ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കിലും സാരമില്ല, പക്ഷേ ദിവസത്തിൽ ഒരു തവണയെങ്കിലും വെള്ളം കുടിക്കാതിരുന്നാലോ? ബുദ്ധിമുട്ടുള്ള കാര്യം തന്നെ അല്ലേ? അനുദിന ജീവിതത്തിൽ മനുഷ്യന് ഏറെ ആവശ്യമുള്ള ഒന്നാണ് വെള്ളം. ഭൂമിയിലെ ഏറ്റവും സമ്പന്നമായ സംയുക്തമാണ് വെള്ളം.
ചുരുങ്ങിയത് രണ്ടര ലിറ്റർ വെള്ളമെങ്കിലും ഒരു ദിവസം മനുഷ്യശരീരത്തിന് അത്യാവശ്യമാണ്. അതായത് ആറുമുതൽ എട്ടുവരെ ഗ്ലാസ് വെള്ളം. ദാഹം അനുസരിച്ച് മാത്രമായിരിക്കരുത് വെള്ളം കുടിക്കേണ്ടത്.വേനൽക്കാലത്തും മഴക്കാലത്തും ഒരുപോലെ വെള്ളം കുടിക്കണം. മഴക്കാലത്തേതിനെക്കാൾ വെള്ളം വേനൽക്കാലത്ത് കുടിക്കാറുണ്ട് എന്നത് ശരിയാണ്. കാരണം വേനൽക്കാലത്ത് ശരീരം കൂടുതൽ വിയർക്കുകയും ജലാംശം പുറന്തള്ളുകയും ചെയ്യുന്നതിനാലാണ് അത്. പക്ഷേ ഏത് കാലാവസ്ഥയിലും ശരീരത്തിന് നിർജ്ജലീകരണം സംഭവിക്കാൻ സാധ്യതയുണ്ട്.
ശരീരത്തിന് വേണ്ട തോതിൽ വെള്ളം ലഭിച്ചില്ലെങ്കിൽ ക്ഷീണം, മൂഡ് വ്യതിയാനം, തലവേദന, ശ്രദ്ധക്കുറവ്, ഉത്കണ്ഠ തുടങ്ങിയ അനുഭവപ്പെടും. ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും ശരീരഭാരം നിയന്ത്രിച്ചുനിർത്താനും വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. രാവിലെ ഉറക്കമുണർന്ന് എണീറ്റുവരുമ്പോഴേ രണ്ടു ഗ്ലാസ് വെള്ളം കുടിക്കുക. എ.സിയിൽ ഇരുന്നാണ് ജോലി ചെയ്യുന്നത് എന്ന് വിചാരിച്ച് വെള്ളംകുടി വേണ്ടെന്ന് വയ്ക്കരുത്. ഇടയ്ക്കിടയ്ക്ക് ഇക്കൂട്ടരും വെള്ളം കുടിക്കണം. മലബന്ധം, മൂത്രത്തിൽ കല്ല് എന്നിവയുള്ളവർ യാതൊരു കാരണവശാലും വെള്ളം കുടിയുടെ കാര്യത്തിൽ കോമ്പ്രമൈസ് ചെയ്യരുത്.
ശരീരത്തിൽ ജലം കുറയുമ്പോൾ മലം കട്ടിയാകുകയും അത് മലവിസർജ്ജനം ദുഷ്‌ക്കരമാക്കുകയും ചെയ്യും. അമിതവണ്ണമുള്ളവർ വെള്ളംകുടിയുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. വിശപ്പ് തോന്നുമ്പോൾ ഒരു ഗ്ലാസ് വെള്ളം കുടിക്കുക. വെള്ളം വിശപ്പ് കുറയ്ക്കും. തന്മൂലം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും കുറയും. ഇങ്ങനെ ശരീരഭാരം കൂട്ടാതെ നോക്കാം. എല്ലുകളുടെ ശക്തി വർദ്ധിപ്പിക്കുന്നതിനും വെള്ളം കുടിക്കാം. വാതരോഗം നിയന്ത്രിക്കുന്നതിനും വെള്ളം കുടിക്കുന്നത് നല്ലതാണ്.