പെട്ടെന്നൊരു ദിവസം രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രിയപ്പെട്ട ഒരാളുടെ രോഗവിവരത്തെക്കുറിച്ച്, ‘ഇനി അധികം പ്രതീക്ഷയൊന്നും വേണ്ട, എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം’ എന്ന് ഡോക്ടർ പറയുമ്പോഴുണ്ടാകുന്ന മാനസികസംഘർഷം എപ്പോഴെങ്കിലും അനുഭവിച്ചിട്ടുണ്ടോ? ഇല്ലെങ്കിലും ഉണ്ടെങ്കിലും ഞാൻ അടുത്തയിടെ അത് അനുഭവിച്ചു. വല്ലാത്തൊരു നിമിഷമാണ് അത്. ജീവിതത്തിൽ ഒരിക്കൽ മാത്രം നേരിടേണ്ടിവരുന്ന, ഇനിയൊരിക്കൽ പോലും അത്തരമൊരു വാർത്തയ്ക്ക് നിന്നുകൊടുക്കാൻ ഇടയാവരുതേയെന്ന് പ്രാർത്ഥിച്ചുപോകുന്ന നിമിഷം.
അമ്മയുടെ ആശുപത്രി വാസവുമായി ബന്ധപ്പെട്ടായിരുന്നു അത്തരമൊരു അനുഭവത്തിലൂടെ കടന്നുപോയത്. 88 വയസ് മരിക്കാൻ പറ്റിയ പ്രായമല്ലെന്ന് ആരും പറയില്ല. പക്ഷേ.. മരിക്കാൻപോകുന്ന ആൾ നമ്മുടെ ആരാണ് എന്നതനുസരിച്ചാണ് കണ്ണീരും വേദനയും. ആ ആൾ നമുക്ക് എത്ര പ്രിയപ്പെട്ടതാണ് എന്നതനുസരിച്ച് സങ്കടവും നിസ്സഹായതയും വർദ്ധിക്കും.
ഡോക്ടറുടെ ഈ അറിയിപ്പും തുടർന്ന് ഇക്കാര്യം അറിഞ്ഞ് മറ്റുള്ളവരുടെ പ്രതികരണവും എന്നെ ഒരു കാര്യം പഠിപ്പിച്ചു. ജീവിച്ചിരിക്കുന്നവരോടെന്നതിനെക്കാളേ റെ ആളുകൾക്ക് മരിച്ചുപോയവരോടാണ്, മരണാസന്നരായ death meetingവ്യക്തികളോടാണ് സ്നേഹം. അല്ലെങ്കിൽ പറയൂ, മരിച്ചു പോയത് എത്ര ദുഷ്ടരാണെങ്കിലും ഭൂരിപക്ഷവും ആ വ്യക്തിയെക്കുറിച്ച് എന്തെങ്കിലുമൊക്കെ നന്മയല്ലേ പറയൂ. പ്രത്യേകിച്ചും അനുസ്മരണ ചടങ്ങുകളിലും പൊതുവേദികളിലും? ജീവിച്ചിരുന്നപ്പോൾ ഒരിക്കൽപോലും പറ യാതിരുന്ന നല്ല വാക്കുകളൊക്കെ എത്രയധികമായിട്ടാണ് ഓരോരുത്തരും അത്തരം അവസരങ്ങളിൽ കോരിയൊഴിക്കുന്നത്. ജീവിച്ചിരുന്നപ്പോൾ അതിൽ പത്തു വാക്കെങ്കിലും പറഞ്ഞിരുന്നുവെങ്കിൽ ജീവിച്ചിരിക്കാൻതന്നെ എത്രയോ ഊർജ്ജം കിട്ടുമായിരുന്നു. ഇതേ അവസ്ഥതന്നെയാണ് മരണാസന്നരോടും. ഇനി അധികം ദിവസങ്ങൾ അമ്മയ്ക്കില്ലെന്ന് അറിഞ്ഞതോടെ ആശുപത്രി മുറിയിൽ ബന്ധുക്കളുടെയും അയൽക്കാരുടെയും തിരക്കായിരുന്നു. ജീവിച്ചിരിക്കുന്നവരും മരിക്കാൻ അറിയിപ്പ് കിട്ടിയവരും എന്ന കളത്തിലാണ് ഇക്കൂട്ടർ. ഇരുവർക്കുമിടയിൽ ഒരു നേർത്ത അതിരേയുള്ളൂ.. എപ്പോൾവേണമെങ്കിലും ഇങ്ങേക്കളത്തിലുള്ളവർ അങ്ങേക്കളത്തിൽ എത്തിപ്പെടാനുള്ള സാധ്യതയുണ്ടെങ്കിലും അറിയിപ്പ് ലഭിച്ചിട്ടില്ലല്ലോ എന്ന അഹങ്കാരമുണ്ട് ഇങ്ങേക്കളത്തിലുള്ളവർക്ക്.
