സ്വാതന്ത്ര്യത്തിന്റെ വിലയറിഞ്ഞ മാസങ്ങളാണ് കടന്നുപോയിരിക്കുന്നത്. ഇതുപോലൊരു അസ്വാതന്ത്ര്യം ഇതിനു മുമ്പ് ഒരിക്കൽ പോലും നാം അറിഞ്ഞിട്ടുണ്ടായിരുന്നില്ല. കൂടിച്ചേരലുകളില്ലാതെ, പുറത്തേയ്ക്ക് ധൈര്യമായി ഇറങ്ങാൻ കഴിയാതെ, മാസ്‌ക്കുകളും സാനിറ്റൈസറുകളും സാമൂഹിക അകലങ്ങളുമായി നാം നമ്മോട് തന്നെ അകന്നുകഴിയുകയാണ്. മറ്റെയാളെ നാം സംശയദൃഷ്ടിയോടെയാണ് നോക്കുന്നതും. ഇങ്ങനെ എത്ര നാൾ? അറിയില്ല.
കൊറോണ നമ്മുടെ സ്വാതന്ത്ര്യം ഇല്ലാതാക്കി. കൊറോണ നമ്മുടെ സന്തോഷം അപഹരിച്ചു. കൊറോണ നമ്മുടെ സമാധാനം നഷ്ടമാക്കി. ലോകം ഒന്നടങ്കം ഇതുപോലെ നിഷ്‌ക്രിയമായ ഒരു ചരിത്രം മുമ്പുണ്ടായിട്ടില്ല. ലോകം മുഴുവന്റെയും മീതെ വലിയൊരു പൂട്ട് വീണിരിക്കുകയാണ്… നിശ്ചലരും നിഷ്‌ക്രിയരുമായ ഒരു ജനത. നിശ്ചലവും നിഷ്‌ക്രിയവുമായ ലോകം. എത്രയെത്ര സ്വപ്‌നങ്ങളോടെയായിരുന്നു നാം ഈ വർഷം ആരംഭിച്ചത്. എത്രയെത്ര പദ്ധതികളായിരുന്നു മനസ്സിലുണ്ടായിരുന്നത്. പക്ഷേ, ആയുസിൽ നിന്ന് വലിയൊരു ഭാഗം കൊറോണ കവർന്നെടുത്തിരിക്കുന്നു. ഇപ്പോഴിതാ പ്രത്യേകമായി ഒന്നും നേടാതെ ഒരു വർഷം കടന്നുപോകുന്നു. എന്താണ് നാം ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്?
ജീവിതം എന്നത് ഒറ്റ വരിയിൽ വൃത്തിയായി എഴുതാൻ കഴിയുന്ന അക്ഷരമൊന്നുമല്ല. അത് ചിലപ്പോഴെങ്കിലും വരയില്ലാതെയും എഴുതേണ്ടിവരും. അപ്പോഴും വൃത്തിയായി എഴുതുക. അപ്രതീക്ഷിതമായതു പലതും നമ്മുടെ ജീവിതത്തിലേക്ക് ഇനിയും കടന്നുവരാം. അപ്പോഴും അമ്പേ തകർന്നുപോകാതിരിക്കുക. വളരെ അസ്വസ്ഥകരവും ആശങ്കാഭരിതവുമായ ഈ കാലത്തിലേക്കാണ് ഇത്തവണത്തെ ക്രിസ്തുമസ് കടന്നുവരുന്നത്. ക്രിസ്തുമസിനെ ഏതെങ്കിലും ഒരു മതത്തിന്റെ ഭാഗമായി മാത്രം വിലയിരുത്താതെ അതിനെ സർവ്വമനുഷ്യരുടെയും സന്തോഷത്തിന്റെ സദ്വാർത്തയായി വേണം കാണേണ്ടത്. സമാധാനവും സന്തോഷവുമാണ് ക്രിസ്തുമസ് ആത്യന്തികമായി എല്ലാവർക്കും നല്കുന്നത്. ആ സന്തോഷത്തിനും സമാധാനത്തിനും എല്ലാ മനുഷ്യരും അവകാശപ്പെട്ടവരാണ്. ക്രിസ്തുമസ് നല്കുന്ന സമാധാനവും സന്തോഷവും നമ്മുടെ ഉള്ളിൽ നിറയട്ടെ.
ഉള്ളിലെ വിശ്വാസവും പ്രതീക്ഷയും ആത്മധൈര്യവും ചോർത്തിക്കളയാതിരിക്കുക. പ്രതീക്ഷയുള്ളവനേ ജീവിതത്തിൽ മുന്നേറാൻ കഴിയൂ.പ്രത്യാശയുള്ളവനേ ഈ ലോകത്തെ നേരിടാൻ കഴിയൂ. സമാധാനം ഉള്ളിലുള്ളവനേ ഈ ലോകത്തെ നോക്കി പുഞ്ചിരിക്കാൻ കഴിയൂ. നമ്മുടെ പുഞ്ചിരികൾ വാടാതിരിക്കട്ടെ. നമ്മുടെ സന്തോഷങ്ങൾ ആരും കെടുത്താതിരിക്കട്ടെ. ഒപ്പത്തിന്റെ പ്രിയ വായനക്കാർക്കെല്ലാം സ്നേഹം നിറഞ്ഞ ക്രിസ്തുമസ് മംഗളങ്ങൾ.
ആദരപൂർവ്വം
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്