ഹൃദയം, ബ്ലെഡ് വെസൽസ്,ശ്വാസകോശം എന്നിവയ്ക്ക് വർക്കൗട്ടിന്റെ ഗുണം കിട്ടുന്ന എയറോബിക് ആക്ടിവിറ്റിയാണ് സൈക്കിളിംങ്. ആരോഗ്യരംഗത്തെ വിദഗ്ധർ പരക്കെ അംഗീകരിച്ചിട്ടുള്ള ഒന്നുകൂടിയാണ് സൈക്കിളിംങ്. കലോറി കത്തിച്ചുകളയാനും കാലിന്റെ മസിലുകൾ ദൃഢപ്പെടുത്താനും കാർഡിയോവാസ്‌ക്കുലർ ഹെൽത്തിനും ഒരേപോലെ സൈക്കിളിംങ് പ്രയോജനപ്പെടുന്നുണ്ട്. ആരോഗ്യകാര്യങ്ങളിൽ ഗുണം ചെയ്യുന്നു എന്നതിന് പുറമെ ഇന്ധനങ്ങളുടെ പൊള്ളുന്ന വിലയ്ക്കുള്ള മറുപടികൂടിയാണ് ഇത്. പുകയോ മറ്റ് മാലിന്യങ്ങളോ പുറന്തള്ളാത്തതുകൊണ്ട് പരിസ്ഥിതിക്കും അനുയോജ്യമാണ് ഇത്.
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു
പ്രായപൂർത്തിയായ വ്യക്തികളെ സംബന്ധിച്ചിടത്തോളം സൈക്കിളിംങ് മാനസികാരോഗ്യം കൂടുതലായി സൃഷ്ടിക്കുന്നു. സ്‌െട്രസ് കുറയ്ക്കാനും ഉത്കണ്ഠകൾ ഇല്ലാതാക്കാനും വിഷാദത്തോട് പട പൊരുതാനും സൈക്കിളിങ് സഹായിക്കുന്നതായി അടുത്തകാലത്ത് നടത്തിയ ചിലപഠനങ്ങൾ പറയുന്നു. ഇതിലൂടെ ന്യൂറോകെമിക്കലുകൾ പുറന്തള്ളപ്പെടുന്നു. ഉറക്കത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നു.
പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു
എല്ലാദിവസവും വെറും മുപ്പത് മിനിറ്റ് സൈക്കിൾ ചവിട്ടാമോ? നിങ്ങളുടെ പ്രതിരോധ ശേഷി വർദ്ധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. രോഗങ്ങൾ കുറയ്ക്കാനും ഇൻഫെക്ഷൻ ഇല്ലാതാക്കാനും ഇതു സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കുന്നു
ശരീരത്തിലെ അമിതകൊഴുപ്പ് നീക്കംചെയ്യാനും ശരീരഭാരം കുറയ്ക്കാനും സൈക്കിൾ ചവിട്ടുന്നത് നല്ലതാണ്. ഇതിലൂടെ കൂടുതൽ കലോറി കത്തിച്ചുകളയുന്നു. ഇതിന് പുറമെ ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ഹാർട്ട് റേറ്റ് വർദ്ധിക്കുന്നു. സ്ഥിരമായി 20 മിനിറ്റ് സൈക്കിൾ ചവിട്ടിയാൽ ഹൃദയസംബന്ധമായ രോഗങ്ങൾ കുറയ്ക്കാനാവുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്.മസിലുകളുടെ ശക്തി വർദ്ധിപ്പിക്കാനും ഇതേറെ സഹായകരമാണ്.
എല്ലാവർക്കും ഉപയോഗിക്കാവുന്നത്
പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ആരോഗ്യമുള്ളവനെന്നോ ആരോഗ്യം കുറവുള്ളവനെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും അനുയോജ്യമാണ് സൈക്കിംളിങ്. അധികം പണച്ചെലവില്ലാതെ ഉപയോഗിക്കാനും സാധിക്കും.