പ്രണയമോ, അയ്യേ…  അത് പൈങ്കിളിയല്ലേ? 

Date:

എന്താണ് പ്രണയം? പ്രണയം ഇത് മാത്രമാണെന്ന് പറയത്തക്കവണ്ണം അതിനെ ആരെങ്കിലും നിർവചിച്ചിട്ടുണ്ടോ?  ശരീരത്തിന്റെ അഭിലാഷപൂർത്തീകരണത്തിനുള്ള ഒരു വഴിയാണോ പ്രണയം? അങ്ങനെയെങ്കിൽ, ഒന്ന് തൊടാതെയും ചുംബിക്കാതെയും ഒന്ന് ചേർത്തു നിർത്താതെയും മനസ്സുകൊണ്ട് മാത്രം പ്രണയിക്കുന്നവരുടെ വികാരം പ്രണയമല്ലേ? കണ്ണും കണ്ണും നോക്കിയിരിക്കുന്ന, മരം ചുറ്റി, നാണം കുണുങ്ങി… അത്രമേൽ പൈങ്കിളിയാണോ പ്രണയം? ഇതൊക്കെ പ്രണയത്തിന്റെ പല പ്രകടനങ്ങളാണ്. അല്ലെങ്കിൽ ഇതൊക്കെ ഉൾക്കൊള്ളുന്നതാണത്. അതായത് ഉപരിപ്ലവമായ ചില ചേഷ്ടകൾ കൊണ്ട് മാത്രം അളക്കേണ്ട ഒന്നാണ് പ്രണയം എന്ന് തെറ്റിദ്ധരിക്കരുതെന്നുമാത്രം. അതിനപ്പുറം എന്തൊക്കെയോ അതിലുണ്ട്. ‘കാതൽ’ ഉള്ളതാണത്.
പ്രണയം കടൽ പോലെ പരന്നതും അത്രമേൽ നിഗൂഢവുമാണെന്ന് വായിച്ചതോർക്കുന്നു. അപ്പോൾ, ഒരു കാര്യമുറപ്പാണ്. ഇതുവരെയുള്ള പ്രണയത്തിന്റെ നിർവചനങ്ങളൊന്നും പൂർണമല്ല, അതെന്നും അങ്ങനെതന്നെയായിരിക്കും. അതുകൊണ്ടല്ലേ വീണ്ടും വീണ്ടും പ്രണയത്തേക്കുറിച്ച് കവിതകൾ ഉണ്ടാകുന്നത്, ഗാനങ്ങളുണ്ടാകുന്നത്.

പ്രണയത്തിന്റെ രസതന്ത്രം

പ്രണയത്തേക്കുറിച്ച് പല ശാസ്ത്രീയ നിരീക്ഷണങ്ങളും പഠനങ്ങളും നടന്നിട്ടുണ്ട്. ശാസ്ത്രീ
യമായി പ്രണയം എന്ന വികാരം വിശകലനം ചെയ്യപ്പെട്ടാൽ, തലച്ചോറിലുണ്ടാകുന്ന ഫിറമോണുകൾ, ഡോപ്പമിനുകൾ, സെറട്ടോണിൻ മുതലായ ഹോർമോണുകൾ പ്രണയത്തിനുള്ള പ്രേരണ ഉളവാക്കുന്നതായിക്കാണാം. അതിനാൽ അവയുടെ ഏറ്റക്കുറച്ചിലുകൾ മൂലം പ്രണയം തീവ്രമാകാനും കുറയാനും സാധ്യതയുണ്ടെന്ന് വിദഗ്ദർ പറയുന്നു. അതായത് പ്രണയം ഒരു തോന്നൽ മാത്രമല്ല, ശരീരവും മനസ്സും ആത്മാവും ഒന്നിച്ചു ഇഴചേർന്ന് ഉടലെടുക്കുന്ന തീവ്രമായൊരു തീരുമാനമാണത്. 

