ആർക്കും വേണ്ടാത്തവരുണ്ട്. അവരെത്രെ വൃദ്ധർ. അല്ലെങ്കിൽ പറയൂ അവരെ ഇവിടെ എത്രപേർക്ക് ആവശ്യമുണ്ട്? വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ചിലപ്പോൾ ദയാലുവായ ചിലർ ഏറ്റെടുത്തുവളർത്തിയേക്കാം. മഴ നനഞ്ഞു കയറിവന്ന ഒരു പൂച്ചക്കുട്ടിയെയോ പട്ടിക്കുഞ്ഞിനെയോ അന്നമൂട്ടാനോ വളർത്താനോ വരെ ചിലപ്പോൾ സൗമനസ്യം കാണിച്ചെന്നു വരാം. പക്ഷേ ഒരു വൃദ്ധയിലേക്ക്, വൃദ്ധനിലേക്ക് ഇത്തരമൊരു കാരുണ്യത്തിന്റെ കരം നീട്ടുന്നവർ എത്രപേരുണ്ടാവും?
കഴിഞ്ഞ മാസത്തിലെ ചില വാർത്തകൾ നോക്കൂ… എൺപത്തിയഞ്ചുകാരിയായ പത്തുമക്കളുടെ അമ്മയ്ക്ക് മക്കളിൽ ആരു തന്നെ സംരക്ഷിക്കും എന്ന് തീർച്ചയില്ലാത്തതിനെ തുടർന്ന് പെരുവഴിയിൽ ആംബുലൻസിൽ കിടക്കേണ്ടിവന്നത് നാലു മണിക്കൂർ. 85 കാരിയെ അമ്മയെ മർദ്ദിച്ച് വലിച്ചെറിഞ്ഞ ഒരു മകനെക്കുറിച്ചുള്ളതാണ് മറ്റൊരു വാർത്ത. വേറൊരിടത്ത് അപ്പനെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ മകൻ. മറ്റൊരിടത്ത് അച്ഛനെയും അമ്മയെയും തന്നെ ഇല്ലാതാക്കിയ മകൻ. വൃദ്ധരോടുള്ള ക്രൂരതകൾ ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നത് നമ്മെ ശരിക്കും ഭയപ്പെടുത്തണം.
വീടിന് ഭാരമായവർ, നാടിന് ആവശ്യമില്ലാതാവയവർ… വൃദ്ധരെക്കുറിച്ചുള്ള മക്കളുടെയും സമൂഹത്തിന്റെയും മട്ടുംഭാവവും അതാണ്. ആർക്കും അവരോട് എന്തുമാകാമെന്ന അവസ്ഥ. പ്രതിരോധിക്കാൻ കരുത്തില്ലാതെയും ഒറ്റയ്ക്ക് ജീവിക്കാൻ കഴിവില്ലാതെയും കരഞ്ഞും ശപിച്ചും ജീവിക്കുന്ന വൃദ്ധർ പുതിയ കാഴ്ചയൊന്നുമല്ല.
ഞാൻ മരിച്ചുകഴിഞ്ഞാലും ഈ തള്ള ജീവനോടെയുണ്ടാവുമെന്ന് പല്ലിറുമ്മിയും ശപിച്ചും മരുമകൾ. മനുഷ്യർക്ക് ഇത്രയും ആയുസ ്എന്തിനാണെന്ന് അച്ഛനെ നോക്കി നെടുവീർപ്പോടെ മകൻ. മുത്തശ്ശി അടുത്തുവരുമ്പോൾ നാറ്റമാണെന്ന് മൂക്കുപൊത്തുന്ന കൊച്ചുമക്കൾ…
ഒരിക്കൽ ഇവരോരുത്തർക്കുവേണ്ടിയും എത്രയോ കഷ്ടപ്പെട്ടവരായിരുന്നു ഈ വൃദ്ധർ. അവർക്കുമുണ്ടായിരുന്നു ചെറുപ്പം. അവർക്കുമുണ്ടായിരുന്നു ആരോഗ്യം, അവർക്കുമുണ്ടായിരുന്നു ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നങ്ങളും. പക്ഷേ…
ഒരാളുടെയും ജീവിതം വാർദ്ധക്യത്തോടെയല്ല ആരംഭിക്കുന്നത്. എല്ലാവരുടെയും ജീവിതം വാർദ്ധക്യത്തിൽ അവസാനിക്കണമെന്നുമില്ല. എന്നിട്ടും വാർദ്ധക്യത്തിലെത്തിയവർക്ക് മാത്രമേ അത്തരമൊരു അവസ്ഥയുണ്ടാകൂ എന്ന അമിതമായ ആത്മവിശ്വാസത്തിൽ കഴിയുകയാണ് ചിലർ. ഒരു ട്രെയിനിന്റെ ബോഗികൾ കണക്കെയാണ് ജീവിതം. അവസാനത്തെ ബോഗിയുടെ പേരാണ് വാർദ്ധക്യം.ഒരിക്കൽ പിടികൂടിയാൽ പിന്നീടൊരിക്കലും വിട്ടുപിരിയാത്ത ആത്മസ്നേഹിതൻ കൂടിയാണ് അത്.
