വിവാഹജീവിതം എന്നത് ഓരോ ദിവസവും തിരുത്താനും ക്ഷമിക്കാനും പശ്ചാത്തപിക്കാനുമുള്ള ഒരു ഉടമ്പടിയാണ്. കാരണം ഈ ലോകത്ത് പെര്‍ഫെക്ട് ഭര്‍ത്താവോ പെര്‍ഫെക്ട് ഭാര്യയോ ഇല്ല. പക്ഷേ വിവാഹജീവിതത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭൂരിപക്ഷത്തിന്റെയും ധാരണ ഞാന്‍ പെര്‍ഫെക്ടാണ് എന്നാല്‍ എന്റെ പങ്കാളി പെര്‍ഫെക്ടല്ല എന്നാണ്. ഇത്തരമൊരു ധാരണ ഉള്ളില്‍ സൂക്ഷിക്കുന്ന ഒരാള്‍ക്ക് നല്ല രീതിയില്‍ കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല. അതുകൊണ്ട് പങ്കാളികള്‍ ആദ്യം തിരിച്ചറിയേണ്ട ഒരു വസ്തുത എനിക്ക് കുറവുള്ളതുപോലെ പങ്കാളിക്കും കുറവുണ്ട് എന്നതാണ്. എനിക്ക് തെറ്റി, എനിക്ക് തെറ്റുപറ്റാറുണ്ട് ഇങ്ങനെയുള്ള ഏറ്റുപറച്ചില്‍ നടത്താന്‍ സന്നദ്ധതയുള്ള പങ്കാളികള്‍ വളരെ കുറവാണ്. പകരം അവരോരോരുത്തരും പങ്കാളിയാണ് തെറ്റ് ചെയ്തത് എന്ന മട്ടില്‍ സംസാരിക്കുകയും ഇടപെടുകയും ചെയ്യും.
അയാം സോറി എന്ന് പറയാനുള്ള സന്നദ്ധതയാണ് മറ്റൊരു വഴി. ഇതാവട്ടെ ഈഗോ കാരണം പലര്‍ക്കും മുഖത്ത് നോക്കി പറയാനും കഴിയില്ല. സ്വന്തം തെറ്റ് സമ്മതിക്കാനും അത് ഏറ്റുപറയാനും ഇത്തിരിയൊക്കെ മനക്കരുത്തും സുതാര്യതയും സത്യസന്ധതയും വേണം. അതില്ലാത്തവരാണ് ഒരിക്കലും ആ വഴിപോകാത്തത്.
ഇതിലും ബുദ്ധിമുട്ടാണ് എന്നോട് ക്ഷമിക്കണം എന്ന് പറയുന്നത്. പ്ലീസ് ഫൊര്‍ഗീവ് മീ എന്ന് വാഗ്വാദത്തിനോ വിയോജിപ്പുകള്‍ക്കോ ശേഷം പറയാന്‍ കഴിയുമ്പോള്‍ തന്നെ അവിടെ മഞ്ഞുരുകാന്‍ തുടങ്ങും. അതുകൊണ്ട് ഈ മൂന്നു കാര്യങ്ങള്‍ തിരിച്ചറിയുകയും അത് അനുസരിച്ച് ദാമ്പത്യജീവിതത്തെ ചിട്ടപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്താല്‍ സന്തോഷകരമായ കുടുംബജീവിതം നയിക്കാന്‍ എല്ലാവര്ക്കും സാധിക്കും.