ആര്‍ക്ടിക് പ്രദേശത്തെ ഒരു പ്രത്യേക വിഭാഗമാണ് എസ്കിമോകള്‍. മഞ്ഞുമാത്രം സുലഭമായുള്ള ഒരു പ്രദേശത്ത് ജീവിക്കുന്നവര്‍ ആണ് ഇവര്‍. കട്ടിയുള്ള രോമക്കുപ്പായങ്ങള്‍ അണിഞ്ഞ്, പ്രത്യേകതരം ജീവിതം നയിക്കുന്നവരാണ് എസ്കിമോകള്‍.
എസ്കിമോ സമൂഹത്തിന്‍റെ താല്‍ക്കാലിക ഗൃഹങ്ങളാണ് ഇഗ്ലൂ എന്ന് വിളിക്കപ്പെടുന്നത്. പൂര്‍ണ്ണമായും മഞ്ഞുകട്ടകള്‍ കൊണ്ടാണ് ഇഗ്ലൂ നിര്‍മ്മാണം. ഇഗ്ലൂവിലെയ്ക്ക് പ്രവേശിക്കാന്‍ ഒരു ചെറിയ തുരങ്കം പോലുള്ള കവാടം മാത്രമേ കാണൂ. കാരണം, ശീതക്കാറ്റ് പ്രതിരോധിക്കാനും, ഉള്ളിലുള്ള താപം നഷ്ടമാകാതിരിക്കാനും മറ്റു കവാടങ്ങളോ, ജാലകങ്ങളോ ഇഗ്ലൂവില്‍ ഉള്‍പ്പെടുത്തില്ല.
മഞ്ഞുകട്ടകള്‍ ഇഷ്ടികരൂപത്തിലാക്കിയാണ് ഇഗ്ലൂ നിര്‍മ്മാണം. ഇഗ്ലൂവിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ എസ്കിമോകള്‍ അതിനകത്ത് തീ പൂട്ടുന്നു. മൃഗക്കൊഴുപ്പാണ് അവരുടെ എണ്ണ. തീയിന്റെ ചൂടില്‍ മഞ്ഞുകട്ടകള്‍ കുറേശ്ശെ ഉരുകി കെട്ടിന്റെ വിടവുകളൊക്കെ നനഞ്ഞു തുടങ്ങും. ഉടനെ, ഇഗ്ലൂവിന്റെ വാതില്‍ തുറന്ന് തണുത്ത ധ്രുവക്കാറ്റിനെ അകത്തേയ്ക്ക് പ്രവേശിപ്പിക്കും. അതോടെ നനഞ്ഞിരിക്കുന്ന മഞ്ഞുകട്ടകള്‍ തണുത്തുറഞ്ഞ് ഉറപ്പുള്ള മഞ്ഞുകൂടാരമായി മാറും.
മഞ്ഞുകട്ടകള്‍ കൊണ്ടാണ് ഇഗ്ലൂ നിര്‍മ്മിക്കുന്നത് എന്നതുകൊണ്ട് അതൊരു മോശം ഗൃഹനിര്‍മ്മാണവസ്തു ആണെന്ന് പറയാന്‍ കഴിയില്ല. മഞ്ഞുകട്ടകള്‍ നല്ലൊരു താപരോധിയായതിനാല്‍ പുറമേ എത്ര തണുപ്പായാലും അകത്ത് സുഖകരമായ ചൂട് നിലനില്‍ക്കും. ഈ ഐസ് കൂടാരത്തിന് നല്ല ബലവും കാണും. കൂറ്റന്‍ ഹിമക്കരടികള്‍ക്ക് പോലും ഇഗ്ലൂ തകര്‍ക്കാന്‍ കഴിയില്ലത്രേ.