24 മണിക്കൂർ ഓക്സിജൻ സപ്പോർട്ടോടെ, ആരെയുംതിരിച്ചറിയാതെയും ചിലപ്പോൾ മാത്രം കണ്ണുതുറന്നും കിടക്കുന്ന അമ്മയെ നോക്കി സന്ദർശകർ നെടുവീർപ്പെട്ടു നിന്നു. മരണം നാളെ സംഭവിക്കും എന്ന് സുനിശ്ചയമുള്ളതുപോലെ പാതിരാത്രിയിൽപോലും വന്നെത്തിയവരുണ്ട്. രാത്രികാലങ്ങളിൽ എട്ടുമണിക്ക് ശേഷം സന്ദർശനനിരോധനമുള്ള ആശുപത്രിക്കാർ പോലും ആ സന്ദർശകരോട് ഉദാരരായി. പാവം. ആ സ്ത്രീയെ കണ്ടേച്ചും പോട്ടെ എന്ന മട്ട്. എപ്പോൾവേണമെങ്കിലും എന്തുംസംഭവിക്കാമെന്ന അന്ത്യശാസനം മറ്റൊരു ഡോക്ടറിലൂടെയും ആവർത്തിച്ചപ്പോൾ അമ്മയുമായി അടുപ്പമുണ്ടായിരുന്നവരൊക്കെ മാനസികമായി ആ മരണത്തിനൊരുങ്ങിത്തുടങ്ങി. എന്തിന് വീടുംപരിസരവും പോലും. പക്ഷേ രണ്ടാഴ്ച കഴിഞ്ഞും അമ്മയുടെ കാര്യത്തിൽ മാറ്റമുണ്ടായില്ല. വൈകാതെ അമ്മ വീട്ടിലെത്തി. വീട്ടിലെത്തിയതിന്റെ ആദ്യ ആഴ്ചയിലും സന്ദർശകരുടെ പ്രവാഹമായിരുന്നു. അകലെയുള്ളവർ ദിനംപ്രതിയെന്നോണം ഫോൺ ചെയ്ത് വിശേഷം ആരാഞ്ഞുകൊണ്ടിരുന്നു. പിന്നെ പതുക്കെ പതുക്കെ സന്ദർശകരുടെ എണ്ണം കുറഞ്ഞു, ഫോൺകോളുകൾ കുറഞ്ഞു. വൈകാതെ മുമ്പത്തേതുപോലെ അമ്മയും ഞാനും മാത്രമെന്നന ിലയിലായി കാര്യങ്ങൾ. എണീറ്റു നടക്കാൻ ആവാതെയും സംസാരിക്കാൻ കഴിയാതെയും ഓർമ്മകളെ തിട്ടപ്പെടുത്താൻ കഴിയാതെയും അമ്മ…. ഇപ്പോൾ ആരും തന്നെ അമ്മയെ കാണാൻ വരാറില്ല. ആരുവന്നാലും അമ്മ അതൊന്നും അറിയാറുമില്ല. അതാണ് മുമ്പെഴുതിയത് മരണവാറന്റ് കിട്ടിയവരോടും മരിച്ചുപോയവരോടുമെല്ലാം ആളുകൾക്ക് സ്നേഹമാണെന്ന്. കാരണം ഇനി അവർ ഒരു ബാധ്യതയാകുന്നില്ല. മരിക്കുമെന്ന് ഡോക്ടേഴ്സ് പറഞ്ഞാൽ പിന്നെ മരിക്കണം എന്ന വാശിപോലുമുണ്ടെന്ന് തോന്നുന്നു ചിലർക്ക്. പ്രത്യേകിച്ച് നിശ്ചിതപ്രായം കഴിഞ്ഞവരുടെ കാര്യത്തിൽ..
