സംഗതി സത്യമാണ്. പുതുവർഷമാണ്. പക്ഷേ നമ്മൾ പുതുതായിട്ടുണ്ടോ എന്നതാണ് ചോദ്യം. അതുതന്നെയാണ് വെല്ലുവിളിയും. പാമ്പ് ഉറയൂരി പുതുതാകുന്നുണ്ട്. കഴുകൻ തന്റെ തൂവലുകൾ പറിച്ചെടുത്ത് യൗവനം ആർജ്ജിക്കുന്നുണ്ട്. എന്തിനാണ് ഇതെല്ലാം? വീണ്ടും ഒന്നിൽ നിന്ന് ആരംഭിക്കാൻ.. വീണ്ടും പുതുതാകാൻ… തന്റെ തൂവലുകൾ കൊത്തിപ്പറിച്ചെടുക്കുമ്പോൾ കഴുകൻ കഠിനമായ വേദന സഹിക്കുന്നുണ്ട്. പക്ഷേ, പ്രത്യാശ നിറഞ്ഞ ഒരു കാലത്തെ കഴുകൻ സ്വപ്നം കാണുന്നു. ആ സ്വപ്നമാണ് വേദന സഹിക്കാൻ കഴുകനെ പ്രേരിപ്പിക്കുന്നത്.
പുതുതാകണോ, ചില വേദനകൾ നാം സഹിച്ചേ തീരൂ. വിജയിക്കണോ, ചില വെല്ലുവിളികൾ ഏറ്റെടുത്തേ മതിയാവൂ. ഗ്യാലറിയിലിരുന്ന് കളി കാണാൻ എളുപ്പമാണ്. പക്ഷേ ഗ്യാലറിയിലിരുന്ന് ആരവങ്ങളോടെ കളി കാണുന്ന ഒരാൾക്കും ട്രോഫികൾ കിട്ടാറില്ലെന്ന് മറന്നുപോകരുത്. കളിക്കുന്നവനാണ് ട്രോഫി. അവൻ ജയിച്ചല്ലോ, സമ്മാനം കിട്ടിയല്ലോ എന്ന് പറയാൻ എളുപ്പമാണ്. എന്നാൽ ആ വിജയത്തിലെത്താൻ അയാൾ സഹിച്ച വേദനകൾ നിസ്സാരമായിരിക്കില്ല. എത്രയോ പരിശീലനങ്ങളും ശ്രമങ്ങളും അദ്ധ്വാനവുംകൊണ്ടാണ് ആരും കൊതിക്കുന്ന വിജയത്തിലേക്ക് ഒരാൾ എത്തിച്ചേരുന്നത്.
വിജയത്തിലേക്കുള്ള വഴികൾ ഒരിക്കലും രാജകീയമല്ല. വിജയിച്ചുവരുമ്പോൾ മാത്രമേ രാജവീഥിയുണ്ടാകുന്നുള്ളൂ. ചില മനോഭാവങ്ങൾ, സ്വഭാവവൈകല്യങ്ങൾ, കാഴ്ചപ്പാടുകൾ ഇതിൽ നിന്നെല്ലാം പുറത്തുകടക്കാനുള്ള തീരുമാനവും ശ്രമവും പുതുവർഷത്തിൽ പുതുതാകാനുള്ള ചില വഴികളാണ്. ശീലം കൊണ്ട് അവയിൽ നിന്ന് പുറത്തുകടക്കുക അത്രമേൽ എളുപ്പമായിരിക്കില്ല. മറ്റ് ചില ഉദാഹരണങ്ങൾ കൂടി നോക്കുക. വെട്ടിക്കളഞ്ഞ ശിഖരങ്ങളിൽ പുതുനാമ്പുകൾ തല നീട്ടാറുണ്ട്. വറ്റിയ ജലാശയങ്ങളിൽ അനുകൂലസാഹചര്യങ്ങളിൽ ഉറവ കിനിയാറുണ്ട്.
യാത്രയ്ക്കിടയിൽ ചിലപ്പോൾ സഞ്ചരിച്ചിരുന്ന വണ്ടിബ്രേക്ക് ഡൗണായിട്ടുണ്ട്. തടസം നേരിട്ടാലും നാം യാത്ര തുടരാതിരിക്കുന്നില്ല. ജീവിതവും ഇങ്ങനെയൊക്കെ തന്നെയാണ്. നമുക്ക് മുന്നോട്ടുപോയേ തീരൂ. നമുക്ക് ജീവിച്ചേ മതിയാവൂ… നമുക്ക് ജയിക്കണം. ജയിക്കാനായി നല്ല മാർഗ്ഗങ്ങൾ സ്വീകരിക്കുക. ശ്രമിച്ചുകൊണ്ടേയിരിക്കുക.
സ്നേഹാദരങ്ങളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്