പ്രപഞ്ചം

Date:

ഒരു സുഹൃത്ത് പങ്കുവച്ചതാണ്  ഈ സംഭവം. ഒരു പ്രത്യേക സാഹചര്യത്തിൽ അവന് ജോലി രാജിവയ്ക്കേണ്ടിവന്നു. മറ്റ് ജോലി സാധ്യതകൾ ഒന്നും ഇല്ലാതിരിക്കെ മറ്റ് ചില സ്വപ്നങ്ങൾക്കുവേണ്ടിയായിരുന്നു അത്. രാജിവച്ചുകഴിഞ്ഞപ്പോഴാണ് ഇനി താൻ അഭിമുഖീകരിക്കാൻ പോകുന്ന പ്രശ്നങ്ങളെ ഒരു ഭൂതക്കണ്ണാടിയിലെന്നവണ്ണം അവൻ നോക്കിക്കണ്ടത്. അതവനെ വല്ലാതെ ഭയപ്പെടുത്തി. നീക്കിയിരിപ്പില്ലാത്ത ബാങ്ക് അക്കൗണ്ട്… പിന്തുണ കിട്ടാനിടയില്ലാത്ത കുടുംബസാഹചര്യം… തല ചായ്ക്കാൻ പോലും ഇടമില്ലാത്ത അവസ്ഥ. വിരസമാണെങ്കിലും ജോലി രാജിവയ്ക്കേണ്ടതില്ലായിരുന്നുവെന്ന് അവന് തോന്നിപ്പോയി. ഇനിയെങ്ങനെ ജീവിക്കും? 

മഴ പെയ്തു തോർന്ന സന്ധ്യയിലായിരുന്നു അവൻ. ക്വാർട്ടേഴ്സിന് വെളിയിലേക്ക് ഇറങ്ങി റോഡിലൂടെ  കടന്നുപോകുന്ന വാഹനങ്ങളെ നോക്കിനില്ക്കുമ്പോഴാണ് അവനാ കാഴ്ച കണ്ടത്. ജനിച്ചിട്ട് ആഴ്ചകൾ മാത്രം കഴിഞ്ഞ ഒരുപൂച്ചക്കൂട്ടി വഴിയരികിലൂടെ പാടുപെട്ട് നടന്ന് ക്വാർട്ടേഴ്സിന് സമീപമുള്ള കൊക്കോത്തോട്ടത്തിലേക്ക് കയറാൻ ശ്രമിക്കുകയാണ്.ആരോ വീട്ടിൽ നിന്ന് ഒഴിവാക്കിയതായിരുന്നു ആ പൂച്ചക്കുട്ടിയെ. പലതവണ ശ്രമിച്ചിട്ടും അതിന് മൺതിട്ട കടന്ന് അവിടേയ്ക്ക് കയറാൻ സാധിച്ചില്ല. ആ പൂച്ചക്കൂട്ടി ചെയ്യുന്നത് എന്തെന്ന് അവൻ അല്പനേരം നോക്കിനിന്നു. ആദ്യ ചില ശ്രമങ്ങൾ പരാജയപ്പെട്ടുവെങ്കിലും  കുറച്ചുകൂടി മുന്നോട്ടുപോയി ആദ്യത്തേതിനെക്കാൾ ഉയരം കുറഞ്ഞ ഒരു മൺതിട്ട ചാടിക്കടന്ന് കൊക്കോത്തോട്ടത്തിനുളളിലേക്ക് ആ പൂച്ച കടന്നുപോയി. 

ഈ ദൃശ്യം അവനെ വല്ലാതെ സ്പർശിച്ചു. പുറമേയ്ക്ക് നോക്കുമ്പോൾ വളരെ ദുർബലയായ ഒരു ജീവി. ഉപേക്ഷിക്കപ്പെട്ട സാഹചര്യം. എങ്കിലും തോറ്റുകൊടുക്കാതെ ആ ജീവി പലവട്ടം ശ്രമിച്ചു. ഒടുവിൽ തനിക്ക് അനുയോജ്യമായ ഒരിടം കണ്ടെത്തി അതിലൂടെ കടന്ന് ജീവിക്കാനുള്ള ശ്രമവുമായി മുന്നോട്ടുപോയിരിക്കുന്നു. ആ പൂച്ചക്കുട്ടിയും എങ്ങനെയെങ്കിലും ജീവിക്കില്ലേ… വളരില്ലേ… അതുവരെയുണ്ടായിരുന്ന എല്ലാ നിരാശതയിൽ നിന്നും മുക്തനായിക്കൊണ്ടാണ് സുഹൃത്ത് കിടക്കാൻ പോയത്. 
അതിജീവിക്കാനും പോരാടാനും എനിക്ക് കരുത്ത് നല്കിയ ദൃശ്യമായിരുന്നു അത്. പിന്നീട് എപ്പോഴൊക്കെ മനസ്സ് മടുത്തുപോയിട്ടുണ്ടോ പ്രതികൂലങ്ങൾ ഉണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം ഞാൻ ശക്തി സംഭരിച്ചത് ആ ദൃശ്യത്തിന്റെ ഓർമ്മ പുതുക്കിക്കൊണ്ടായിരുന്നു. സുഹൃത്ത് പറഞ്ഞു. ഇന്ന് അവൻ ഒരു പ്രമുഖചാനലിലെ ഉയർന്ന റേറ്റിംങ് ഉള്ള ഒരു പ്രോഗ്രാമിന്റെ പ്രൊഡ്യൂസറാണ്. 

