ആഷസ് ക്രിക്കറ്റ് പരമ്പര

Date:

ആഷസ് എന്നാല്‍ ചാരം. ആസ്ത്രേലിയയും, ഇംഗ്ലണ്ടും തമ്മില്‍ നടന്നു വരാറുള്ള ക്രിക്കറ്റ് പരമ്പരയ്ക്ക് ഈ പേര് വന്നതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. 1882 – ല്‍ ആസ്ത്രേലിയയും, ഇംഗ്ലണ്ടും തമ്മില്‍ ഇംഗ്ലണ്ടില്‍വെച്ച് ഒരു ക്രിക്കറ്റ് മത്സരം നടന്നു. ഈ മത്സരത്തില്‍ ഇംഗ്ലണ്ട് സ്വന്തം മണ്ണില്‍വെച്ച് ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. കളിയുടെ പിറ്റേന്ന് “സ്പോര്‍ട്ടിംഗ് ടൈംസ്‌” എന്ന പത്രം ഇംഗ്ലീഷ് ടീമിനെ കളിയാക്കിക്കൊണ്ട്‌ ഒരു ചരമക്കുറിപ്പ് പ്രസിദ്ധീകരിച്ചു. പ്രസ്തുത കുറിപ്പ് ഇങ്ങനെയാണ് ഉപസംഹരിച്ചത്. “ഇംഗ്ലീഷ് ടീമിന്‍റെ ഭൗതികശരീരം ഇവിടെ സംസ്ക്കരിക്കുകയും, ചിതാഭസ്മം (ashes) ആസ്ത്രേലിയയിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്യും.”

അടുത്ത വര്‍ഷം ഇംഗ്ലീഷ് ടീം പകരംവീട്ടി. അവര്‍ ആസ്ത്രേലിയയില്‍വെച്ച് ആസ്ത്രേലിയന്‍ ടീമിനെ ഒന്നിനെതിരെ രണ്ടു ടെസ്റ്റുകള്‍ക്ക് പരാജയപ്പെടുത്തി. ഈ സന്ദര്‍ഭത്തില്‍ മെല്‍ബോണിലെ ക്രിക്കറ്റ് ആസ്വാദകരായ ഏതാനും വനിതകള്‍ ഒരു ക്രിക്കറ്റ് സ്റ്റമ്പ് കത്തിച്ച് അതിന്റെ ചാമ്പല്‍ ഒരു കുടത്തിലാക്കി അന്നത്തെ ഇംഗ്ലീഷ് ടീമിന്‍റെ ക്യാപ്റ്റന്‍ ഐവോ ബ്ലൈയെ ഏല്പിച്ചു. അദ്ദേഹം അത് സ്വീകരിക്കുക മാത്രമല്ല, സ്വന്തം നാട്ടിലേയ്ക്ക് കൊണ്ടുപോയി മെര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ (എം സി സി) ആസ്ഥാനമായ ലോര്‍ഡ്‌സില്‍ സ്ഥാപിക്കുകയും ചെയ്തു.

ഈ സംഭവത്തെ തുടര്‍ന്നാണ്‌ ഇംഗ്ലണ്ടും, ആസ്ത്രേലിയയും തമ്മില്‍ നടക്കുന്ന ക്രിക്കറ്റ് ടെസ്റ്റുകളില്‍ വിജയിക്കുന്ന ടീമിന് “ആഷസ്” (ചിതാഭസ്മം) എന്ന പദവി നല്‍കി തുടങ്ങിയത്.

ചിതാഭസ്മം അടങ്ങിയ ഒരു കലശമാണ് ട്രോഫിയായി നല്‍കി വരുന്നത്. ടെറാകോട്ടയില്‍ നിര്‍മ്മിച്ച ഈ ട്രോഫിയ്ക്ക് ഏകദേശം 15 സെന്റിമീറ്റര്‍ (ഏതാണ്ട് ആറു ഇഞ്ചോളം) പൊക്കമുണ്ട്. ഇതിനകത്ത് സ്റ്റമ്പ് കത്തിച്ച ചാരം അടക്കം ചെയ്തിരിക്കുന്നു.

More like this
Related

കണ്ണീരോര്‍മ്മയായി അഭീല്‍ മാഞ്ഞുപോയി

പ്രാര്‍ത്ഥനകളെ അനാഥമാക്കിയും പ്രിയപ്പെട്ടവരെ കണ്ണീരിലാഴ്ത്തിയും അഭീല്‍ ജോണ്‍സണ്‍ വിടവാങ്ങിയപ്പോള്‍ കായിക മത്സരങ്ങള്‍ക്കിടയിലെ...

ഫുട്ബോൾ ഇങ്ങനെ കളിക്കരുതേ…

കളിക്കളത്തിലെ ആരാധനാപാത്രങ്ങളെ അനുകരിച്ച് ജീവിതത്തിൽ ഹെഡ് ചെയ്യുന്ന ഫുട്ബോളറാണോ നിങ്ങൾ? എങ്കിൽ...
error: Content is protected !!