വഴിതെറ്റി  ഒഴുകുന്ന  പ്രണയം

ഇത്രമേൽ കാവ്യാത്മകമായി  സിനിമകളിലും രചനകളിലും പ്രണയം ആഘോഷിക്കപ്പെടുന്നുണ്ടെങ്കിൽ അതിനൊരു അന്തസ്സുള്ള ചരിത്രം ഉണ്ടാവണം. പരിശുദ്ധ പ്രണയം എന്നൊക്കെ കവികൾ വാഴ്ത്തിയിരുന്നൊരു കാലം നമുക്കുണ്ടായിരുന്നു. പല പ്രണയങ്ങളും ഒരിക്കലും  ശുഭപര്യവസായിയായിരുന്നില്ലട്ടോ.  ഒരുപാട് കാരണങ്ങൾകൊണ്ട് പലതും അന്നും വിവാഹമെന്ന ലക്ഷ്യത്തിലെത്താതെ പോയിട്ടുണ്ട്. 
ഇന്നത്തേതുപോലുള്ള മനോവൈകൃതങ്ങൾ പണ്ട് കണ്ടിരുന്നില്ലെന്ന് പഴമക്കാർ പറയും. നഷ്ടപ്രണയത്തിന്റെ ഭാരവും പേറി താടിയും മുടിയും വളർത്തി ഉന്മാദിയെപ്പോലെ നടക്കുമെന്നല്ലാതെ അവളെ വെട്ടിപ്പരിക്കേൽപ്പിക്കുകയോ മുഖത്ത് ആസിഡ് ഒഴിയ്ക്കുകയോ ചെയ്തിരുന്നില്ല. പുരുഷൻ മാത്രമാണ് മോശക്കാരൻ എന്ന് ഞാൻ ഉദ്ദേശിച്ചിട്ടില്ല. അവൻ വേണ്ടെന്ന് പറഞ്ഞതിന് പ്രതികാരം ചെയ്യാനിറങ്ങുന്ന അവളെയും, എന്റെ മരണത്തിനുത്തരവാദി അവനാണെന്ന് അയാളുടെ പേരെഴുതി വച്ച് ജീവിതം അവസാനിപ്പിക്കുന്ന അവളുടെയും ജീവിതങ്ങൾ നാം പത്രമാധ്യമങ്ങളിൽ കാണുന്നതാണല്ലോ!

പ്രണയത്തിനൊടുവിൽ

ഇതിന്റെ അവസാനം അതായിരിക്കും, അതിന്റെ അവസാനം ഇതായിരിക്കും എന്നൊക്കെ നമുക്കുത്തരമുണ്ട് പലതിനും. അതുപോലൊന്നാണ് പ്രണയം. പരസ്പരം പ്രണയത്തിലായവരെ ഒരു സിനിമയിൽ കണ്ടാൽ, പ്രത്യേകിച്ചും അവർ നായികാനായകന്മാരാണെങ്കിൽ നമ്മുടെ ആഗ്രഹം അവർ തമ്മിൽ വിവാഹിതരായി കാണണമെന്ന് തന്നെയാണ്. വിവാഹം എന്നത് ഒരു നിയമപരമായ ബന്ധമാണ്. ഒരുമിച്ച് താമസിക്കുന്ന വ്യക്തികളുടെ സ്വത്തിനും അവകാശങ്ങൾക്കും ഇത് നിയമാനുസൃതമായ സംരക്ഷണം നൽകുന്നു. അറേഞ്ച്ഡ് മാര്യേജ് അഥവാ ക്രമീകരിച്ച വിവാഹം, പ്രണയ വിവാഹം എന്നിങ്ങനെ രണ്ട് തരമാണ് നമ്മുടെ നാട്ടിൽ പൊതുവെ കണ്ടുവരുന്നത്.

അതിനൊരൽപം മാറ്റം വന്നിട്ടുണ്ടിപ്പോൾ. ഇപ്പോൾ കണ്ടുവരുന്നത് രണ്ടും കൂടിയ ഒരിനമാണ് – അറേഞ്ച്ഡ് ലവ് മാര്യേജ്. സംഗതി പ്രണയം തന്നെ. അത് വീട്ടിൽ പറഞ്ഞു സമ്മതം വാങ്ങി വിവാഹിതരാവുന്നു. കുട്ടികൾ വളരെ പ്രാക്ടിക്കൽ ആയി ചിന്തിച്ച് തീരുമാനമെടുക്കാൻ പ്രാപ്തരാണെന്ന് തെളിയിക്കുന്ന ഒരു സംഗതിയാണിത്. വെറും ‘ഇൻഫാക്ചുവേഷൻ’ അല്ല ഇത്. പലരും പ്ലസ് ടു കഴിയുമ്പോൾ തന്നെ വിദേശത്താണ്. സ്വന്തം ഇഷ്ടത്തിനൊത്തൊരു ഉയർന്ന ജോലിയും വരുമാനവുമാവുമ്പോൾ അവരുടെ ഇഷ്ടങ്ങൾ വീട്ടിൽ പറയുന്നു, വിവാഹം കഴിക്കുന്നു. പൊതുവെ വീട്ടുകാർ ഇത് സമ്മതിച്ചു കൊടുക്കുകയാണ് ചെയ്യുക. 

പ്രണയം ദാമ്പത്യത്തിലോ?

ഇനിയുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ടൊരു കാര്യം.  ‘പ്രണയം, അത് പ്രണയിക്കാൻ മാത്രമുള്ളതാണ്. അല്ലാതെ, പ്രണയിനിയെത്തന്നെ വിവാഹം ചെയ്ത് മണ്ടത്തരം കാണിക്കാൻ ഞാനില്ല’ എന്നൊരാൾ പറയുന്നത് കേട്ടിട്ടുണ്ട്. പ്രണയവും വിവാഹ ജീവിതവും രണ്ടായി കാണാനുള്ളതാണോ? അപ്പോൾ, വിവാഹ ശേഷവും പഴയ പ്രണയം തുടർന്നുകൊണ്ട് പോകുന്നതിൽ തെറ്റില്ല എന്നൊരർത്ഥം അതിനുണ്ടോ? അപ്പോ അതിന്റെ ധാർമികത? സുഹൃത്തെ, ധാർമികതയുടെ കാര്യമൊക്കെപ്പറഞ്ഞ് വിഷയം ഒരുപാട് ‘കോംപ്ലിക്കേറ്റഡ്’ ആക്കുന്നില്ല. വളരെ തിരക്കേറിയ ഇന്നത്തെ ജീവിതത്തിൽ നമുക്ക് സ്വാഭാവികമായും ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ട്. അപ്പോ വലിയ തലവേദനകളില്ലാതെ മുന്നോട്ട് പോകാൻ പറ്റിയൊരു സിമ്പിൾ ട്രിക്കാണിത്, ഭാര്യയെ പ്രണയിക്കുക. നമ്മുടെ സങ്കല്പത്തിലെ പൂർണത വച്ച് പങ്കാളിയെ താരതമ്യം ചെയ്യുമ്പോഴാണ് പ്രശ്‌നം. എന്റെ ഭാര്യ/ എന്റെ ഭർത്താവ് ലോകത്തിൽ എനിക്ക് മാത്രമേ ചേരൂ എന്ന് ചിന്തിക്കുന്നിടത്താണ് വിജയം. അയാളെ എത്രമാത്രം ഞാൻ കരുതുന്നുണ്ട് എന്നിടത്താണ് പ്രണയത്തിന്റെ ആഴം അളക്കപ്പെടുന്നത്.

കമന്റുകൾ

വിവാഹത്തിന്റെ അന്ന് ചടങ്ങുകളും സദ്യയും കഴിഞ്ഞു കുറച്ച് നേരം കൂടെ ആ പരിസരത്തു നിന്നാൽ ഒരുപാട് കമന്റുകൾ കേൾക്കാം. ‘എന്നാലും ആ പെണ്ണിന് കുറച്ചൂടെ നല്ലൊരുത്തനെ കിട്ടിയേനേ… ആഹ്… ഇനി പറഞ്ഞിട്ടെന്തു കാര്യം?’  ‘നല്ല ചേർച്ച… ആങ്ങളയും പെങ്ങളും പോലിരിക്കുന്നു. എങ്ങനെ ഇതൊക്കെ ഇത്രയും ഭംഗിയായി ഒത്തു കിട്ടുന്നു?’ ഇത്തരം വാചകങ്ങൾ ചിലർക്ക് തലമുറ തലമുറ കൈമാറി കിട്ടുന്ന പോലെയാണ്. എല്ലാക്കാലത്തുമുണ്ട് ഇങ്ങനെയൊക്കെയുള്ള അഭിപ്രായപ്രകടനങ്ങൾ. ദമ്പതികൾ തമ്മിൽ മനസ്സുകൊണ്ട് വളരെ നല്ല അടുപ്പവും സൗഹൃദവും വിശ്വാസവുമുണ്ടെങ്കിൽ അവരെ വിധിക്കാൻ നമ്മളാര്? 

പ്രണയത്തെ വളർത്തണം 

വിവാഹശേഷം സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നാണ് പ്രണയമെന്ന് തെറ്റിദ്ധരിക്കരുത്. വിവാഹം കഴിച്ചു എന്ന് വച്ച് ഭാര്യയെ/ഭർത്താവിനെ ആഴത്തിൽ മനസ്സിലാക്കണമെന്നില്ല. അതിന് നമ്മൾ തന്നെ തീരുമാനിക്കേണ്ടിയിരിക്കുന്നു. സിനിമയിലെയും നോവലുകളിലെയും അദ്ദേഹമല്ല  എന്റെ ഭർത്താവെന്നും അതിലെ നായികയല്ല തന്റെ നായികയെന്നുമുള്ള തിരിച്ചറിവിൽ മുളയെടുക്കേണ്ട ഒ ന്നാണ് പ്രണയം. 

