വിശ്വസിക്കാൻ കൊള്ളാവുന്ന സ്നേഹം

Date:

സംശയമെന്ത്, എല്ലാ സ്നേഹവും വിശ്വസിക്കാൻ കൊള്ളാവുന്നതല്ല. എല്ലാ സ്നേഹത്തിലും ആശ്രയിക്കാനും കഴിയില്ല. സ്നേഹം പല രീതിയിലാണ് പ്രകടമാകുന്നത്… പല രൂപത്തിലാണ് അത് പ്രത്യക്ഷപ്പെടുന്നത്. ഒരാളുടെ സ്നേഹം തന്നെ ഓരോരുത്തരോടും എത്രയോ വ്യത്യസ്തമായ രീതിയിലാണ്.  ഒരു വീട്ടിലെ തന്നെ അംഗങ്ങളോടുള്ള നമ്മുടെ സ്നേഹത്തിന് എത്രയോ വ്യത്യസ്തതയുണ്ട്.

നിന്നെ സ്‌നേഹിക്കുന്നതുപോലെ എനിക്ക് അവനെ സ്നേഹിക്കാനാവില്ല. അവനെ സ്നേഹിക്കുന്നതുപോലെ എനിക്ക് അവളെ സ്നേഹിക്കാനുമാവില്ല. പക്ഷേ സ്നേഹിക്കുകയാണ്.

എന്റെ സ്നേഹം ഓരോരുത്തരും അനുഭവിക്കുന്നുമുണ്ട്.എന്നിട്ടും എന്റെ സ്നേഹം ഒരേ പോലെയാകുന്നില്ല.
നാം കൊടുക്കുന്നതുപോലെയോ അതിന് തുല്യമോ കൂടുതലോ ആയി സ്നേഹിക്കുമ്പോഴും നിന്റെ സ്നേഹത്തിൽ നിന്ന് എനിക്ക് ചില പ്രയോജനങ്ങൾ നേടിയെടുക്കുമ്പോഴുമാണ് പല സ്നേഹങ്ങളും നിലനിന്നുപോരുന്നത്. ദാമ്പത്യം എന്ന വ്യവസ്ഥയെ തന്നെ നോക്കൂ.

ഒരേ കാര്യത്തിൽ ഒരേപോലെ ചിന്തിക്കുകയും പെരുമാറുകയും തീരുമാനമെടുക്കുകയും ചെയ്യുകയാണെങ്കിൽ അവർക്കിടയിലെ സ്നേഹം ശാന്തമായി ഒഴുകും. അതല്ല വ്യത്യസ്ത അഭിപ്രായങ്ങളാണ് എല്ലാ കാര്യത്തിലുമെങ്കിൽ അവിടെ ആ സ്നേഹത്തിന്റെ ഒഴുക്കിന് തടസ്സമുണ്ടാവും.നീരസങ്ങളും വാഗ്വാദങ്ങളുമുണ്ടാകും. അതിന്റെ  അനന്തരഫലം ആ ബന്ധ ത്തിൽ പ്രതിഫലിക്കുകയും ചെയ്യും.

സ്നേഹിക്കുന്നുവെന്നതിന്റെ പേരിൽ നാം പലപ്പോഴും ആ സ്നേഹം കൊണ്ട് സ്വാർത്ഥതയെ പൂരിപ്പിക്കുന്നുണ്ട്. നിന്നെ സ്നേഹിച്ചാൽ എനിക്കെന്തു പ്രയോജനം? അതാണ് ചിലരുടെ ചിന്ത. പ്രയോജനപ്പെടാതെയും പ്രയോജനമില്ലാതെയും സ്നേഹിക്കാൻ മാത്രം വിശാലതയുള്ളവർ കുറവാണ് ഇവിടെ.കൊടുക്കുന്നത് തിരികെ കിട്ടണമെന്ന് നമുക്കാഗ്രഹമുണ്ട്. കൊടുക്കുന്നത് കിട്ടാതെ വരുമ്പോഴാണ് സ്നേഹത്തിന് മങ്ങലേല്ക്കുന്നത്. 

