ആത്മാവിൽ നിന്നു തുറന്ന ജീവിതത്തിലേക്ക് തെളിമയുള്ള ഒരു മനുഷ്യന്റെ യാത്രയാണ് ഈ പുസ്തകം. ഇക്കാലമത്രയും ആത്മവും ശരീരവും രണ്ടു വിഘടിത തുരുത്തിലായവർക്കും ഉൾപ്രേരണയ്ക്കനുസൃതമായി ഇനിയും സഞ്ചരിക്കാൻ കഴിയാതെ പോയവർക്കും വല്ലാത്ത ഒരു പ്രചോദനമാണ് യതിശിഷ്യനായ ഷൗക്കത്തിന്റെ ‘ആത്മാവിൽ നിന്നു ജീവിതത്തിലേക്ക്’ എന്ന പുസ്തകം. ഒഴുക്കിനൊത്തു നീന്തുകയെന്ന എക്കാലത്തെയും പ്രലോഭനത്തെ മറികടന്ന് ജീവിതത്തിന്റെ അന്തർധാരയായിരിക്കുന്ന പൊരുളിലേക്ക് ആ മനുഷ്യൻ യാത്ര തുടരുകയാണ്. മുറിവേറ്റ കടൽ മത്സ്യം ഉപ്പുവെള്ളത്തിൽ നീറി മുറിവുണക്കുന്നതു പോലെ അയാൾ തന്റെ ജീവിതത്തിൽ നിന്ന് ഒരു ഭീരുവിനെപ്പോലെ ഒളിച്ചോടാതെ ഉള്ളിലെ മുറിവുണക്കുന്നു. ആത്മീയതയുടെ അകവും പുറവും തേടി കഥാനായകനൊപ്പം ഒരു ദീർഘയാത്രയാണീ നോവൽ. ഉത്തരങ്ങൾക്കു വേണ്ടിയല്ല അദ്ദേഹത്തിന്റെ ഈ യാത്ര, മറിച്ച് ഉള്ളിന്റെ ഉള്ളിനെ അലട്ടുന്ന എല്ലാ ചോദ്യങ്ങളെയും അറ്റുവീഴ്ത്താനാണ്. യഥാർത്ഥത്തിലുള്ള വഴി അന്വേഷിക്കുന്ന എതൊരു മനുഷ്യനും പ്രതികൂല സാഹചര്യങ്ങളെ നേരിടെണ്ടി വരുമെന്നത് തീർച്ചയാണ് അത്തരം സന്ദർഭങ്ങളെ ഒരുവൻ എങ്ങനെ നേരിടുന്നു എന്നതാണ് പ്രധാനം. ഇവിടെ ഈ യാത്രികന് പ്രതികൂലമായി നിൽക്കുന്നത് അദ്ദേഹത്തിന്റെ ചിന്തകളാണ്. പ്രക്ഷുബ്ധതകളെ നിയന്ത്രണ വിധേയമാക്കി അയാൾ ഓരോ ചോദ്യങ്ങളുടെയും കെട്ട് വളരെ നിസാരമായി അഴിച്ചെടുക്കുന്നു.
ഉൾമൊഴികളുടെ വശ്യതയിലമർന്ന് അവൻ കുറച്ചു സമയം അവിടെ നിന്നു പോയി. ഏകാന്ത സുന്ദരമായ പ്രകൃതിയിൽ ഇങ്ങനെ ഏകനായി സഞ്ചരിക്കുക എത്ര സുഖകരമാണ്. എല്ലാവരും എല്ലാവർക്കും ആത്മസോദരരായി മാറുന്ന ഒരു ലോകം സംഭവ്യമാണോ? മനുഷ്യ ചെയ്തികളുടെ അവിവേകങ്ങളോർക്കുമ്പോൾ വിദൂര സ്വപ്‌നം മാത്രമായി അതവശേഷിക്കുന്നു. എത്രയോ അനുഗൃഹീതമായ ഗുണങ്ങൾ നിറഞ്ഞു നിന്നിട്ടും എന്തുകൊണ്ടാണ് നാം നാശത്തിന്റെ വഴിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്? അഹന്തയുടെ വിളയാട്ടങ്ങൾ ജീവിതത്തെ ദുസ്സഹമാക്കുമെന്ന് എത്ര അനുഭവിച്ചിട്ടും നാമെന്തേ വിനയാന്വിതരാകാത്തത്?
