2022 സെപ്റ്റംബർ 16നാണ് മാഹ്സാ അമിനി എന്ന 22 വയസ്സുകാരി ഇറാനിൽ കൊല്ലപ്പെട്ടത്. ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ പോലീസ് ക്രൂരമായി ആക്രമിച്ച ആ പെൺകുട്ടി ഏതാനും ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽ വച്ചു മരണപ്പെട്ടു. അതേ തുടർന്ന് വലിയ ഒരു പ്രക്ഷോഭത്തിനാണ് ഇറാൻ സാക്ഷ്യം വഹിച്ചത്. സ്ത്രീകൾ തങ്ങളുടെ ശിരോവസ്ത്രം കത്തിച്ചും മുടി മുറിച്ചു കളഞ്ഞും പ്രതിഷേധം പ്രകടമാക്കാൻ തെരുവിലേക്ക് ഇറങ്ങി. ആഗ്രഹങ്ങൾ അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുറവിളിക്കാണ് പിന്നീട് ലോകം സാക്ഷിയായത്.
വിലക്കുകളാൽ വല്ലാതെ വീർപ്പു മുട്ടികൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. വ്യക്തി സ്വാതന്ത്ര്യം (Personal Freedom), ആവിഷ്ക്കാര സ്വാതന്ത്ര്യം (Freedom of Expression) എന്നിവയ്ക്കു വേണ്ടിയുള്ള മുന്നേറ്റങ്ങൾ ഒരു വശത്ത് നടക്കുമ്പോൾതന്നെ മറുവശത്ത് അടിസ്ഥാനപരമായി മനുഷ്യൻ, രാഷ്ട്രീയവും മതപരവും സമൂഹികവുമായ നിയന്ത്രണങ്ങളാകുന്ന ചങ്ങലകളാൽ മുറുകിക്കൊണ്ടിരിക്കുകയാണ്.
നമ്മുടെ രാജ്യത്തിന്റെ കാര്യം എടുക്കുക സ്വാതന്ത്ര്യം കിട്ടിയിട്ട് 76 വർഷം പൂർത്തിയായിട്ടും ഇപ്പോഴും ആ സ്വാതന്ത്ര്യത്തിന്റെ ഫലങ്ങൾ ഒരു സാധാരണ പൗരന് ആസ്വദിക്കാൻ കഴിയാത്ത വിധം വിദൂരത്തായിരിക്കുന്നു.
ഭരണകൂട ഭീകരതയുടെ ഇരകളായി അറിയാതെ തന്നെ നമ്മൾ മാറിപ്പോകുന്നു എന്നുള്ളതാണ് ഏറ്റവും ദൗർഭാഗ്യകരം. അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും മാത്രമല്ല സൗഹൃദത്തിനും പ്രണയത്തിനും പോലും നിയമത്തിന്റെയും സദാചാരത്തിന്റെയും പേരും പറഞ്ഞുകൊണ്ട് വിലങ്ങ് തടിയിടുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്.
പലപ്പോഴും അത് മനസ്സിലാക്കാക്കുവാനോ അതിനോട് പ്രതികരിക്കുവാനോ കഴിയാത്ത വിധം നമ്മുടെ വായ് മൂടപ്പെട്ടിരിക്കുന്നു. കൈകൾ കെട്ടപ്പെട്ടിരിക്കുന്നു. അതിലുപരി ഒരു ഭയം നമ്മെ നിശബ്ദരാക്കുന്നു. ഒടുവിൽ അത്തരം സാഹചര്യങ്ങളുമായി സമരസപ്പെട്ടു പോകാൻ നമ്മൾ നിർബന്ധിതരാകുന്നു.
ചൂടുവെള്ളത്തിൽ ഒരു തവളയെ ഇട്ടാൽ അത് പെട്ടെന്ന് പുറത്ത് ചാടും. അതേസമയം പച്ചവെള്ളത്തിൽ തവളയെ ഇടുകയും ആ വെള്ളം പയ്യെ പയ്യെ ചൂടാക്കുകയും ചെയ്താൽ ആ തവള ചൂടിനോട് അനുരൂപപ്പെടുകയും ഒടുവിൽ രക്ഷപ്പെടാൻ ആകാത്ത വിധം മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു എന്നുള്ള ഒരു സാമൂഹിക നിരീക്ഷണം നമ്മെ സംബന്ധിച്ചു വളരെ ശരിയാണ്. സ്വാതന്ത്ര്യ നിഷേധങ്ങളെ എതിർക്കാതെ ആയിരിക്കുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു ജീവിക്കാൻ പയ്യെപ്പയ്യെ നമ്മൾ പഠിക്കുന്നു.
അത്തരം ചില പൊരുത്തപ്പെടലുകൾക്ക് ഉത്തമ ഉദാഹരണമാണ് ‘ദി ടെർമിനൽ മാൻ’ എന്നറിയപ്പെടുന്ന ഇറാനിയൻ പൗരൻ മെർഹാൻ കരീനി നസേറിയുടെ ജീവിതം. 1977ൽ ഇറാനിലെ ‘ഷാ’ ഭരണത്തിനെതിരെ സമരം നയിച്ചതിന്റെ പേരിലാണ് ജന്മ നാട്ടിൽ നിന്നും അദ്ദേഹം പുറത്താക്കപ്പെടുന്നത്. തുടർന്ന് ഒരു അഭയാർത്ഥിയായി യൂറോപ്പിലേക്ക് ചേക്കേറിയ അദ്ദേഹം ഏതാനും വർഷം അവിടെ താമസിച്ചു.
