ജീവിതം ചിലപ്പോഴെങ്കിലും റോളർ കോസ്റ്റർ പോലെ തോന്നിയിട്ടില്ലേ? ചില നേരങ്ങളിൽ സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും കൊടുമുടികളിൽ. മറ്റ് ചിലപ്പോൾ സങ്കടത്തിന്റെയും മടുപ്പിന്റെയും താഴ്‌വാരങ്ങളിൽ. മനുഷ്യന്റെ വൈകാരികതയ്ക്ക് ഇത്തരം ചാഞ്ചാട്ടങ്ങളിൽ പ്രധാന പങ്കുണ്ട്. വൈകാരിക നിയന്ത്രണം മാനസികാരോഗ്യത്തിനും ക്ഷേമത്തിനും അത്യന്താപേക്ഷിതമാണെന്നാണ് മനശ്ശാസ്ത്രജ്ഞരുടെ നിഗമനങ്ങൾ. വൈകാരികതയെ നിയന്ത്രിക്കാൻ സാധിക്കുമ്പോൾ പോസിറ്റീവ് ഫീലിങ്സ് ഉടലെടുക്കുന്നു. ജീവിതം കുറെക്കൂടി അനായാസവും സംഘർഷരഹിതവുമാകുന്നു. എന്നാൽ എങ്ങനെയാണ് വൈകാരികമായ ഈ നിയന്ത്രണം സാധിച്ചെടുക്കേണ്ടത്. മനശ്ശാസ്ത്രജ്ഞർ ഇതിലേക്കായി പ്രധാനമായും രണ്ടു നിർദ്ദേശങ്ങളാണ് നല്കുന്നത്.
ലക്ഷ്യമുണ്ടായിരിക്കുക
ജീവിതത്തിന്റെ ലക്ഷ്യം തിരിച്ചറിയുക. ഈ ലക്ഷ്യങ്ങളും ജീവിതത്തിന്റെ ഉദ്ദേശ്യങ്ങളും യാതൊരു വിപരീത സാഹചര്യത്തിലും മാറ്റമില്ലാതെ നിലനിർത്തുക. പലർക്കും ചിലപ്രത്യേക സാഹചര്യങ്ങളിൽ ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും മാറിക്കൊണ്ടിരിക്കും. വ്യക്തമായ ലക്ഷ്യങ്ങളുള്ളവരുടെ ജീവിതത്തിലാണ് പോസിറ്റീവ് കാര്യങ്ങൾ സംഭവിക്കുന്നത്. ജീവിതത്തെക്കുറിച്ച് വ്യക്തമായ ലക്ഷ്യങ്ങളോ ഭാവിയെക്കുറിച്ച് സ്വപ്‌നങ്ങളോ ഇല്ലാത്തവർ വൈകാരികമായ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടാവും.
സ്ഥിരതയുണ്ടായിരിക്കുക
ലക്ഷ്യം ഉണ്ടായിരിക്കുന്നതുപോലെതന്നെ സ്ഥിരതയും അത്യാവശ്യംവേണ്ട ഗുണമാണ്. ഞാനെത്തിയ വഴി ശരിയാണോ തെറ്റാണോ ഞാൻ ഇതാണോ ചെയ്യേണ്ടത്, അതോ മറ്റൊന്നാണോ ഇങ്ങനെ പലവിധത്തിൽ ചാഞ്ചാട്ട പ്രകൃതിയുള്ളവർ വൈകാരികമായ അരക്ഷിതാവസ്ഥ നേരിടുന്നവരായിരിക്കും.