‘ഗുരോ എനിക്ക് എന്റെ അച്ഛനെ തീരെ ഉൾക്കൊള്ളാൻ കഴിയുന്നില്ല. എന്റെ രീതികളോടോ സ്വഭാവത്തോടോ അദ്ദേഹം യോജിച്ചുപോകുന്നില്ല. ഇതിൽ ഞാൻ നിരാശനാണ്. ഞാനെന്തു ചെയ്യും?’
ഒരു സന്യാസിയുടെ അടുത്ത് ചെറുപ്പക്കാരൻ തന്റെ വിഷമസന്ധി അവതരിപ്പിച്ചത് ഇങ്ങനെയാണ്. അതിന് മറുപടിയായി ഗുരു ഒരു ചോദ്യം തിരികെ ചോദിച്ചു.
‘നിന്നെ ഉൾക്കൊള്ളാൻ നിന്റെ അച്ഛന് സാധിക്കുന്നുണ്ടോ?’
‘ഇല്ല,’ ചെറുപ്പക്കാരൻ ഉടൻ മറുപടി പറഞ്ഞു.
ഏതൊരാളെയാണോ നിനക്ക് അംഗീകരിക്കാൻ സാധിക്കാത്തത് അയാൾക്ക് നിന്നെയും അംഗീകരിക്കാൻ കഴിയണമെന്നില്ല. കാരണം രണ്ടുപേരുടെയും ആശയങ്ങളും രീതികളും ചിന്തകളും ശൈലികളും വ്യത്യസ്തമാണ്. നീ നിന്റേതായ രീതിയിൽ അച്ഛൻ പെരുമാറുകയും പ്രത്യക്ഷപ്പെടുകയും ചെയ്യണം എന്ന് വാശിപിടിക്കുന്നതുകൊണ്ടാണ് അച്ഛനെ ഉൾക്കൊള്ളാൻ കഴിയാത്തത്. അതുപോലെ അച്ഛനും വാശിപിടിക്കുന്നു. മറ്റെയാളുടെ വീക്ഷണത്തിലൂടെ കാര്യങ്ങളെയും പ്രവൃത്തികളെയും കാണാൻ സാധിച്ചാൽ ഈ ബുദ്ധിമുട്ട് മാറിക്കിട്ടിയേക്കും. നാം സ്നേഹിക്കുന്നവർ പോലും നമ്മെ സ്നേഹിക്കാതെ പോകുമ്പോൾ നാം അംഗീകരിക്കാത്തവർ നമ്മെ അംഗീകരിക്കുമോ?
ഓരോരുത്തരും മറ്റുള്ളവരെ മാറ്റിയെടുക്കാനുള്ള നിരന്തരവും കഠിനമായ ശ്രമത്തിലാണ്. പല പ്രഘോഷണങ്ങളും പ്രസംഗങ്ങളും സെൽഫ് മോട്ടിവേഷൻ ക്ലാസുകളുമെല്ലാം തുടർച്ചയായി മറ്റെയാളെ മാറ്റിയെടുക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നീ ചെയ്തത് ശരിയായില്ല, നിനക്ക് അങ്ങനെയൊരു കുറവുണ്ട്, ഇതാണ് മതം പറയുന്നത്, ഇതാണ് സമൂഹം പറയുന്നത്, ഇതനുസരിച്ചാണ് നീ ജീവിക്കേണ്ടത്, ഇതാണ് വേണ്ടത്…
ഇങ്ങനെയാണ് നമ്മെ മറ്റുള്ളവർ മാറ്റിയെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ ഇപ്രകാരം പ്രസംഗിക്കുന്ന, പഠിപ്പിക്കുന്ന, തിരുത്തുന്ന ആരും സ്വയം മാറുന്നില്ല. സ്വയം മാറ്റിയെടുക്കാൻ ശ്രമിക്കുന്നുമില്ല. നമുക്ക് സ്വയം മാറാൻ കഴിയുന്നില്ല. പിന്നെയെങ്ങനെയാണ് മറ്റൊരാളെ മാറ്റിയെടുക്കാൻ കഴിയുന്നത്? സ്വയം മാറുന്നതിനോളം ദുഷ്‌ക്കരമല്ല മറ്റൊരാളെ മാറ്റിയെടുക്കുന്നത്. മാറിക്കഴിയുമ്പോൾ മറ്റൊരാളെയും മാറ്റിയെടുക്കാൻ കഴിയും. സ്വന്തം ശരീരപ്രത്യേകതകളെയോർത്ത് വിഷമിക്കുന്നവരുമുണ്ട്. ശാസ്ത്രം വളരെയധികം പുരോഗമിച്ച ഇക്കാലത്ത് അതിൽ ചിലതൊക്കെ മാറ്റിയെടുക്കാവുന്നവയാണെങ്കിലും പൊതുവെ പറഞ്ഞാൽ അവയിൽ പലതും മാറ്റിയെടുക്കാൻ സാധിക്കാത്തവയാണ്. അവയെ അംഗീകരിക്കുകയാണ് ഹൃദയസമാധാനത്തിനുള്ള ഏക മാർഗ്ഗം.