മനസ്സ് തളർത്താൻ പല  സാഹചര്യങ്ങളുമുണ്ടാകാം നമ്മുടെ ജീവിതത്തിൽ. വ്യക്തികളുമുണ്ടാകാം. പക്ഷേ പ്രചോദിപ്പിക്കാനോ പ്രോത്സാഹനം നല്കാനോ അധികം പേർ ഉണ്ടായെന്നുവരില്ല. അത്തരം സന്ദർഭങ്ങളിൽ നമ്മെ ഉത്തേജിപ്പിക്കേണ്ടത് നാം തന്നെയാണ്. സാഹചര്യങ്ങളിൽ നിന്നോ വായനയിൽ നിന്നോ ഒക്കെ നേടിയെടുക്കുന്ന പ്രചോദനങ്ങൾ ഇക്കാര്യത്തിൽ വളരെയധികം സഹായിക്കും. 

മനുഷ്യനാണ് മറ്റുള്ളവരുടെ വഴികൾ അടയ്ക്കുന്നത്. പ്രപഞ്ചം ഒരിക്കലും ആരുടെയും വഴികൾ കൊട്ടിയടയ്ക്കാറില്ല.  തുറന്നുവച്ചിരിക്കുന്നഒരു പാഠപുസ്തകമാണ് പ്രപഞ്ചം. അതിലേക്ക് നോക്കിയാൽ ഒന്നല്ല അതിലധികം പാഠങ്ങൾ കിട്ടും. പല വഴിയെ പോയി അടഞ്ഞുകിടക്കുന്ന വാതിലുകൾ കണ്ട് പിന്തിരിയാതെ, നമുക്ക് കടന്നുപോകാവുന്ന, അനുയോജ്യമായ വാതിലുകൾ കണ്ടെത്തി അതിലെ പ്രവേശിക്കുക. ജീവിതം മാറിമറിയാൻ ചിലപ്പോൾ ഒരൊറ്റ നിമിഷം പോരേ?

വിനായക് നിർമൽ

More like this
Related

സഹായം

സഹായം കൈപ്പറ്റാത്തവരായി ആരെങ്കിലുമുണ്ടാവുമോ? ആരോടെങ്കിലും ജീവിതത്തിലെ ഏതെങ്കിലും നിമിഷങ്ങളിൽ സഹായം ചോദിക്കാത്തവരായി...

കംഫർട്ട് സോൺ

അടുത്തയിടെ എവിടെയോ  കംഫർട്ട് സോൺ എന്ന വാക്കിന് ഒരു നിർവചനം വായിച്ചു....

വഞ്ചന

ഒട്ടും പോസിറ്റീവായ വാക്കല്ല വഞ്ചന. പക്ഷേ നിത്യജീവിതത്തിൽ ഈ വാക്കിനെ മാറ്റിനിർത്താനുമാവില്ല....

ജീവിതം

ജനനം മുതൽ മരണം വരെയുള്ള ഒരു കാലഘട്ടത്തിന് പറയുന്ന പേരാണ് ജീവിതം....

ആവർത്തനം

വസ്തുനിഷ്ഠമായി വിലയിരുത്തുകയാണെങ്കിൽ ജീവിതത്തിൽ പലതും ആവർത്തനമാണെന്ന് പറയേണ്ടിവരും. ഇന്നലെത്തെ ദിവസത്തിന്റെ ആവർത്തനമാണ്...

നന്മ

ഒരു സംഭവം പങ്കുവയ്ക്കട്ടെ. തന്റെ ഒരു സുഹൃത്ത് കടന്നുപോകുന്ന അത്യന്തം നിസഹായാവസ്ഥയിൽ...

അപമാനം

ഒരു നടൻ അപമാനിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയായിൽ കഴിഞ്ഞ മാസങ്ങളിൽ...

തുറന്നിടുക

മഴ പെയ്തുകൊണ്ടിരുന്നപ്പോൾ മുറിയുടെ ജനാലകൾ അടച്ചുപൂട്ടിയിരുന്നു. മഴ തുടർന്നുകൊണ്ടേയിരുന്നപ്പോൾ ജനാലകൾ എല്ലാം...

പ്രതിഫലം

ഫലം ആഗ്രഹിച്ചുചെയ്യുന്ന പ്രവൃത്തിക്കുള്ള വേതനമാണ് പ്രതിഫലം. അതു കേവലം പണം മാത്രമായിരിക്കണമെന്നില്ല....

നിലനില്പ്

തുടങ്ങിവയ്ക്കാൻ താരതമ്യേന എളുപ്പമാണ്. പക്ഷേ അത് നിലനിർത്തിക്കൊണ്ടുപോവുക എന്നതാണ് ദുഷ്‌ക്കരം. നിരവധി...

സൗന്ദര്യം

എന്താണ് സൗന്ദര്യം? കൃത്യമായി നിർവചിക്കുന്നതിൽ പരാജയപ്പെട്ടുപോകുന്ന ഒന്നല്ലേ സൗന്ദര്യം. അല്ലെങ്കിൽ  പറയൂ...

പരിഹാസം

ഒരാളെ ഏറ്റവും നിരായുധനാക്കാൻ കഴിയുന്നത് എങ്ങനെയാണ്? നിസ്സഹായനാക്കി മാറ്റി ചോരയൂറ്റി വീഴ്ത്താൻ...
error: Content is protected !!