ഈ ചോദ്യങ്ങളൊക്കെ ഈയാമ്പാറ്റകണക്കേ ആ മനുഷ്യനിൽ ഊർന്നു പൊന്തുന്നുണ്ട്. മനുഷ്യന്റെ സാധ്യതകളെ സാക്ഷാത്ക്കരിച്ച ഗുരുക്കമാരെ കാണാതെ പോകരുതെന്നാണ് അദ്ദേഹം പറയുന്നത്. മഹാത്മാക്കൾ എന്ന് വിളിക്കുന്ന അവരും പരിമിതരായിരുന്നു. നന്മ നിറഞ്ഞ ഒരു ദാർശനികന് നന്മ നിറഞ്ഞ മറ്റൊരു ദാർശനികനെ ഉൾക്കൊള്ളാൻ കഴിയാതെ പോയതും ചരിത്രമാണല്ലോ. എന്നിട്ടും അവർ സ്വച്ഛമായ ജീവിതത്തിലേക്ക് ഒഴുകുക തന്നെ ചെയ്തു. സഹജമായ ഒരു ധ്യാനവസ്ഥയാണ് അവരുടെ ജീവിതങ്ങളെ പുണർന്നു നിന്നത്. അതു കൊണ്ട് തന്നെ എഴുത്തുകാരൻ പറഞ്ഞു വെക്കുന്നു, ഒന്നിൽ നിന്നും ഓടിയൊളിക്കുകയോ ഒന്നിനെയും വാരിപ്പുണരുകയോ ചെയ്യാതെ മനുഷ്യൻ തന്നെ ഒരു പരിമിതിയാണെന്നും പരിമിതിയില്ലാത്ത മനുഷ്യൻ എന്നത് വെറും സ്വപ്‌നമാണെന്നുമുള്ള തിരിച്ചറിവിലേക്ക് ഉയരേണ്ടിയിരിക്കുന്നു. ദീർഘകാലമായി ഒരു ചുമരിനെ തന്നെ നോക്കിയിരിക്കുന്നു എന്നതാണ് നമ്മുടെ സ്ഥായി ആയ പ്രശ്‌നം. ചുമരിനപ്പുറം ഒരു ലോകമുണ്ടെന്ന് നമ്മൾ മറന്നു പോകുന്നു. ഈ ഭൂമിയിലുള്ള മിക്ക മനുഷ്യരും ഭ്രമിക്കപ്പെട്ടവരാണ്, അവർ എല്ലായ്‌പ്പോയും എന്തിനെങ്കിലും വേണ്ടി ആശിച്ചുകൊണ്ടേയിരിക്കുന്നു. ചോദ്യങ്ങൾ ചോദിക്കുന്നവർ ഈ ലോകത്ത് കുറവാണ്. ചോദിക്കുകയെന്നാൽ തേടുകയാണ്. യാത്രികനൊപ്പം ഒരുമിച്ച് യാത്ര ചെയ്യാനും ശരിയുത്തരങ്ങൾ കണ്ടുപിടിക്കാനും കഴിയുന്നു എന്നതുമാണ് ഷൗക്കത്തിന്റെ ഈ പുസ്തകത്തെ മറ്റു പുസ്തകങ്ങളിൽ നിന്ന് വെറിട്ടു നിർത്തുന്നത്. സ്വയം വെളിച്ചമാകുന്നതിനേക്കുറിച്ചാണ് അദ്ദേഹം പറഞ്ഞു വെക്കുന്നത്, ആ വെളിച്ചം മറ്റൊരാളുടെയോ ക്രിസ്തുവിന്റെയോ ബുദ്ധന്റയോ അല്ല. ഒരാൾ അയാൾക്കു തന്നെ വെളിച്ചമാകണം.അതിനർത്ഥം അവിടെ നിഴലുകൾ ഉണ്ടാവില്ല എന്നതു തന്നെയാണ്. ബുദ്ധന്റെ വഴി ‘പിൻപറ്റി’ എത്ര ബുദ്ധന്മാരുണ്ടായി? ക്രിസ്തുവിനെ ‘പിൻപറ്റി’ എത്ര ക്രിസ്തുമാർ? അവർ അവരായി ജീവിച്ചതു പോലെ നാം നാമായി ജീവിക്കാനുള്ള പ്രചോദനമാണ് യഥാർഥത്തിൽ അവരിൽ നിന്നും ആർജിക്കേണ്ടത്.
