ഒത്തുപിടിച്ചാൽ പോരുന്ന മലകൾ

Date:

കേട്ടിട്ടുള്ള ചൊല്ലു തന്നെയാണ്, ഒത്തുപിടിച്ചാൽ മലയും പോരും എന്നത്. എന്താണ് അതിന്റെ അർത്ഥമെന്നും നമുക്കറിയാം. ഒരുമിച്ചു നിന്നാൽ ഏത് അസാധ്യകാര്യങ്ങളും  കൈപ്പിടിയിൽ ഒതുങ്ങും. ഈ ചൊല്ലിനെ അന്വർത്ഥമാക്കുന്ന ഒരു സംഭവത്തിനും കഴിഞ്ഞമാസം നാം സാക്ഷ്യം വഹിച്ചു. അസുഖബാധിതനായ ഒരു കുട്ടിക്ക് വേണ്ടി പതിനെട്ടു കോടി രൂപയാണ് ഒറ്റക്കെട്ടായി നിന്ന് മലയാളക്കര സമാഹരിച്ചത്. കോവിഡ് കാലമല്ലേ പണമില്ലല്ലോ തൊഴിൽ ഇല്ലല്ലോ എന്നൊന്നും ആരും കരുതിയില്ല. മറിച്ച് അതൊരു ആവശ്യമാണെന്ന് നാം തിരിച്ചറിഞ്ഞു. കൂട്ടായ്മയും ഐക്യവുമുണ്ടെങ്കിൽ എന്തും സാധ്യമാകുമെന്ന് ഒരിക്കൽക്കൂടി ലോകം മനസ്സിലാക്കി.

കുടുംബങ്ങളിലും സമൂഹത്തിലും സൗഹൃദബന്ധങ്ങളിലുമെല്ലാം ഏറ്റവും അത്യാവശ്യമായി ഉണ്ടായിരിക്കേണ്ട ഒരു ഗുണമാണ് കൂട്ടായ്മ. ഒരു പൊതുപ്രശ്നത്തെ  തന്റേതായി ഏറ്റെടുക്കാനും അതിന് പരിഹാരം കണ്ടെത്താനും കഴിയുന്നതാണ് കൂട്ടായ്മയുടെ  മഹത്വം. അവിടെ എല്ലാവരും ഒറ്റക്കെട്ടാണ്, അവിടെ ആരും അന്യരുമല്ല. ഒറ്റപ്പെട്ടു നില്ക്കുന്നതും എന്റേതല്ലാത്തതൊന്നും എനിക്ക് ബാധകമല്ല എന്ന ചിന്തയുമാണ്  കുടുംബങ്ങളെയും ബന്ധങ്ങളെയുമെല്ലാം തകർക്കുന്നത്.

കൂട്ടായ്മയിലൂടെ നേടിയെടുത്ത ഒരു വിജയത്തിന്റെ, അഭിമാനപൂർവ്വമായ ഓർമ്മ പുതുക്കലിന്റെ മാസം കൂടിയാണ് ഇത്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ വാർഷികം. മനുഷ്യരെല്ലാവരും ഒന്നുപോലെയാണെന്ന കാലത്തെ അനുസ്മരിപ്പിക്കുന്ന, ലോകത്തിൽ വച്ചേറ്റവും മനോഹരമായ ഒരു പുരാവൃത്തത്തെയും നാം ഈ മാസത്തിൽ തന്നെയാണ് ഓർമ്മിക്കുന്നത്, ഓണം. നമ്മുടെ കാലത്തിനും ലോകത്തിനും ഇത്രത്തോളം ശുഭസൂചകമായ ഒരു മാതൃകയും വേറൊന്നില്ല.

ഈ രണ്ട് ആഘോഷങ്ങളെപ്പോലെതന്നെ മാറ്റുകൂട്ടുന്ന ഒരു സുദിനവും ഓഗസ്റ്റിലുണ്ട്, സൗഹൃദദിനം. നാം എല്ലാവരും അടിസ്ഥാനപരമായി സുഹൃത്തുക്കൾ തന്നെയാണ്. ചിലപ്പോൾ ഒരിക്കൽ പോലും കണ്ടുമുട്ടാനിടയില്ലെങ്കിൽ പോലും. മനസ്സുകൾ തമ്മിലുളള പാരസ്പര്യത്തിലാണല്ലോ നാം ഇവിടെ ഇങ്ങനെ കണ്ടുമുട്ടുന്നതും.

 മേൽപ്പറഞ്ഞ സവിശേഷദിനങ്ങളുടെയെല്ലാം അന്തസ്സത്ത ഉൾക്കൊള്ളാൻ നമുക്കെല്ലാവർക്കും കഴിഞ്ഞിരുന്നുവെങ്കിൽ ഈ ലോകം ഇനിയും എത്രയോ സുന്ദരമായി മാറുമായിരുന്നു. അത്തരമൊരു സ്വപ്നം നമുക്ക് ഉള്ളിൽ സൂക്ഷിക്കാനെങ്കിലും കഴിയണം. സ്വപ്നങ്ങളെല്ലാം സഫലമാകാനും അവയുടെ സാക്ഷാത്ക്കാരത്തിന് വേണ്ടി അദ്ധ്വാനിക്കാനുള്ളതുമാണല്ലോ.
ഒപ്പത്തിന്റെ പ്രിയവായനക്കാർക്കെല്ലാം സ്വാതന്ത്ര്യദിനത്തിന്റെയും ഓണത്തിന്റെയും സൗഹൃദദിനത്തിന്റെയും മംഗളങ്ങൾ.

ആദരപൂർവ്വം
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു. 'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...

ഭാവി

ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്.  വരാനിരിക്കുന്നവയല്ല നമ്മൾ...

സമാധാനം

കണക്കറ്റ സ്വത്തിന് ഉടമയായ ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു...

ടാ..റ്റാ 

ഒരു ഇതിഹാസമാണ് കഴിഞ്ഞമാസം വിടവാങ്ങിയത്. രത്തൻ ടാറ്റ.  അരങ്ങൊഴിഞ്ഞപ്പോഴാണ് എന്തുമാത്രം വലിയവനായിരുന്നു...

പച്ചമുറിവുകൾ

അടുത്ത പേജുകളിലായി ചേർത്തിരിക്കുന്ന ഒരു ലേഖനത്തിൽ ഹൃദയത്തെ തൊടുന്ന ഒരു സംഭവവും...

നഷ്ടം

നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള എന്തെങ്കിലുമുണ്ടോ ഈ ലോകത്ത്? പേരു നഷ്ടപ്പെടാം, പണം നഷ്ടപ്പെടാം,...

ദുഃഖത്തിന്റെ കാരണം

ഒരു കഥ ചുരുക്കിപ്പറയാം തന്റെ നിറം കറുത്തുപോയതോർത്തും സ്വരം പരുഷമായതോർത്തും വിഷമിച്ചുനടക്കുകയായിരുന്നു...
error: Content is protected !!