തിരികെയൊന്നും പ്രതീക്ഷിക്കാതെയും പ്രയോജനം തിരികെ കിട്ടാതെയും വരുമ്പോഴും ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയുമ്പോഴാണ് ആ സ്നേഹം വിശ്വസിക്കാൻ കൊള്ളാവുന്ന സ്നേഹമായി മാറുന്നത്. നിന്നെ പട്ടിയെപോലെ ആട്ടിയോടിക്കുമ്പോഴും നിനക്ക് ഏറെ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുമ്പോഴും നിന്നോട് വിശ്വാസവഞ്ചനയും ദ്രോഹവും കാണിക്കുമ്പോഴും അയാളിൽ നിന്ന് യാതൊരു നന്മയും നിനക്ക് തിരികെ കിട്ടില്ലെന്ന് ഉറപ്പുള്ളപ്പോഴും സ്നേഹിക്കാൻ പിശുക്കും മടിയും കാണിക്കാതെ വരുമ്പോൾ ആ സ്നേഹം വിശ്വസിക്കാൻ കൊള്ളാവുന്ന സ്നേഹമാണ്.

അപരന്റെ ഇഷ്ടത്തിന് വിരുദ്ധമായി നീ പെരുമാറുകയും പ്രവൃത്തിക്കുകയും ചെയ്യുമ്പോഴും അയാളെ സ്നേഹിക്കാൻ നീ സന്നദ്ധത കാണിക്കുമ്പോൾ നിന്റെ സ്നേഹം വിശ്വസിക്കാൻ കൊള്ളാവുന്ന സ്നേഹമായി മാറുന്നു. ഒരുകാലത്ത് തീവ്ര സ്നേഹത്തിലായിരിക്കുകയും പിന്നീട് അകന്നുപോകുകയും ചെയ്തിട്ടും ഇരുവർക്കും പരസ്പരം അറിയാവുന്ന രഹസ്യങ്ങൾ വെളിപ്പെടുത്താതെ സൂക്ഷിക്കാൻ കഴിയുന്നുണ്ടെങ്കിൽ ആ സ്നേഹം വിശ്വസിക്കാൻ കൊള്ളാവുന്ന സ്നേഹമാണ്.

സ്നേഹിച്ചതുകൊണ്ടോ സ്നേഹിക്കപ്പെടുന്നതുകൊണ്ടോ കാര്യമില്ല വിശ്വസിക്കാൻ കൊള്ളാവുന്ന രീതിയിൽ സ്നേഹിക്കണം.

പക്ഷേ നമുക്കിടയിൽ സംഭവിക്കുന്നത് എന്താണ്, നിന്റെ ഇഷ്ടത്തിന് വിരുദ്ധമായി ഞാൻ സംസാരിക്കുമ്പോൾ നീ സ്നേഹത്തിൽ നിന്ന് പിന്മാറുന്നു.

മകനൊരു പുത്തൻ ബൈക്ക് വാങ്ങിച്ചുകൊടുക്കാതെ വരുമ്പോൾ അച്ഛനോടുളള മകന്റെ സ്നേഹത്തിന്  കുറവുവരുന്നു.

 വിവാഹത്തിന് പോകാൻ പുതിയ സാരി വാങ്ങിച്ചുകൊടുക്കാത്തപ്പോൾ ഭാര്യക്ക് ഭർത്താവിനോടുള്ള സ്നേഹം ദേഷ്യമായി മാറുന്നു.

 മൂഡ് വ്യതിയാനങ്ങൾക്കിടയിൽ ദേഷ്യപ്പെട്ടതിന്റെ പേരിൽ സുഹൃത്ത് സ്നേഹബന്ധം അവസാനിക്കുന്നു.
ഇങ്ങനെയൊക്കെയാണ് കൂടുതലായും കണ്ടുവരുന്നത്.

 നിന്റെ സ്നേഹം വിശ്വസിക്കാൻ കൊള്ളാവുന്നതാണോയെന്ന് അവകാശവാദം മുഴക്കേണ്ടത് നീയല്ല. നിന്റെ സ്നഹം അനുഭവിക്കാൻ വിധിക്കപ്പെട്ടവരാണ്.  എങ്കിലും നിനക്ക് ഒരു ആത്മ വിശകലനമാകാം. എന്റെ സ്നേഹത്തിൽ,സ്നേഹിക്കാനുള്ള എന്റെ കഴിവിൽ എനിക്ക് എന്നോടുതന്നെ മതിപ്പ് തോന്നുന്നുണ്ടോ?