വ്യത്യസ്തമായ ഒരു ഉൾക്കാഴ്ച നൽകുകയാണ് ഈ യാത്ര. ഉൾക്കാഴ്ച എന്നതിന്റെ അർത്ഥം ഉള്ളിലേക്കു കാണുക എന്നതാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ചിന്തയുടെ പൂർണ്ണമായ രൂപത്തെ കാണുക എന്നത് തന്നെ. തെറ്റിൽ നിന്ന് ശരിയിലേക്കില്ല ശരിയിൽ നിന്ന് ഉയർന്ന ശരിയിലേക്കാണ് നാം ഒഴുകേണ്ടത് എന്ന് ഈ ഉൾക്കാഴ്ച നമ്മളെ പഠിപ്പിക്കുന്നു. ഈ യാത്രയിൽ യാത്രികൻ മതങ്ങളെ ചോദ്യം ചെയ്യിന്നുണ്ട്. എല്ലാ മതങ്ങളുടെയും അന്തർധാരയായിരിക്കുന്ന ആശയം സമാധാനമായിരുന്നിട്ടും മാനവീയത മറന്ന മതസ്ഥാപനങ്ങളുണ്ടാകുന്നു. അവിടെ ഞങ്ങളും നിങ്ങളുമാണുള്ളത്, അവിടെ നമ്മളില്ല. പ്രപഞ്ചത്തെയാകെ പുണർന്നുകൊണ്ട് ‘നമ്മൾ’ എന്നു പറയാൻ മതത്തിന് ഇനിയും കഴിയാത്തത് എന്തുകൊണ്ടായിരിക്കാം എന്ന് യാത്രികൻ ഭയപ്പെടുന്നു. ഏകാഗ്രതയെക്കുറിച്ചും യാത്രികൻ യാത്രക്കിടയിൽ ചിന്തിക്കുന്നുണ്ട്. എന്താണ് ഏകാഗ്രത? അത് ഉണ്ടാകുന്നത് ധ്യാനത്തിലൂടെയാണോ? അല്ല എന്നാണ് അദ്ദേഹത്തിന്റെ ഉത്തരം. താത്പര്യമാണ് ഏകാഗ്രതയെ ജനിപ്പിക്കുന്നത്. അതിനാൽ നമ്മുടെ താത്പര്യം എവിടെയിരിക്കുന്നു എന്ന് നമ്മൾ അറിയെണ്ടിയിരിക്കുന്നു.
പ്രാർത്ഥനയെക്കുറിച്ചും യാത്രികൻ പറയുന്നുണ്ട്. അമ്പലങ്ങളിലും പള്ളികളിലും മസ്ജിദുകളിലും കാണിക്കയർപ്പിച്ച് ആഗ്രഹ സഫലീകരണത്തിനു മാത്രമായി നമ്മൾ പ്രാർത്ഥിക്കുമ്പോൾ നാം കൈക്കൂലി കൊടുത്ത് കാര്യം സാധിക്കാൻ ശ്രമിക്കുന്ന ആവശ്യക്കാരനായി തരം താഴുകയാണ് എന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. പ്രാർത്ഥന എന്നാൽ കൃതജ്ഞതയെന്നാണ് യാത്രികന്റെ പക്ഷം. ഇങ്ങനെ ഒരായിരം ഉള്ളുലക്കുന്ന ദർശനങ്ങൾ ഊറിക്കൂടുകയാണീ കുഞ്ഞു പുസ്തകത്തിൽ.
തെളിമയിലേക്കുള്ള യാത്ര ഒരിക്കലും അവസാനിക്കുന്നില്ലല്ലോ? തെളിയും തോറും തെളിയാനുള്ള ഇടങ്ങൾ തെളിഞ്ഞു വന്നുകൊണ്ടേയിരിക്കും. സങ്കീർണവും അനാവശ്യവുമായ ജീവിതത്തിന്റെ മാറാപ്പുകളെ ബോധത്തിൽ നിന്ന് തൂത്തെറിയാൻ ഈ പുസ്തകം നമ്മളെ പ്രേരിപ്പിക്കും.
ജിബു കൊച്ചുച്ചിറ