മരണത്തിന് വേണ്ടി വേദനയോടെയുളള കാത്തിരിപ്പിന്റെ പേരാണ് വാർദ്ധക്യം. വാർദ്ധക്യത്തിലെത്തിയാൽ പിന്നെ അവരെ കാത്തിരിക്കുന്നത് മരണം മാത്രമാണ്. ജീവിതം ഒരു ചക്രത്തിനിടയിൽ പെട്ട് കറങ്ങുന്നതുപോലെയായിത്തീരുന്നു. ചക്രത്തിന്റെ കറക്കം നിലയ്ക്കുമ്പോൾ ജീവിതവും നിശ്ചലമാകുന്നു.
ഈ കാത്തിരിപ്പിനിടയിൽ അവർക്ക് നേരിടേണ്ടിവരുന്നത് എത്രയെത്ര സഹനങ്ങൾ. ശാരീരികം എന്നതിനപ്പുറം പലതും കൂടുതലും മാനസികമാണ്. പരാശ്രയത്വത്തോടെ ജീവിക്കേണ്ടിവരുന്നതിലെ നിസഹായത… ആരുമില്ലെന്ന തോന്നൽ… ഏകാന്തത… രോഗങ്ങളുടെ ബുദ്ധിമുട്ടുകൾ… മനസ്സെത്തുന്നിടത്ത് ശരീരമെത്താൻ കഴിയാത്തതിലെ സങ്കടം… വല വിരിച്ച് കാത്തിരിക്കുന്ന ചിലന്തിയെപോലെയാണ് വാർദ്ധക്യം. വിട്ടുപോകാൻ സമ്മതിക്കില്ല.
വാർദ്ധക്യം ഒറ്റവരിയിലെഴുതേണ്ട വാക്കൊന്നുമല്ല. എത്രയാണ് അതിന്റെ ആഴവും പരപ്പുമെന്ന് ഒരു വാർദ്ധക്യത്തെയെങ്കിലും അടുത്തുനിന്ന് നോക്കിക്കാണാൻ കഴിയുന്ന ഒരാൾക്കേ പറയാൻ കഴിയൂ.
വാർദ്ധക്യം ആർക്കുവേണ്ടിയാണ്? അങ്ങനെയൊരു ചിന്ത പലപ്പോഴും മനസ്സിലേക്ക് കടന്നുവന്നിട്ടുണ്ട്. എല്ലാവരുടെയും വിചാരം വൃദ്ധരെന്തോ തെറ്റു ചെയ്തതിന്റെ ഫലമാണ് ആ അവസ്ഥയെന്നാണ്. ഒരിക്കലുമല്ല. വാർദ്ധക്യത്തിൽ നിന്ന് വൃദ്ധരൊന്നും പഠിക്കുന്നില്ല. അവർ ആ അവസ്ഥയിലൂടെ കടന്നുപോകുക മാത്രമേ ചെയ്യുന്നുള്ളൂ. വാർദ്ധക്യത്തിൽ നിന്ന് പഠിക്കേണ്ടത് ചെറുപ്പക്കാരാണ്. നാളെ നീയും ഇതുപോലെയാകും എന്ന പാഠമാണ് അത്.
നെഞ്ചുവിരിച്ചും മുഖം മിനുക്കിയും അണിഞ്ഞൊരുങ്ങിയും വെല്ലുവിളിച്ചും കൂസലില്ലാതെ നടക്കുമ്പോൾ ഒന്നു തിരിച്ചറിയുക. ഒരു വളവിനപ്പുറം വാർദ്ധക്യം നിന്നെയും കാത്തുനില്ക്കുന്നു. അതുകൊണ്ട് വൃദ്ധരോട് ദയ കാണിക്കുക, പരിഗണന നല്കുക. മാനുഷികതയോടെ പെരുമാറുക.