More like this
Related

പ്രശ്‌നം ഒരു പാഠമാണ്

എനിക്കു മാത്രമെന്തേ ഇങ്ങനെ?  ജീവിതത്തിലെ ചില പ്രത്യേക നിമിഷങ്ങളിൽ, പ്രതിസന്ധിഘട്ടങ്ങളിൽ ഇപ്രകാരം...

നിശ്ശബ്ദനായാലോ?

മനുഷ്യർക്കു മാത്രമേ സംസാരിക്കാനുള്ള കഴിവുള്ളൂ. പരസ്പരം മനസ്സിലാക്കാനും ആശ്വസിപ്പിക്കാനും ഹൃദയം വെളിപ്പെടുത്താനും...

അടിമകൾ

അടിമസമ്പ്രദായം നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഒരു നിയമത്തിന്റെയും പരിധിയിൽ പെടാതെ അടിമകളായി ജീവിക്കുന്നവരാണ്...

തോല്പിക്കാനുള്ള വഴി

ജയിച്ചാൽ മാത്രം പോരാ മറ്റുള്ളവരെയും തോല്പിക്കണം എന്നതാണ് നമ്മുടെ മനോഭാവം. മികച്ച...

പാളിപ്പോകുന്ന ഉദാഹരണങ്ങൾ

എത്ര തവണ വീണിട്ടാണ് നാം നടക്കാൻ പഠിക്കുന്നത്,  എത്ര തവണ ബാലൻസ് തെറ്റിയിട്ടാണ്...

വേഷങ്ങൾ… ജന്മങ്ങൾ…

ജീവിതം ഒന്നേയുള്ളൂ. പക്ഷേ ആ ജീവിതത്തിൽ പല വേഷങ്ങൾ നാം അണിയുന്നു,അഴിച്ചുവയ്ക്കുന്നു.അങ്ങനെ...

റെക്കോർഡുകളിൽ പതിയാതെ പോകുന്നത്…

കഴിഞ്ഞദിവസം വരെ കൂടെ ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത്, പ്രവാസം അവസാനിപ്പിച്ച്...

സ്വർഗ്ഗവും നരകവും

'നീ ഒരു നരകമാണ്', 'നീ പോകുന്ന ഇടവും നരകമായിരിക്കും'. പലപ്പോഴും പലരെയും...

ജീവിതമെന്ന ശരി

സാഹചര്യങ്ങൾക്കും നേട്ടങ്ങൾക്കും അനുസരിച്ചുമാത്രമേ ജീവിത ത്തിൽ സന്തോഷിക്കാനാവൂ എന്ന് കരുതുന്നവരാണ് ഭൂരിപക്ഷവും....

ഈ അബദ്ധധാരണകൾ നീക്കിക്കളഞ്ഞേക്കൂ

മറ്റുള്ളവരുടെ സ്വാധീനം കൊണ്ടോ അല്ലെങ്കിൽ ജീവിതവഴിയിൽ ആർജ്ജിച്ചെടുത്ത വിശ്വാസപ്രമാണങ്ങൾ വഴിയോ ചില...

ഈ ചിന്തകൾ വിജയം ഇല്ലാതാക്കും

ചിലപ്പോഴെങ്കിലും വിജയത്തിന് തടസ്സമായി നില്ക്കുന്നതും വിജയം ഇല്ലാതാക്കുന്നതും  പരിമിതപ്പെടുത്തുന്നതും നിഷേധാത്മക ചിന്തകളാണ്....

ഫീനിക്‌സിന്റെ  ഫിലോസഫി

മനുഷ്യൻറെ ജീവിതം പുല്ലുപോലെയാണ്; വയലിലെ പൂപോലെ അതു വിരിയുന്നു; എന്നാൽ, കാറ്റടിക്കുമ്പോൾ...
error: Content is protected !!