ശരിയാണ്, എല്ലാവർക്കും എല്ലാ ദിവസവും ക്ഷേമം തിരക്കിവരാൻ കഴിയില്ല, വിളിച്ചന്വേഷിക്കാനും. പക്ഷേ ഇതാണ് മനുഷ്യൻ. ഇത്രയുമേയുള്ളൂ മനുഷ്യൻ. മരിക്കാൻ പോകുന്ന വ്യക്തിയുടെഏറ്റവും അടുത്തുനില്ക്കുന്നചിലരൊഴികെ മറ്റെല്ലാവരും കാഴ്ചക്കാരാണ്. മരണം കാക്കുന്നവർ, മരണാസന്നരോടുള്ളത് സ്നേഹമല്ല സഹതാപമാണ്. എനിക്ക് മുമ്പേ നീ ഭൂമി വിട്ടുപോവുകയാണല്ലോയെന്ന സഹതാപം. മരണത്തെക്കാൾ ഭീകരമെന്ന് ഇപ്പോൾ തോന്നുന്നത് ഉള്ളിൽ ബോധമുണ്ടായിരിക്കെ ഒരു വാക്ക് പോലും സംസാരിക്കാൻ കഴിയാതെ നിശ്ശബ്ദമായുള്ള കിടത്തമാണ്. ആരെയും തിരിച്ചറിയാതെയുള്ള, മരിക്കാൻ പോവുകയാണെന്ന് പോലുമുള്ള മനസ്സിലാക്കലില്ലാതെയുള്ള മരണത്തിന് വേണ്ടിയുള്ള കാത്തുകിടപ്പാണ്. മരണം നിനക്കു മാത്രമല്ല എനിക്കുമുണ്ടെന്ന് തിരിച്ചറിഞ്ഞാൽ മരണാസന്നരോട് കുറെക്കൂടി അനുകമ്പയോടും സ്നേഹത്തോടും കൂടി ഇടപെടാൻ കഴിഞ്ഞേക്കും.
മരണം സത്യത്തിൽ മനുഷ്യബന്ധങ്ങൾക്കാണ് വിലയിടുന്നത്. നീ ആരെയൊക്കെ സ്നേഹിച്ചുവെന്നതല്ല നിന്നെ ആരൊക്കെ സ്നേഹിച്ചുവെന്നതാണ് നി ന്റെ മരണസമയത്തെ ഹൃദ്യമാക്കുന്നത്. നീ സ്നേഹിച്ചവരൊക്കെ ചിലപ്പോൾ മരണസമയത്ത് നിന്റെ അടുക്കലുണ്ടാവണമെന്നില്ല. പക്ഷേ നിന്നെ സ്നേഹിച്ചവരൊക്കെ നിന്റെ അടുക്കലുണ്ടാവണമെന്ന് പ്രാർത്ഥിക്കുക.
മരണമാണ് ജീവിതത്തിലെ ഏകസത്യം. ഇന്നുവരുമോ നാളെ വരുമോ എന്നതല്ല അത് നിശ്ചയമായുംസംഭവിക്കും എന്നതാണ് മരണത്തിന്റെ ഉറപ്പ്. മൃത്യുയോഗം എന്നൊരു വാക്കുണ്ട്. മരിക്കാനുള്ള ദിവസം. എന്നാണാവോ എന്റെ മൃത്യുയോഗം?
‘മൃതിവരംതന്ന ദൈവമേ നിന്നോടീ
മലിനദേഹമിരന്നതേയില്ല ഞാൻ’
– വി മധുസൂദനൻനായർ