ബുദ്ധന്റെ ത്രാസിൽ ഗാന്ധിക്കും അംബേദ്ക്കറിനും ഒരേ തൂക്കമാണോ?

Date:

കൂറ്റൻ മച്ചോടുകൂടിയ ആശ്രമത്തിന്റെ അർദ്ധവൃത്താകൃതിയിലുള്ള പ്രവേശന കവാടത്തിലൂടെ ഇടനാഴിയിലേക്ക് പ്രവേശിച്ചപ്പോയാണ് ഗാന്ധിയും ഭീമും ആലോചനയിൽ കയറിയ കാലം മുതൽ പരതി കൊണ്ടിരുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം ഭാഗികമായെങ്കിലും കിട്ടിയത്. ‘എത്രയോ പാടുപെട്ടാണ് ഞാൻ അർധ നഗ്‌നതയിൽ നിന്ന് രക്ഷപ്പെട്ടതെന്ന് ബാപ്പുവിനറിയുമോ?’ എന്ന സച്ചിദാനന്ദന്റെ കവിതയിലേ ഭീമിന്റെ ചോദ്യം അത്രയും നേരം ഉള്ളിലിട്ടു നടന്നതുകൊണ്ടാകാം അനേകം അടിയൊഴുക്കുകളിലേക്ക് ആ വാക്കുകൾ വാതിൽ തുറന്നത്.
കുറേ പുസ്തകങ്ങൾ ചിതറിക്കിടക്കുന്ന മേശയുടെ അരികിലേക്ക് കസേര വലിച്ചിട്ട് എന്തൊക്കയോ എഴുതാൻ ഒരുങ്ങുമ്പോൾ ഒരു രഹസ്യം ചുമന്ന് ഏറെ നാളായി നടക്കുന്നൊരുവന്റെ നെഞ്ചിലെ ഭാരം അതേ പടി അനുഭവപ്പെട്ടു. മരിച്ചവരെ ചുമന്നു പോകുന്നതിലും എത്രയോ മടങ്ങ് ഭാരമാണ് ഒരു ചിന്തയെ മനസിൽ ചുമന്നു നടക്കൽ. ആ ഭാരത്തെ ഇറക്കി വെക്കാതെ വയ്യ.

ആശുപത്രി വരാന്തകളിൽ മങ്ങിക്കത്തുന്ന വിളക്കു കാലുകൾ, അക്ഷമരായ രണ്ടു മാതാപിതാക്കൾ, പ്രാചീനമായ ഒരു എകാന്തത വന്നു മൂടിയിരുന്ന ഇടത്ത് പുതിയ ലോകം കണ്ട രണ്ടു കുഞ്ഞുങ്ങളുടെ നിലവിളി. ഒരുവൻ അർധനഗ്‌നനാണ്. അപരൻ കർണ്ണനെ പോലെ കവചകുണ്ഡലധാരി. അർധനഗ്‌നനെ ചെളി പുരണ്ട നഖങ്ങൾ ഏറ്റുവാങ്ങിയപ്പോൾ അപരനെ മിനുസമുള്ള കരങ്ങൾ താങ്ങി. ഇരുവരും രണ്ട് ഇടവഴികളിലേക്ക് തിരിഞ്ഞെങ്കിലും ആ കഥയുടെ സ്രഷ്ടാവ് എന്ന നിലയിൽ ഏറ്റവും ഉയർന്ന തലത്തിലിരുന്ന് എനിക്ക് ഇരുവരേയും കാണാമായിരുന്നു. അവരുടെ വളർച്ചകൾ, വീഴ്ച്ചകൾ, താഴ്ച്ചകൾ ഒരേപോലെ എന്നിൽ മിന്നി മറഞ്ഞു. ഒരുവൻ തന്റെ നഗ്‌നത മറയ്ക്കാൻ പാടുപെടുന്നതും മറ്റൊരുവൻ വിവസ്ത്രനാകാൻ പണിപ്പെടുന്നതും ഒരുപോലെ കണ്ടു ഞാൻ അത്ഭുതം കൂറി.

