ക്ഷമ മറ്റുള്ളവർക്ക് അവകാശപ്പെട്ടതാണെന്നാണ് പലരുടെയും ധാരണ. രണ്ടാമതൊരാൾക്ക് നല്കേണ്ടതാണ് ക്ഷമയെന്നും അവർ കരുതുന്നു. എന്നാൽ നമുക്ക് ക്ഷമ ആവശ്യമുണ്ട്. അവനവരോടു തന്നെ ക്ഷമിക്കുക. ജീവിതത്തിൽ മറന്നുപോകരുതാത്ത വലിയൊരു കാര്യമാണ് ഇത്.
മറ്റുള്ളവരോട് ക്ഷമിക്കുകയും അവർക്ക് ക്ഷമനല്കുകയും ചെയ്യുന്ന നീ, എന്തുകൊണ്ടാണ്
നിന്നോട് ഇനിയും ക്ഷമിക്കാത്തത്? നീ, നിന്നോട് ക്ഷമിക്കാത്തതുകൊണ്ടാണ് കഴിഞ്ഞകാലത്തിലെ മുറിവുകളോട് ഇനിയും പൊരുത്തപ്പെടാത്തത്, ഭാവിയെ ശുഭപ്രതീക്ഷയോടെ നോക്കിക്കാണാനാവാത്തത്. പലർക്കും അവരവരോട് ക്ഷമിക്കാൻ കഴിയുന്നില്ല. ‘ഞാൻ അങ്ങനെ ചെയ്തല്ലോ’ ‘ഞാൻ അങ്ങനെ പറഞ്ഞല്ലോ.’ ഞാൻ എന്തൊരു വൃത്തികെട്ടവൻ’ ഇങ്ങനെയാണ് പലരുടെയും വേവലാതികൾ.
ശരിയാണ്, സംഭവിച്ചുപോയി. ഇനി അവയുടെ മേൽ നമുക്ക് നിയന്ത്രണമില്ല. അവയെ അതിന്റെ വിധിക്ക് വിട്ടുകൊടുക്കുക. പക്ഷേ നമുക്ക് ജീവിക്കാതിരിക്കാനാവില്ല; നമുക്ക് സന്തോഷിക്കാതിരിക്കാനും.
സന്തോഷങ്ങൾ അപഹരിക്കുന്നതിനും അപകർഷതയിലേക്ക് തള്ളിയിടുന്നതിനും കാരണം ഒന്നേയുള്ളൂ. നമ്മുക്ക് നമ്മോട് തന്നെ ക്ഷമിക്കാൻകഴിയുന്നില്ല. ആന്തരികതയെ സൗഖ്യപ്പെടുത്തുക പ്രധാനപ്പെട്ട കാര്യമാണ്. ആന്തരികതയെ മുറിപ്പെടുത്തുന്നത് കുറ്റബോധമാണ്. കുറ്റബോധത്തിന് കാരണം അവരവരോട് ക്ഷമിക്കാൻ കഴിയാത്തതും.
ആരും തെറ്റുകൾക്ക് അതീതരല്ല, എല്ലാവരിലും ബലഹീനതകളും കുറവുകളുമുണ്ട്. അതിന് ഏറ്റക്കുറച്ചിൽ ഉണ്ടെന്നേയുള്ളൂ. ഇത്തരമൊരു ചിന്ത മനസ്സിൽ ഉറപ്പിക്കുക.സ്വന്തം മൂല്യം തിരിച്ചറിയുക. എന്തുമാത്രം സാധ്യതകളുള്ള, കഴിവുകളുള്ള വ്യക്തിയാണ് നീ.. അത്തരം സാധ്യതകളെ പ്രയോജനപ്പെടുത്താൻ കഴിയാത്തത് നിനക്ക് നിന്നോട് തന്നെക്ഷമിക്കാൻ കഴിയാത്തതുകൊണ്ടാണ്.
ഭൂതകാലത്തെ കൃത്യമായ രീതിയിൽ അഭിസംബോധന ചെയ്തെങ്കിൽ മാത്രമേ ഭാവികാലത്തെ നേരിടാൻ കഴിയൂ. അതിനാവശ്യമായിരിക്കുന്നത് അവരവരോടുള്ള ക്ഷമയാണ് .
നിന്റെ മുഖത്തെ ചിരികൾ വീണ്ടെടുക്കാൻ, നിന്റെ ഹൃദയഭാരങ്ങളെ ലഘൂകരിക്കാൻ, നിന്റെ കണ്ണുകളിലെ തിളക്കം മങ്ങാതിരിക്കാൻ നീ നിന്നോട് തന്നെ ക്ഷമിക്കുക.