വാലന്റൈന് ഒരു വാഴ്ത്ത്

Date:

പ്രണയത്തിന് വേണ്ടി ഒരു ദിനം – ഫെബ്രുവരി 14 

പ്രണയം അങ്ങനെയാണ്. അത് സകലതിനെയും വിസ്മരിച്ചുകളയും. ഭാവിയും ഭൂതവും അവഗണിക്കും. ഈ നിമിഷത്തിലാണ് അതിന്റെ നിലനില്പ്. ആ നിമിഷത്തിന് വേണ്ടി ഏതു സാഹസവും അവർ ചെയ്യും. ലോകത്തെയും ചുറ്റുപാടുകളെയും ബന്ധങ്ങളെയും ഉത്തരവാദിത്തങ്ങളെയും എല്ലാം വിസ്മരിച്ചുകളയും. പ്രണയത്തിന്റെ ഈ മാസ്മകരികതയും മാന്ത്രികതയും മറ്റെല്ലാവരെക്കാളും മനസ്സിലാക്കിയിരിക്കുന്നത് പ്രണയികളല്ല, പ്രണയത്തെ എതിർക്കുകയും പ്രണയികളെ അതിന്റെ പേരിൽ അകറ്റാൻ ശ്രമിക്കുന്നവരുമാണ്. പ്രണയിക്കുന്നവർ പോലും ചിലപ്പോൾ തിരിച്ചറിയണമെന്നില്ല തങ്ങളുടെ ഉള്ളിലെ പ്രണയത്തിന്റെ ആഴവും  തീവ്രതയും. മക്കളുടെ പ്രണയത്തെ എതിർക്കുന്ന അച്ഛനമ്മമാരും ബന്ധുക്കളുമാണ് യഥാർത്ഥത്തിൽ പ്രണയത്തിന്റെ തീവ്രതയും അതിന്റെ പിന്നിലെ അപകടങ്ങളും മനസ്സിലാക്കിയിരിക്കുന്നത്.

 വെറുതെയല്ല  ക്ലോഡിയസ് ചക്രവർത്തി തന്റെ രാജ്യത്ത് വിവാഹം നിരോധിച്ചത്. വിവാഹത്തിലാണ് പ്രണയം പൂർത്തീകരിക്കപ്പെടുന്നത് എന്നാണല്ലോ സങ്കല്പം. വിവാഹത്തിലെ പ്രണയത്തിന് വേണ്ടി ചെറുപ്പക്കാർ സൈന്യസേവനം മറന്നുകളഞ്ഞാലോ? രാജ്യത്തിന്റെ നിലനില്പ് തന്നെ അപകടത്തിലാവില്ലേ? അങ്ങനെയാണ് രാജ്യത്ത വിവാഹം നിരോധിച്ചുകൊണ്ട് അദ്ദേഹം കല്പന പുറപ്പെടുവിച്ചത്.

പക്ഷേ വിവാഹം പ്രണയത്തിന്റെ സാക്ഷാത്ക്കാരമാണല്ലോ. അതിനെ തടയാനോ നിരോധിക്കാനോ ആർക്കുകഴിയും. അങ്ങനെയാണ് വാലന്റൈൻ എന്ന പുരോഹിതൻ പ്രണയങ്ങൾക്ക് നേരെ പച്ചക്കൊടി നീട്ടിയതും വിവാഹം നടത്താനായി ഇറങ്ങിത്തിരിച്ചതും. അതാവട്ടെ ഒടുവിൽ അദ്ദേഹത്തിന്റെ പ്രാണൻ അപഹരിക്കുകയും ചെയ്തു. എന്നാലെന്ത്, പ്രണയികളുള്ളിടത്തോളം കാലം തങ്ങളുടെ പ്രണയത്തിന്റെ കാവൽക്കാരനായി അദ്ദേഹം ഓർമ്മിക്കപ്പെടുമല്ലോ? 