‘ബനിയയും മാഹാറും ഒന്നിച്ചു നടക്കുകയോ?’ എന്ന ഒരു ആക്ഷേപം ഉയരുന്നുണ്ട് അംബേദ്കറിനേയും ഗാന്ധിയെയും ഒന്നിച്ച് വായിക്കുമ്പോൾ. ഫ്രാൻസിസ് കാഫ്കയുടെ മെറ്റാ മോർഫിസത്തിലെ നായകനായ ഗ്രിഗറി സാംസക്കു സംഭവിച്ചതുപോലെ ഒരു സുപ്രഭാതത്തിൽ ഉണർന്നേഴുന്നേറ്റപ്പോഴുണ്ടായ മാറ്റമായിരുന്നില്ല അംബേദ്കറിലും ഗാന്ധിയിലും സംഭവിച്ചത്. ഹെരാക്ലീറ്റസ് പറഞ്ഞതുപോലെ “‑we can’t step twice in the same f lowing water’ കാരണം അത് നിരന്തരം മാറി കൊണ്ടിരിക്കുന്നു. ഇതു പോലെ തന്നെയാണ് മനുഷ്യരും, അവർ നിരന്തരം മാറുന്നു. മാറ്റത്തിന് വിധേയമാകുന്നവരെല്ലാം പരിണാമ വഴികളെ ശരിവെക്കുന്നു. എല്ലാ മാറ്റങ്ങളും അനിവാര്യതകൂടിയാണ്. ഗാന്ധിയിലും അംബേദ്കറിലും സംഭവിച്ചതുപോലെതന്നെ. കവി പറയും പോലെ ഗാന്ധി മുകളിൽ നിന്നും ഭീം അടിയിൽ നിന്നും തുടങ്ങി. ഇറങ്ങുന്നവനും കയറുന്നവനും ഒരു ദിവസം കൂട്ടിമുട്ടാതെ വയ്യല്ലോ?

അരുന്ധതി റോയുടെ The Doctor and Saint ഗാന്ധിവിമർശനവും The South African Gandhi: Stretcher-Bearer of Empire എന്ന അശ്വിൻ ദേശായുടെ പുസ്തകവും വായിച്ചിറങ്ങുമ്പോൾ ഗാന്ധിയെന്ന ബിംബം തച്ചുടയുന്നത് വളരെ സ്വഭാവികമാണ്. പിന്നെയാണ് കുറച്ചു കൂടെ തെളിച്ചത്തിൽ ഗാന്ധിയെയും ഭീമിനെയും കണ്ടു തുടങ്ങിയത്. പണ്ട് ഒരു ലേഖനത്തിൽ എഴുതിയതു പോലെ ഒരു നാണയത്തിന് ഇരു വശങ്ങൾ മാത്രമെയുള്ളൂ എന്നു കരുതുന്നിടത്താണ് ഗാന്ധിയും ഭിമും ശത്രുക്കളാകുന്നത്. നാണയത്തിന്, മൂന്നാമത് ഒരു അരിക് കൂടിയുണ്ട്, സത്യത്തിനും. ആ അരികിൽ നിങ്ങൾക്ക് ഇരുവരേയും കാണാം കൂടുതൽ മിഴിവോടെ.

