക്കാരാ വാശിപിടിക്കുന്നത്? അവഗണിച്ചുകളഞ്ഞ ആളെ സ്വന്തമാക്കാൻ കളയുന്ന സമയം കൊണ്ട് അവൾക്ക് മുമ്പിൽ വിജയിച്ചുകാണിക്കാൻ നീ ശ്രമിക്കാത്തതെന്താണ്?സ്നേഹിച്ചിരുന്ന ആൾ ഒഴിവാക്കിയതോർത്ത് സ്വന്തം ജീവിതം തന്നെ നശിപ്പിക്കാൻ മാത്രം വിവേകശൂന്യരാകുന്നത് എന്തുകൊണ്ടാണ്? നിനക്കൊരു കുടുംബമുണ്ടെന്നും നിന്നെ സ്നേഹിക്കുന്നവർ ബാക്കിയാണെന്നും നീ തിരിച്ചറിയാതെ പോകുന്നത് എന്തുകൊണ്ടാണ്?
മക്കളുടെ ഏതാഗ്രഹത്തോടും നോ പറയാൻ മടികാണിക്കുന്ന മാതാപിതാക്കളും അറിയാതെയാണെങ്കിലും മക്കളുടെ ഇത്തരം വീഴ്ചകൾക്ക് കാരണക്കാരാകാറുണ്ട്. തങ്ങൾ അനുഭവിച്ച ഇല്ലായ്മകളും വല്ലായ്മകളും മക്കൾ അറിയരുതെന്ന് ആഗ്രഹിച്ച് അവരുടെ ഇഷ്ടങ്ങൾക്ക് ഒപ്പം നടന്ന് നിഷേധാത്മകമായ ഒരു അനുഭവത്തെ പോലും അഭിമുഖീകരിക്കാൻ പ്രാപ്തിയില്ലാത്തവരാക്കി മാറ്റുമ്പോൾ ഇങ്ങനെയും ചില അപകടങ്ങളുണ്ട്. ജീവിതത്തിൽ ആദ്യമായി കേൾക്കുന്ന ‘നോ’ ഒരുപക്ഷേ കാമുകനിൽ നിന്നോ കാമുകിയിൽ നിന്നോ ആകുമ്പോൾ അത് താങ്ങാൻ കഴിയാതെ ആത്മഹത്യ ചെയ്യുന്നവരും കുറവൊന്നുമല്ല. പ്രണയപ്പക എന്ന പേരിൽ മേൽപ്പറഞ്ഞവിധത്തിലുള്ള കൊലപാതകങ്ങള ഗ്ലാമറൈസ് ചെയ്യുന്ന മാധ്യമപ്രവണതയും ശരിയാണെന്ന് തോന്നുന്നില്ല. പ്രണയമാണെങ്കിൽ അതിലൊരിക്കലും പകയില്ല. പ്രണയം മാത്രമേയുള്ളൂ. ശുദ്ധമായ മനസ്സാണ് അതിന്റെ മൂലധനം. ഒരുകാലത്ത് സ്നേഹിച്ചിരുന്നു എന്നതുകൊണ്ട് ആ വ്യക്തിയെ ഇല്ലായ്മ ചെയ്യത്തക്കവിധത്തിലുള്ള ക്രൂരത സ്വഭാവികമനോനിലയുള്ള ഒരാളും ചെയ്യുകയില്ല. ബോധപൂർവ്വം കൊലപാതകം പോലെയുള്ള ക്രൈമുകൾ ചെയ്യുന്നവരുടെ മാനസികാരോഗ്യം തീർച്ചയായും വിലയിരുത്തേണ്ടതാണ്. മനോരോഗികളായി വേണം അവരെ കാണേണ്ടത്. അതൊരിക്കലും കുറ്റകൃത്യത്തിൽ നിന്ന് ഒഴിവായിപ്പോകാനുള്ള ന്യായീകരണമാകുകയും ചെയ്യരുത്. ഒരു തിരസ്‌ക്കരണവും ജീവിതത്തിന് പുറത്തേയ്ക്കുള്ളവാതിലല്ല, മറിച്ച് ജീവിതത്തെ കുറെക്കൂടി നല്ലരീതിയിൽ ചിട്ടപ്പെടുത്താനുള്ള അവസരമാകണം. സ്വന്തം ജീവനെ വില മതിക്കുന്ന ഒരാൾക്ക് മാത്രമേ മറ്റൊരാളുടെ ജീവനെയും ആദരപൂർവ്വം കാണാൻ കഴിയുകയുള്ളൂ.
ഇത് പെൺകുട്ടികളുടെ മാത്രം പ്രശ്നമാണോ?
Date: