തകർന്ന ബന്ധങ്ങളെ എങ്ങനെയാണ് റിപ്പയർ ചെയ്യാൻ കഴിയുന്നത്? ഒറ്റ വഴിയേയുള്ളൂ. ആത്മാർത്ഥമായി സോറി പറയുക, മാപ്പ് ചോദിക്കു ക. നല്ല ക്ഷമ പാലങ്ങൾ പണിയുകയും മുറിവുകളെ സൗഖ്യമാക്കുകയും ചെയ്യുന്നു.
സത്യത്തിൽ, സോറി പറയുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ മനസ്സിലാക്കേണ്ട കാ ര്യമുണ്ട്. അത് ധൈര്യം ആവശ്യപ്പെടുന്നുണ്ട്. എല്ലാവരുടെയും വിചാരം തങ്ങൾ മെച്ചപ്പെട്ട വ്യക്തികളാണെന്നാണ്. തെറ്റു ചെയ്തിട്ടില്ലെന്നും തങ്ങൾ ശരിയാണെന്നും അവർ കരുതുന്നു. അതുകൊണ്ട് തന്നെ തങ്ങളുടെ അഹന്തയെ അവഗണിച്ചുകൊണ്ട് സോറി പറയാൻ പലർക്കും കഴിയാറില്ല.
ആത്മാർത്ഥമായ ക്ഷമാപണം പറയുന്ന വ്യക്തിക്കും കേൾക്കുന്ന വ്യക്തിക്കും ഒന്നുപോലെ മെച്ചപ്പെട്ട അനുഭവമാണ് സമ്മാനിക്കുന്നത്. ബന്ധങ്ങൾ ദൃഢമാക്കുകയും വിശ്വാസം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സമ്മർദ്ദം കുറയ്ക്കുകയും മാനസികാരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും. മസ്തിഷ്‌ക്ക മേഖലകൾ ഇതുവഴി ഊർജ്ജസ്വലമാകും. നാണക്കേടും കുറ്റബോധവും മുറുകെ പിടിക്കുന്നതും നിഷേധാത്മകമായ പെരുമാറ്റങ്ങൾ നിലനിർത്തുന്നതും സോറി പറയാൻ തയ്യാറാവാത്തതും തികച്ചും അനാരോഗ്യകരമായ പെരുമാറ്റമാണ് എന്നാണ് മനശ്ശാസ്ത്രജ്ഞർ പറയുന്നത്.
എന്നാൽ അതോടൊപ്പം അവർ പറയുന്ന മറ്റൊരു കാര്യം കൂടിയുണ്ട്, സോറി പറയാൻ തിടുക്കം കൂട്ടണ്ടായെന്ന്. ക്ഷമാപണത്തെ ഫലപ്രദമാക്കുന്നത് അത് സമയമെടുത്ത് പറയുന്നതാണത്രെ. പെട്ടെന്ന് സോറി പറയാനുള്ള പ്രലോഭനങ്ങളെ ചെറുക്കുക എന്നാണ് അവർ പറയുന്നത്. ചെയ്തത് തെറ്റാണെന്ന് കൃത്യമായി മനസ്സിലാക്കാനും മുറിവേറ്റ വ്യക്തിയുടെ മുറിവിന്റെ ആഴം മനസ്സിലാക്കാനും സമയദൈർഘ്യം ആവശ്യമാണ്. മുറിവുകൾ മനസ്സിലാക്കാതെയുള്ള ക്ഷമാപണം പൂർണ്ണമല്ല.
സോറി അറിയിക്കാൻ ഇന്ന് പല മാർഗ്ഗങ്ങളുണ്ട്. പണ്ടൊക്കെ നേരിട്ടു കാണുമ്പോഴോ കത്തെഴുതിയോ മാത്രമായിരുന്നു സോറി പറഞ്ഞിരുന്നത്. ഇന്ന് വാട്സാപ്പ്, മെയിൽ, മെസഞ്ചർ, മറ്റ് സോഷ്യൽ മീഡിയ തുടങ്ങിയവയിലൂടെയെല്ലാം സോറി പറയാം. ഒരാളുമായി പിണങ്ങി, അകന്നു എന്നു കരുതി ആ വ്യക്തിയുമായുള്ള മാധ്യമ മാർഗ്ഗങ്ങൾ ബ്ലോക്ക് ചെയ്യാതിരിക്കുന്നതും ഉചിതമാണ്. അതുവഴി ആ വ്യക്തിക്ക് സോറി പറയാനുള്ള സാധ്യതകൾ കൂടിയാണ് ഇല്ലാതാക്കുന്നത്.
തെറ്റ് സംഭവിച്ചുകഴിയുമ്പോൾ സോറി എന്ന് ചെറിയ വാക്ക് ഒട്ടും ഹൃദയപൂർവ്വമല്ലാതെ പറയുന്നവർ ധാരാളമുണ്ട്. ഹൃദയത്തിൽ നിന്നാവട്ടെ സോറികൾ ഉയരേണ്ടത്. ഞാൻ ക്ഷമ ചോദിക്കുന്നു, സോറി എന്നിങ്ങനെ കൂളായി പറയുന്നതിന് പകരം സംഭവിച്ചുപോയവയോർത്ത് ഞാൻ പശ്ചാത്തപിക്കുന്നു, എനിക്ക് സങ്കടമുണ്ട്, ഇനി ഇങ്ങനെ ആവർത്തിക്കാതിരിക്കാൻ ഞാൻ ശ്രമിക്കാം എന്നിങ്ങനെ പറയുക. അതുപോലെ തന്നെ മാപ്പപേക്ഷ വളരെ ശ്രദ്ധാപൂർ വ്വം ആയിരിക്കുകയും വേണം. സോറി പറഞ്ഞതുകൊണ്ട് മാത്രമായില്ല, ഉപയോഗിക്കുന്ന, തിരഞ്ഞെടുക്കുന്ന വാക്കുകൾക്ക് പ്രാധാന്യമുണ്ട്, നീയങ്ങനെ പറഞ്ഞതുകൊണ്ടാണ്/ ചെയ്തതുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തത് എന്ന മട്ടിൽ പാതി കുറ്റം മറ്റേ ആളിൽ ആരോപിക്കത്തക്കവിധത്തിൽ സോറി പറയരുത്. ഞാൻ, എന്റെ എന്നിങ്ങനെയുള്ള വാക്കുകൾ കൃത്യമായ രീതിയിൽ വേണ്ടവിധത്തിൽ പ്രയോഗിക്കുക.
സോറി പറയുമ്പോൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. സംഭവിച്ചുപോയതിന്റെ പൂർണ്ണ ഉത്തരവാദിത്തം നാം ഏറ്റെടുക്കുകയാണ.് ഈ ഉത്തരവാദിത്തം ഏറ്റെടുക്കാനുളള വൈമുഖ്യമാണ് പലരെയും സോറി പറച്ചിലിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.
നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന പല സാധനങ്ങളും കേടുപാടുകൾക്ക് വിധേയമാകുമ്പോൾ അവ റിപ്പയർ ചെയ്താണ് ഉപയോഗിക്കുന്നത്. റിപ്പയറിംങിന് സാധ്യതയില്ലാത്തവ മാത്രമേ ഉപേക്ഷിക്കാറുള്ളൂ. അതുപോലെയാണ് ബന്ധങ്ങളുടെ കാര്യവും. ഏതെങ്കിലും തരത്തിൽ റിപ്പയർ ചെയ്തെടുക്കാൻ ആത്മാർത്ഥമായ സോറി സഹായമാകുമെങ്കിൽ അത് പറയാൻ മടിക്കുന്നത് എന്തിന്? ബന്ധങ്ങളെ റിപ്പയർ ചെയ്തെടുക്കുന്ന വാക്കാണ് സോറി. വാഹനങ്ങളുടെ സർവീസ് പോലെ ജീവിതയാത്രയെ ആ വാക്ക് സ്മൂത്താക്കി മാറ്റും.
മറക്കരുത്, മനുഷ്യർ പറയേണ്ട വാക്കാണ് സോറി. മൃഗങ്ങളൊരിക്കലും സോറി പറയാറില്ല.