‘ഉറച്ചു നിന്നവർ ഒലിച്ചുപോയി, ചലിച്ചു നിന്നവർ ഉറച്ചു നിന്നു’ എന്ന സുനിൽ പി. ഇളയിടത്തിന്റെ വാക്യം ഏറ്റവും യോജിക്കുന്നത് ഗാന്ധിയിൽ തന്നെയാണ്. അയാൾ നിരന്തരം സ്വയം തിരുത്തിക്കൊണ്ടിരുന്നു എന്നതാണ് ഗാന്ധിയെ ഇന്നും അനിവാര്യനാക്കുന്നത്. ഗാന്ധിയെ തല്ലാനുള്ള വടി തിരയുന്നവർ എപ്പോഴും കൂട്ടുപിടിക്കുന്നത് ഭീമിനെയാണ്. ഇല്ലാത്തതിനെ നേടിയെടുക്കാൻ ഒരാൾ പാടുപെടുന്നതുപോലെതന്നെ ആയാസകരമാണ് ജീവനോട് ചേർന്നത് ഒക്കെ അറുത്തു കളയലും. പ്രകൃതിയുടെ സഹജസ്വഭാവംതന്നെ വൈവിധ്യത്തിന്റേതാണ്. പുതിയ ജീവിതങ്ങളെ പുതിയ ഇടങ്ങളെയൊക്കെ കണ്ടുമുട്ടിയപ്പോൾ അയാൾ മാറുകയായിരുന്നു. ജീവിതം ഓരോ വ്യക്തിക്കും വ്യത്യസ്തമായ കാഴ്ചകൾ നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇരുവരും വ്യത്യ സ്തർ തന്നെ.  
ഏറ്റവും ജാഗ്രതയോടെ ബുദ്ധനിലേക്ക് ചെവി വിടർത്തിയാൽ കേൾക്കാം നിങ്ങൾക്ക് ‘ബുദ്ധന്റെ ത്രാസിൽ ഗാന്ധിക്കും അംബേദ്ക്കറിനും ഒരേ തൂക്കമാണെന്ന്.’

ജിബു കൊച്ചുചിറ

More like this
Related

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത്...

കാഴ്ചകളിൽ കുരുങ്ങാതെ… 

''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ...

മറന്ന് മറന്ന്…

"Man is a bundle of Memories' -  ഒരു കൂട്ടം...

ആരാണ് കാവലാൾ?

സഹോദരങ്ങൾ തമ്മിലുള്ള പകയ്ക്കും (Siblings Rivalry) പോരാട്ടങ്ങൾക്കും മനുഷ്യന്റെ ആരംഭകാലത്തിൽ തന്നെ...

തോറ്റുപോയവർക്ക് ഒരു വാഴ്ത്ത്

ജീവിതത്തിൽ സ്ത്രീയും പുരുഷനും പരാജയങ്ങളും അവമതിയും ഒരേ പോലെ തന്നെയാകുമോ കൈകാര്യം...

ആകാശം നഷ്ടപ്പെട്ടവർ

കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ?ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം...

വേരുകൾ മുറിയുമ്പോൾ…

കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ...

വാക്ക്

വാക്കിനോളം വലുതല്ല ഒരാകാശവുംവാക്കിനോളം വരില്ലൊരാശ്വാസവുംതെളിഞ്ഞും മൂടിയും പെയ്തും കനത്തുംഇരുണ്ടും വരണ്ടും മടിച്ചും...

വിശന്ന് വിശന്ന്…

രണ്ട് വലിയ യുദ്ധങ്ങളുടെ നടുക്കായി അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ ഭക്ഷണ പാത്രം ശൂന്യമായിപോയ,...

ഭ്രാന്തുള്ളവർക്ക് സ്തുതിയായിരിക്കട്ടെ

''നിങ്ങൾക്ക് കാണാൻ കഴിയാത്തത് കാണുവാൻ മാത്രം അവരുടെ കണ്ണുകൾ തുറക്കപ്പെട്ടിട്ടുണ്ടെങ്കിലോ? ഈ...

കഥ തീരുമ്പോൾ

''എന്നിട്ട്..?''''എന്നിട്ടെന്താ, പിന്നീട് അവര് സുഖമായി ജീവിച്ചു...''രാജകുമാരിക്ക് രാജകുമാരനെ കിട്ടി...കുഞ്ഞിമകൾക്ക് അവളുടെ അച്ഛന്റെ...

നേരം

ഒന്നിനും നേരമില്ലെന്നു ചൊല്ലാനുംതെല്ലു നേരമില്ലാതെ പോവുന്ന കാലംനേരത്തിൻ പൊരുൾ തേടീടുവാൻനേരവും കാലവും...
error: Content is protected !!