1988 ഫ്രാൻസിൽ നിന്നും ഇംഗ്ലണ്ടിലേക്കുള്ള തന്റെ യാത്രയിൽ അഭയാർത്ഥി പൗരൻ എന്നു തെളിയിക്കുന്ന രേഖകൾ നിർഭാഗ്യവശാൽ അദ്ദേഹത്തിന് നഷ്ടപ്പെടുന്നു. അതുമൂലം യാത്രാ സ്വാതന്ത്ര്യം അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു. പിന്നീടുള്ള നീണ്ട 18 വർഷത്തോളം, കൃത്യമായി പറഞ്ഞാൽ 2006 വരെ ഫ്രാൻസിലെ ചാൾസ് ഡി ഗോല്ലേ എയർപോർട്ട് ടെർമിനൽ 1 ൽ അഭയാർത്ഥിയായി കരീനിക്കു കഴിയേണ്ടി വന്നു. 2022 ൽ അവിടെ വെച്ച് തന്നെ അദ്ദേഹം മരണമടഞ്ഞു. രാജ്യാന്തര നിയമങ്ങൾ ഒരാളുടെ സ്വതന്ത്രത്തിനു എത്ര വിലക്കേർക്കപ്പെടുത്തുന്നു എന്നതിന് തെളിവാണ് കരീനിയുടെ ജീവിതം. ‘ഈ എയർപോർട്ട് എല്ലാവരുടെയും ആണ്. അതുകൊണ്ടു അതു എന്റെ കൂടിയാണ്. ഈ വിലക്കുകളിൽ ഞാൻ തികച്ചും സ്വാതന്ത്ര്യം അനുഭവിക്കുന്നു’ എന്നെല്ലാമാണ് ഒരു പത്ര റിപ്പോർട്ടർക്ക് കൊടുത്ത അഭിമുഖത്തിൽ കരീനി പറയുന്നത്.
വിലക്കുകൾ ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്ത എത്രത്തോളം പക്വതയുള്ളതായിരിക്കും എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
സ്വാതന്ത്ര്യത്തിന് ചില അതിർ വരമ്പുകൾ ഒക്കെ ഉണ്ടാകേണ്ടത് അത്യവശ്യമാണ്. ‘സ്വന്തം സ്വാതന്ത്ര്യം അപരന്റെ മൂക്കിൻ തുമ്പു വരെ’ എന്ന് സാധാരണ പറയാറുണ്ട്. അപരന് ഉപദ്രവം ഉണ്ടാകുന്ന രീതിയിലുള്ള സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗത്തെ തടയിടുക തന്നെ വേണം .
സ്വാതന്ത്ര്യത്തിന്റെ പേരും പറഞ്ഞു മറ്റൊരാളുടെ സ്വകാര്യതയിലേക്ക് അനുവാദം കൂടാതെ പ്രവേശിക്കുക എന്നുള്ളതാണ് ഈ കാലഘട്ടത്തിൽ ഏറ്റവും ക്രൂരമായ വിനോദങ്ങളിൽ ഒന്ന്. ഒളിക്യാമറകളും ‘പെഗാസസ് സോഫ്റ്റ്വെയറുകളും’ ‘എത്തിക്കൽ ഹാക്കിങ്ങും’ ഒക്കെയായി അപരന്റെ വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് നീട്ടപ്പെടുന്ന കൈകളെ നമ്മൾ വെട്ടി നീക്കുക തന്നെ വേണം.
പറഞ്ഞു തുടങ്ങിയത് ഇറാനിലെ സ്ത്രീകളുടെ ശിരോവസ്ത്ര സംബന്ധമായ പ്രക്ഷോഭത്തെ കുറിച്ചാണ്. ഏതൊരു വിലക്കും, അതിനെ ലംഘിക്കാനുള്ള ഒരു ത്വര സ്വാഭവികമായും മനുഷ്യന് നൽകുന്നുണ്ട്.
പണ്ട് സെമിനാരി ലൈബ്രറികളിൽ ചില പുസ്തകങ്ങൾ വായിക്കാതിരിക്കാനായി ‘ഇൻഡക്സ് ഷെൽഫിൽ’ മാറ്റി വയ്ക്കാറുണ്ട്. എന്നാൽ ആ പുസ്തകങ്ങൾ ആരും അറിയാതെയും കാണാതെയും കട്ടെടുത്തു വായിക്കൽ ആയിരുന്നു ആ ചെറുപ്പക്കാരുടെ പ്രിയം. എന്നുവെച്ചാൽ എത്രയേറെ വിലക്കുകൾ നമ്മൾ ഏർപ്പെടുത്തുന്നുവോ അത്രയേറെ ശക്തമായി അതിനെ മറികടക്കാനുള്ള പോരാട്ടങ്ങളും ഉണ്ടാകും എന്നു ചുരുക്കം.
മാറു മറയ്ക്കാനും വഴി നടക്കാനും ദൈവാരാധ ന നടത്താനുമൊക്കെയുള്ള വിലക്കുകൾ ഒന്നൊന്നായി മറികടന്ന ചരിത്രമുറങ്ങുന്ന നാടാണിത്. ബാഹ്യമായിട്ടുള്ള ചില നിയന്ത്രണങ്ങളാൽ സ്വാതന്ത്ര്യത്തിന് തടയിടാം എന്ന മിഥ്യാധാരണ മാറ്റിക്കളയണം. കാരണം ചില വിലക്കുകൾ ദൈവം നീക്കും, മറ്റു ചിലത് മനുഷ്യനും ഇനിയും ചിലത് കാലവും…. തീർച്ച!
