ഒരു കുഞ്ഞിന്‍റെ ജനനം മാതാപിതാക്കളുടെ കൂടി ജനനമാണ്. കുഞ്ഞ് വളര്‍ന്നു പാകമാകുന്നതിനോടൊപ്പം അവരും വളര്‍ന്നു പാകമാകേണ്ടതുണ്ട്. പക്ഷെ, നമ്മുടെ സമൂഹത്തില്‍ അങ്ങനെ സംഭവിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. കുഞ്ഞുങ്ങള്‍ക്കാവശ്യമായ ഭൗതികസാഹചര്യം ഒരുക്കിക്കൊടുക്കുന്നതിനായി അവരെ മറന്നു നെട്ടോട്ടമോടുന്നതിന്നിടയില്‍ അതിനേക്കാള്‍ അവര്‍ക്കാവശ്യം തങ്ങളുടെ സാമീപ്യമാണെന്ന് പല രക്ഷിതാക്കളും മറന്നു പോകുന്നു. കുട്ടികളുടെ വ്യക്തിത്വം രൂപവത്ക്കരിക്കുന്നതിനും, അവരും മാതാപിതാക്കളുമായുള്ള ബന്ധം ദൃഡമാക്കുന്നതിനും ചില കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാം:-
കുട്ടികള്‍ക്ക് നിങ്ങള്‍ പണം കൊടുക്കാനുള്ള എ ടി എം മെഷീന്‍ മാത്രമാവരുത്. മക്കളുടെ സന്തോഷം കാണാന്‍ അവരുടെയൊപ്പം നിങ്ങള്‍ എത്ര നേരം ചിലവഴിക്കുന്നുണ്ട് എന്നത് വളരെ മുഖ്യമാണ്. നിത്യേന അവര്‍ക്കൊപ്പം സമയം ചിലവഴിക്കുന്ന മാതാപിതാക്കള്‍ക്ക് അവരിലുണ്ടാകുന്ന മാറ്റങ്ങള്‍ വളരെ വേഗം തിരിച്ചറിയാം.
- ഏത് കാര്യത്തിനും നമ്മുടെ സാമീപ്യവും, മേല്‍നോട്ടവും ഉണ്ട് എന്ന ധാരണ കുട്ടികളില്‍ വളര്‍ത്തുക. അവരുടെ പ്രശ്നങ്ങള്‍ നിങ്ങളോടു പങ്കു വെയ്ക്കാന്‍ അത് സഹായകരമാകും.
- മറ്റുള്ളവരെ നോക്കി പഠിക്കാനല്ല പറയേണ്ടത്. നിങ്ങളാവണം അവരുടെ മാതൃകകള്‍.
- പണമുപയോഗിച്ച് കുഞ്ഞുങ്ങള്‍ കുഞ്ഞുങ്ങള്‍ ആവശ്യപ്പെടുന്ന എന്തും വാങ്ങിക്കൊടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. അതുകൊണ്ടോരുപക്ഷേ, നിങ്ങളെന്ന അച്ഛന്റെ, അമ്മയുടെ മൂല്യം മനസ്സിലാക്കാന്‍ അവര്‍ക്കാവണം എന്നില്ല.
- സാധ്യമാകുന്നിടത്തോളം കുഞ്ഞുങ്ങളെ അവരുടെ പഠനകാര്യങ്ങളില്‍ സഹായിക്കുക. കൊച്ചുകുഞ്ഞുങ്ങളുള്ള വീടാണെങ്കില്‍ ഉറങ്ങുന്നതിനു മുമ്പേ അവര്‍ക്ക് കഥകള്‍ പറഞ്ഞു കൊടുക്കാം.
- കുഞ്ഞുങ്ങളുടെ നേട്ടം അതെത്ര നിസ്സാരമാണെങ്കില്‍ പോലും അഭിനന്ദിക്കാം, പ്രോത്സാഹിപ്പിക്കാം.
- കുട്ടികളെ ഒരിക്കലും സമപ്രായക്കാരായ മറ്റു കുട്ടികളുമായി താരതമ്യം ചെയ്തുകൊണ്ട് അവരെ പുകഴ്ത്തി സംസാരിക്കരുത്.
- കുട്ടികളോട് നിത്യവും സംസാരിക്കാനുള്ള ഒരു ഇടമായി ഡൈനിംഗ് ടേബിള്‍ തെരെഞ്ഞെടുക്കൂ. ദിവസത്തില്‍ ഒരു നേരമെങ്കിലും അവര്‍ക്കൊപ്പമിരുന്നു ഭക്ഷണം കഴിക്കാം.