കഴിഞ്ഞ മാസം സുഹൃത്തിന്റെ അച്ഛൻ മരിച്ചു. ഈയിടെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. ‘അറുപത്തിമൂന്ന് വർഷം ഒരുമിച്ച് ജീവിച്ചവരാ…അച്ഛൻ മരിച്ച് ഒരു മാസം കഴിഞ്ഞിട്ടും അമ്മയ്ക്ക് ഉള്ളിലൊരു വിങ്ങലാണ്. എന്തോ, തന്റെ തന്നെ ഒരു ഭാഗം നഷ്ടപ്പെട്ട പോലെ.’ അതാണ് പ്രണയം. മക്കൾക്ക് അഭിമാനത്തോടെ അച്ഛനെക്കുറിച്ചും അമ്മയെക്കുറിച്ചും പറയാനുണ്ടാവേണ്ട ഒന്നാണ് പ്രണയം. ആ ഓർമ്മകൾ, അത് ഓരോ മാതാവിന്റെയും പിതാവിന്റെയും  അവശേഷിപ്പുകളാണ്. അവശേഷിപ്പുകൾ തിരുശേഷിപ്പുകളാവട്ടെ…

സനു തെറ്റയിൽ, മേക്കാട്

More like this
Related

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന്...

LIFE IS GOOD

'ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്താണ് നിന്റെ അഭിപ്രായം?'സുഹൃത്തിന്റെ ആ ചോദ്യത്തിന്...

സ്‌നേഹിക്കുന്നവർക്ക് നല്‌കേണ്ടത്…

എന്തു ഞാൻ പകരം നല്കും? സ്‌നേഹത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾക്കിടയിൽ പലരുടെയും മനസ്സിൽ ഉയരുന്ന...

എങ്ങനെയാണ് സ്‌നേഹിക്കേണ്ടത്?

ദയ, അനുകമ്പ, സന്തോഷം,സമചിത്തത..  എങ്ങനെയാണ് സ്‌നേഹിക്കപ്പെടേണ്ടത് എന്നതിനു ള്ള ഏറ്റവും ഹ്രസ്വമായ...

സ്‌നേഹമേ വറ്റാത്ത സ്‌നേഹമേ..

കിണർ കുഴിക്കുന്നതുപോലെയാണ് സ്‌നേഹമെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഒരുപാടു കുഴിച്ചുചെല്ലുമ്പോൾ കാണുന്ന ഇത്തിരി നനവുപോലെയാണ് ആദ്യസ്‌നേഹം. വീണ്ടും താഴ്ത്തി ചെല്ലുമ്പോഴാണ് നനവ് ഉറവയായി മാറുന്നത്. പിന്നീട് അത് പ്രവാഹമാകുന്നു. കോരാനും കുടിക്കാനും നനയാനും മാത്രം സമൃദ്ധമാകുന്നു.

സന്യാസിയുടെ പ്രണയം

നിക്കോളാസ് കസൻദിസാക്കസ് അസീസിയിലെ ഫ്രാൻസിസിനെ കുറിച്ചുള്ള  എഴുതിയ 'ദൈവത്തിന്റെ നിസ്വൻ' (God's...

വാടകയ്ക്ക് ഒരു ഹൃദയം

It is said, the best possible way to break...

പുതുവർഷത്തിലേക്ക് ചില ചുവടുവയ്പ്പുകൾ

പുതുവർഷത്തിലെല്ലാവരും ചില പുതിയ തീരുമാനങ്ങളെടുക്കാറുണ്ട്. തൂക്കം കുറയ്ക്കൽ, പുകവലി/ മദ്യപാനം നിർത്തൽ,...

No Thanks പറയുന്നത് ശരിയാണോ?

താങ്ക്യൂ  പറയുമ്പോൾ എന്താണ്  പ്രതികരണം? ചെറുതോ വലുതോ എന്തുമായിക്കൊള്ളട്ടെ ഒരു സഹായം...

‘NO’ എന്തൊരു വാക്ക് !

'നിങ്ങൾ NO പറഞ്ഞാൽ ഇവിടെയൊന്നും സംഭവിക്കില്ല. മറ്റേതൊരു ദിവസവും പോലെ ഇതും...

NO പറയണോ?

'NO, ഇല്ല'- എത്രയോ ആഴങ്ങൾ ഒളിപ്പിച്ചുവച്ചിരിക്കുന്ന തീരെ ചെറിയൊരു വാക്കാണ് ഇത്....

മക്കൾ കേൾക്കുന്നില്ലേ?

കാരണം ഇതാ...ഞാൻ പറയുന്നത് നിനക്ക് കേട്ടുകൂടെ,നീയെന്താ  ഞാൻ പറയുന്നത് അനുസരിച്ചാൽ,നിന്റെ ചെവി...
error: Content is protected !!