പ്രണയത്തിന്റെ നിത്യസ്മാരകമാകാൻ തീർത്തും അനുയോജ്യനായ വ്യക്തി. തനിക്കുവേണ്ടിയല്ലാതെയുള്ള പ്രണയത്തിന് വേണ്ടി നിലകൊണ്ടവൻ. അതിന്റെ സാക്ഷാത്ക്കാരത്തിന് വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറായവൻ.  പക്ഷേ വാലന്റൈൻ കരുതിയതുപോലെയൊന്നുമല്ല ഇന്ന് പല പ്രണയങ്ങളും. പരാജയപ്പെട്ട പ്രണയങ്ങളും നിരസിക്കപ്പെടുന്ന പ്രണയങ്ങളും ക്രൂരമായി പ്രണയഭാജനങ്ങളുടെ ജീവനെടുക്കുന്നതിൽ വരെയെത്തി നില്ക്കുന്നു പുതിയകാലത്തെ പ്രണയവിവരണങ്ങൾ. പ്രണയമല്ലാതെയുള്ള മറ്റെല്ലാമുണ്ട് എന്ന് അടിവരയിടുന്നവ.

പ്രണയം വേണം, ജീവിതത്തോടുള്ള പ്രണയം, ജീവനോടുള്ള പ്രണയം, ആദരവോടെയുള്ള പ്രണയം. പ്രണയിക്കാൻ എന്തെങ്കിലും ഉണ്ടായിരിക്കുകയും വേണം. പ്രണയിക്കാൻ അർഹതയുള്ള വിധത്തിൽ ജീവിക്കുകയും വേണം.  എത്ര വർഷം കഴിഞ്ഞാലും എത്ര കാതം അകന്നാലും ഇന്നും എന്റെ പ്രണയമായി നീ മാറിയിരിക്കുന്നത് എന്തേ? ബാധ്യതകളും ഉടമസ്ഥാവകാശങ്ങളും ഇല്ലാതെ അകലെ നിന്ന് നോക്കിക്കാണുമ്പോഴും എന്റെ ഹൃദയം പ്രണയഭരിതമാകുന്നതെന്തേ? പ്രണയമല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കാത്തതുകൊണ്ടോ അതോ എന്റെ പ്രണയം നീ മനസ്സിലാക്കാതെ പോയതുകൊണ്ടോ?

More like this
Related

ഒരു പുൽക്കൂട് ചിന്ത 

ക്രിസ്തുമസ് കാലത്ത് വീട്ടകങ്ങളിലും ദേവാലയങ്ങളിലുമൊക്കെ നിശ്ചയമായും ഒരുക്കുന്ന ഒന്നാണ് ക്രിസ്തുമസ് ക്രിബ്....

എങ്ങനെ നല്ല ടീച്ചറാകാം?

കുട്ടികളുടെ മികച്ച പരീക്ഷാവിജയമാണോ ഒരു ടീച്ചറുടെ കഴിവ് തെളിയിക്കാനുള്ള ഏക മാർഗ്ഗം?...

വാർദ്ധക്യത്തിലും സന്തോഷിക്കാം

അടുത്തയിടെ ലഭിച്ച ഒരു വാട്സാപ്പ് മെസേജ് ഏറെ ചിന്തോദ്ദീപകമായി തോന്നി. അറുപതുവയസുള്ളവരുടെ...

ദാമ്പത്യജീവിതത്തിലെ സന്തോഷങ്ങൾ

ദാമ്പത്യജീവിതത്തിലെ സന്തോഷങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം ഇതാണ്. എല്ലാ...

വിജയിച്ചവരുടെ ലോകം; പരാജിതരുടെയും

ടോക്കിയോ ഒളിമ്പിക്‌സിന് തിരശ്ശീല വീണു കഴിഞ്ഞതേയുള്ളൂ. ആരവങ്ങൾ പൂർണമായി നിലച്ചിട്ടില്ല. ഇത്തവണ...

ആർക്കുവേണം ഈ സ്വാതന്ത്ര്യം?

അതെ, ചില നേരങ്ങളിൽ സ്വാതന്ത്ര്യം അനാവശ്യമായി തോന്നുന്നുണ്ട്. ബഷീറിന്റെ ആ കഥാപാത്രം...
error: Content is protected !!